റബര്‍ കര്‍ഷകരെ രക്ഷിക്കണം

Thursday 9 July 2015 9:48 pm IST

കേരളത്തില്‍ ആത്മഹത്യചെയ്യുന്ന കര്‍ഷകരിലേറെയും റബ്ബര്‍കര്‍ഷകരാണ്.ഏറ്റവും ഞെട്ടിച്ച ആത്മഹത്യ ഒരു റബ്ബര്‍കര്‍ഷകന്‍ കണ്ണൂരില്‍നിന്ന് ധനമന്ത്രി കെ.എം. മാണിയുടെ നിയോജകമണ്ഡലത്തിലെത്തി റബ്ബര്‍മരത്തില്‍ തൂങ്ങിമരിച്ചതാണ്. കാര്‍ഷിക വിലയിടിവ് ആദ്യം നെല്‍കര്‍ഷകരെയും പിന്നെ നാളികേര കര്‍ഷകരെയുമാണ് ബാധിക്കുന്നത്. നാളികേരകര്‍ഷകര്‍ മണ്ഡരി ബാധിച്ച തെങ്ങിനെപ്പോലെയായത് നിസ്സംഗ കേരളം കണ്ടതാണ്. ഇപ്പോള്‍ റബ്ബറിന്റെ വിലത്തകര്‍ച്ച വാരാദ്യത്തില്‍ ആര്‍എസ്എസ് നാലിന് ക്വിന്റലിന് 500 രൂപയായി കുത്തനെ ഇടിയുകയുണ്ടായി. ആഗോളവിപണിയില്‍ത്തന്നെ റബ്ബറിന് വില ഇടിഞ്ഞു. റബ്ബര്‍ പ്രധാനകൃഷിയായ കോട്ടയത്തും നിലമ്പൂരും ഇരിട്ടിയിലും പ്രതിസന്ധി കൂടിയപ്പോള്‍ അത് കേരള സമ്പദ്‌വ്യവസ്ഥയെ ആകെ ബാധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ഏതാണ്ട് 11 ലക്ഷത്തോളം റബ്ബര്‍കര്‍ഷക കുടുംബങ്ങളുണ്ട്. മഴക്കാലം മുന്നില്‍ക്കണ്ട് കര്‍ഷകരും വ്യാപാരികളും ഒന്നരലക്ഷം ടണ്ണോളം സ്‌റ്റോക്കുചെയ്തിട്ടുണ്ടത്രെ. പക്ഷെ കാലവര്‍ഷമെത്തിയിട്ടും റബ്ബര്‍വില ഉയര്‍ന്നില്ല. സൈക്കിള്‍ ടയര്‍, ഓട്ടോ ടയര്‍ ട്യൂബുകള്‍ക്കുള്ള അവധിക്കച്ചവടക്കാരാണത്രേ സംഹാരമൂര്‍ത്തികളായത്.രാജ്യാന്തര കരാറുകളനുസരിച്ച് റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ അവസരമൊരുക്കിയതും റബ്ബര്‍ കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്ക് തിരിച്ചടിയായെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രകൃതിദത്ത റബ്ബറിന്റെ ലഭ്യതകൂടിയതും ഉപഭോഗം കുറഞ്ഞതും വിലത്തകര്‍ച്ചക്ക് കാരണമായി.സാമ്പത്തികമാന്ദ്യത്തെത്തുടര്‍ന്ന് റബ്ബര്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം കുറഞ്ഞതും വിലത്തകര്‍ച്ചക്ക് ഒരു കാരണമാണെന്ന് പറയപ്പെടുന്നു.കേരളത്തിലെ റബ്ബര്‍കര്‍ഷകരെ സംരക്ഷിക്കാന്‍ ചെയ്യേണ്ടതൊന്നും സംസ്ഥാനസര്‍ക്കാരുകള്‍ ചെയ്യാറില്ല. എല്ലാ ഉത്തരവാദിത്തവും കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാനാണ് ചിലര്‍ക്ക് താല്‍പര്യം.യുപിഎ സര്‍ക്കാരിന്റെ കാലത്ത് റബ്ബറിനെച്ചൊല്ലി ഉയര്‍ന്നുകേള്‍ക്കാത്ത മുറവിളികളാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്നും കാണാതിരുന്നുകൂടാ. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ ഇടപെടല്‍ ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. റബ്ബര്‍ ഒരു രാജ്യാന്തര ഉല്‍പ്പന്നമാണ്. രാജ്യാന്തര തലത്തില്‍ ഡിമാന്റ് വര്‍ധിച്ചാല്‍ മാത്രമേ റബ്ബര്‍വില ഉയരുകയുള്ളൂ. റബ്ബര്‍ കിലോഗ്രാമിന് 150 രൂപ ലഭിച്ചാല്‍ മാത്രമേ ചെറുകിട കര്‍ഷകര്‍ക്ക് ഗുണപ്രദമാകുകയുള്ളൂ. വന്‍കിട കര്‍ഷകരാകട്ടെ 180-200 രൂപ കിട്ടണമെന്നാണ് പറയുന്നത്. ഉല്‍പ്പാദനച്ചെലവിലുണ്ടായ കയറ്റമാണ് ചെറുകിട കര്‍ഷകരെ ബാധിച്ചത്. േകരള കര്‍ഷകര്‍ മാറിമാറി വരുന്ന വിളകളെ പരീക്ഷിക്കുന്ന മനഃസ്ഥിതിയുള്ളവരാണ്.പരമ്പരാഗതമായി നെല്ലും തെങ്ങും മാത്രം കൃഷിചെയ്തിരുന്നവര്‍ മറ്റെന്തെല്ലാം പുതിയ വിളകള്‍ പരീക്ഷിച്ച് പരാജയമടഞ്ഞു! റബ്ബറിനോടുള്ള പ്രതിപത്തിയും അങ്ങനെ തുടങ്ങിയതാണ്. ഇപ്പോള്‍ ടാപ്പിംഗ് വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭിക്കാതായി. ടാപ്പിംഗ് തൊഴിലാളികളുടെ അഭാവം റബ്ബറിന്റെ ഭാവിയെതന്നെ ബാധിച്ചേക്കാമെന്നും കര്‍ഷകര്‍ ഭയപ്പെടുന്നു. ലോകം ചലിക്കുന്നത് റബ്ബറിന്റെ സഹായത്താലാണെന്നും റബ്ബര്‍ കര്‍ഷകരുടെ ഭാവി ശോഭനമാണെന്നും ഗുഡ്ഇയര്‍ ടയര്‍ ആന്റ് റബ്ബര്‍ കമ്പനി ചെയര്‍മാന്‍ സിങ്കപ്പൂരില്‍ നടന്ന ലോക റബ്ബര്‍ സമ്മറ്റില്‍ പ്രവചിക്കുകയുണ്ടായി. കാര്‍ ഉപയോഗം വര്‍ധിക്കുകയും കാര്‍ ഉള്ളവരുടെ എണ്ണം ഉയരുകയും ചെയ്ത പശ്ചാത്തലത്തിലാണ് റബ്ബറിന് ഇത്തരമൊരു ശോഭനഭാവി പ്രവചിച്ചത്.പ്രകൃതിദത്ത റബ്ബര്‍ പരിസ്ഥിതിസൗഹൃദ ഉല്‍പ്പന്നമായതിനാല്‍ അത് ലോകം കൂടുതല്‍ ഉപയോഗിക്കുമെന്ന പ്രതീക്ഷയും കര്‍ഷകര്‍ പുലര്‍ത്തി.പ്രകൃതിദത്ത റബ്ബറിന്റെ ഉപയോഗം വര്‍ധിച്ചുവെന്നത് വാസ്തവമാണ്.പ്രകൃതിദത്ത റബ്ബര്‍ ഉപയോഗിച്ചാണ് റേഡിയല്‍ ടയറുകളും ഗ്ലൗസുകളും നിര്‍മിക്കുന്നത്. പല രാജ്യങ്ങളിലും ഭൂകമ്പത്തില്‍നിന്ന് കെട്ടിടങ്ങളെ രക്ഷിക്കാന്‍ റബ്ബര്‍ ഉപയോഗിച്ചുള്ള ബെയറിംഗുകള്‍ ഉപയോഗിച്ചുതുടങ്ങിയിട്ടുണ്ട്. കാലവര്‍ഷം കര്‍ക്കടകമാസത്തില്‍ ശക്തമാകുമ്പോള്‍ റബ്ബറിന്റെ  വില കൂടുമെന്ന പ്രത്യാശയും ഇപ്പോള്‍ അസ്തമിച്ചിരിക്കുകയാണ്. ഇതിനുതെളിവാണ് മൂന്ന് ദിവസത്തിനുള്ളില്‍ അഞ്ചുരൂപയുടെ വിലയിടിവ് ഉണ്ടായത്. പക്ഷെ റബ്ബര്‍ സ്‌റ്റോക്ക് ചെയ്തത്  വീണ്ടും വിലകുറയ്ക്കാന്‍ ഇടയാക്കുമെന്ന് അവധിക്കച്ചവടക്കാര്‍ അവകാശപ്പെടുന്നു.രാജ്യാന്തര വിപണിയില്‍ വില ഇടിഞ്ഞിട്ടും റബ്ബര്‍ ഇറക്കുമതിയുടെ തോത് ഉയര്‍ന്നേക്കാമെന്നും അവര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ അവധിക്കച്ചവടക്കാരെയാണ് കര്‍ഷകര്‍ കുറ്റവാളികളായി കാണുന്നത്.പ്രകൃതിദത്ത റബ്ബര്‍ ഉല്‍പ്പാദനത്തില്‍ 85 ശതമാനം കേരളത്തിന്റെ വിഹിതമാണ്.ത്രിപുര, ആസാം,കര്‍ണാടക,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്നുല്‍പാദിപ്പിക്കുന്നത് 15 ശതമാനത്തില്‍ താഴെയാണ്. ചൈന ഇറക്കുമതി കുറച്ചതും കേരളത്തില്‍ റബ്ബറിന്റെ വിലത്തകര്‍ച്ചക്ക് ഒരു കാരണമാണ്.ഇങ്ങനെയൊക്കെയാണെങ്കിലും റബ്ബര്‍കൃഷിയിലൂടെ മാത്രമാണ് കേരളം രക്ഷപ്പെടാന്‍ പോകുന്നതെന്ന ധാരണ തിരുത്തേണ്ടതുതന്നെയാണ്.പാടങ്ങള്‍ അനധികൃതമായി നികത്തുന്നതിലും നെല്‍കൃഷി തന്നെ ഇല്ലാതാകുന്നതിലും നിസ്സംഗത പാലിക്കുന്നവരാണ് റബ്ബറിനുവേണ്ടി മുറവിളികൂട്ടുന്നത്. മൂന്നരക്കോടിയോളം വരുന്ന ജനങ്ങള്‍ നിത്യവും അരിയാഹാരം കഴിക്കുന്നതുപോലും മറ്റുസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന അരി ഉപയോഗിച്ചാണെന്ന കാര്യം മലയാളി സൗകര്യപൂര്‍വം മറക്കുകയാണ്.റബ്ബര്‍ വില വര്‍ധിക്കാന്‍ 2020 വരെ കാത്തിരിക്കണമെന്നാണ് ബിസിനസ് ലോബി പറയുന്നത്. ഈ വിഷയത്തില്‍ കേരളത്തിലെ ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍  ഇടപെടണം.അങ്ങനെ റബ്ബര്‍ കര്‍ഷക ആത്മഹത്യകള്‍ ഒഴിവാക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.