സായി പരിശീലന കേന്ദ്രങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു

Wednesday 8 July 2015 11:42 pm IST

ന്യൂദല്‍ഹി: സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ പരിശീലന കേന്ദ്രങ്ങളിലെ താരങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നത് സംബന്ധിച്ചും അവയുടെ നിലവിലുള്ള സ്ഥിതിയെക്കുറിച്ചും പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനും കേന്ദ്ര കായിക മന്ത്രാലയം വിദഗ്ധ സമിതിയെ നിയോഗിച്ചു. മെയ് മാസം ആലപ്പുഴയിലെ സായി വാട്ടര്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയ തരത്തിലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുന്‍ അത്‌ലറ്റ് അശ്വിനി നാച്ചപ്പ ചെയര്‍പേഴ്‌സണായ എട്ടംഗ സമിതിയില്‍ ബാഡ്മിന്റണ്‍ താരം പുല്ലേല ഗോപീചന്ദ്, യുജിസി സെക്രട്ടറി ഡോ. ജസ്പാല്‍ സന്ധു, നീന്തല്‍ വിദഗ്ധന്‍ മാലവ് ഷ്രോഫ്, മുന്‍ അത്‌ലറ്റും കോച്ചുമായ ഭോഗേശ്വര്‍ ബറുവ, പത്രപ്രവര്‍ത്തകനായ കെ.പി. മോഹന്‍, ഹോക്കി വിദഗ്ധന്‍ ബല്‍ദേവ് സിംഗ്, ദേശീയ ബാലാവകാശ കമ്മീഷന്‍ മുന്‍ അംഗം നീനാ പി. നായക് എന്നിവര്‍ അംഗങ്ങളാണ്. സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വടക്ക്, കിഴക്ക്, തെക്ക്, പടിഞ്ഞാറ് മേഖലകളിലെ കുറഞ്ഞത് ഒന്നോ രണ്ടോ കേന്ദ്രങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ച് സമിതി ശുപാര്‍ശകള്‍ സമര്‍പ്പിക്കണം. പരിശീലന കേന്ദ്രങ്ങളിലെ അത്‌ലറ്റുകളുടെ മാനസിക പിരിമുറുക്കത്തിന്റെ തോത്, ഭക്ഷണത്തിന്റെ ഗുണനിലവാരം, പോഷകഗുണം, വൃത്തി, വിനോദോപാധികള്‍, പരാതി പരിഹാര സംവിധാനം, ലൈംഗിക പീഡനത്തിനെതിരെയുള്ള നടപടികള്‍, മൊത്തത്തിലുള്ള സുരക്ഷാ സംവിധാനങ്ങള്‍, അത്‌ലറ്റുകളുടെ ക്ഷേമവും സമഗ്ര വികസനവും ഉറപ്പ് വരുത്തുന്നതിനുള്ള നിരീക്ഷണ സംവിധാനം എന്നിവ സമിതി പരിശോധിക്കണം. കൂടാതെ സായ് കേന്ദ്രങ്ങള്‍ക്ക് ഉചിതമെന്ന് തോന്നുന്ന മറ്റു ശുപാര്‍ശകളും സമര്‍പ്പിക്കണം. മൂന്ന് മാസത്തിനുള്ളില്‍ കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വിദഗ്ധ സമിതിയോട് നിര്‍ദേശിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.