വയനാട്ടിലെ കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക് താങ്ങുവില

Wednesday 16 November 2011 4:40 pm IST

തിരുവനന്തപുരം: വയനാട്‌ കാര്‍ഷിക പ്രതിസന്ധി സംബന്ധിച്ച്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ മന്ത്രിസഭ അംഗീരിച്ചു. വയനാട്ടില്‍ ഉല്‍പന്നങ്ങള്‍ക്ക്‌ താങ്ങുവില നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇഞ്ചി, കുരുമുളക്‌ ഉല്‍പന്നങ്ങള്‍ക്കാണ്‌ താങ്ങുവില നല്‍കുകയെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കൃഷിമന്ത്രി കെ.പി.മോഹനന്‍ അദ്ധ്യക്ഷനായും അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ കണ്‍വീനറുമായി പ്രത്യേക സമിതിയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ‌വയനാട്ടില്‍ നിന്നുള്ള പട്ടികാജതി ക്ഷേമ മന്ത്രി പി.കെ.ജയലക്ഷ്മിയും രണ്ട്‌ എം.എല്‍.എമാരുമാണ്‌ സമിതിയിലെ മറ്റംഗങ്ങള്‍. രണ്ടു മാസത്തിലൊരിക്കല്‍ സമിതി യോഗം ചേരുമെന്നും മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന്‌ ശേഷം അറിയിച്ചു. വയനാട്ടിലെ കര്‍ഷക ആത്മഹത്യകളെ കുറിച്ച്‌ പഠിക്കാന്‍ സ്ഥലം സന്ദര്‍ശിച്ച കെ.ജയകുമാര്‍ 12 നിര്‍ദ്ദേശങ്ങള്‍ അടങ്ങുന്ന റിപ്പോര്‍ട്ടാണ് മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചത്. ഹൗസിംഗ്‌ ബോര്‍ഡ്‌, പിന്നാക്ക വികസന ക്ഷേമ കോര്‍പ്പറേഷന്‍, വി.എഫ്‌.പി.സി.കെ തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കിയ കടങ്ങള്‍ക്ക്‌ ഒരു വര്‍ഷത്തേക്ക്‌ മോറട്ടോറിയം നല്‍കും. കാര്‍ഷിക വായ്‌പകളുടെ പലിശ കൃത്യമായി തിരിച്ചടവര്‍ക്ക്‌ പലിശയുടെ 10 ശതമാനം കമ്മീഷനായും നല്‍കാന്‍ ജയകുമാര്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌. സഹകരണ സംഘങ്ങള്‍, ബാങ്കുകള്‍ എന്നിവ വഴി നല്‍കിയ കടങ്ങളില്‍ തീരുമാനം എടുക്കാന്‍ പ്രത്യേക യോഗ വിളിക്കും. ധനകാര്യ മന്ത്രി, കൃഷിമന്ത്രി എന്നിവരും യോഗത്തില്‍ പങ്കെടുക്കും. ഇതിന്റെ തീയതി ഉടന്‍ തീരുമാനിക്കും. ഈ യോഗത്തിലേക്ക്‌ നബാര്‍ഡിനെയും ക്ഷണിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. നബാര്‍ഡിന്റെ പങ്കാളിത്തം കൂടി ഉണ്ടാവണമെന്ന ജയകുമാറിന്റെ ശുപാര്‍ശയെ തുടര്‍ന്നാണിതെന്നും അദ്ദേഹം അറിയിച്ചു. വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്കുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. എറണാകുളത്ത്‌ ഇല്‍ക്ട്രോണിക്‌ ഹാര്‍ഡ്‌വെയര്‍ പാര്‍ക്കിന്‌ 134 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.