ചെന്നൈ: 55-ാമത് ദേശീയ അന്തര്‍ സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റിന് ഇന്ന് തുടക്കം. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കുന്ന ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് പോരാട്ടങ്ങള്‍ 13ന് സമാപിക്കും. ഇന്ത്യന്‍ താരങ്ങള്‍ക്ക് ആഗസ്റ്റില്‍ ചൈനയില്‍ നടക്കുന്ന ലോക അത്ലറ്റിക് മീറ്റിലേക്ക് യോഗ്യത നേടാനുള്ള അവസാന അവസരമാണിത്. മീറ്റില്‍ പങ്കെടുക്കാനെത്തിയ കേരള താരങ്ങള്‍ ഇന്നലെ വൈകിട്ട് നെഹ്റു സ്റ്റേഡിയത്തില്‍ പരിശീലനം നടത്തി. മത്സരം രാവിലെ 6ന് ആരംഭിക്കുമെങ്കിലും വൈകിട്ട് നാലിനാണ് മീറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം.
ആദ്യദിനം ആറ് ഫൈനലുകള്‍. ഇന്ന് രാവിലെ 6ന് വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തോടെയാണ് അത്ലറ്റിക് മീറ്റിന് തുടക്കം. കേരളത്തിന് വേണ്ടി പി.യു. ചിത്ര ഈയിനത്തില്‍ മെഡലിനായി ഇറങ്ങും. 6.30ന് പുരുഷന്മാരുടെ 5000 മീറ്റര്‍. ഇതില്‍ ടി. ഗോപിയാണ് കേരളത്തിനായി ഇറങ്ങുക. കൂടാതെ പുരുഷന്മാരുടെ പോള്‍വോള്‍ട്ട്, വനിതകളുടെ ഷോട്ട്പുട്ട്, ലോങ്ജമ്പ്, ഹാമര്‍ ത്രോ എന്നീ ഫൈനലുകളും ആദ്യദിവസം നടക്കും. വനിതകളുടെ ലോങ്ജമ്പില്‍ കേരളത്തിന്റെ സ്വര്ണ്ണപ്രതീക്ഷകള്ക്ക് നിറംപകരാന്‍ വി. നീന, എം.എ. പ്രജുഷ, മയൂഖ ജോണി എന്നിവര്‍ ഇറങ്ങും. പുരുഷ-വനിതാ 200, 800 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ് ഹീറ്റ്സും ഇന്ന് അരങ്ങേറും.
71 അംഗ ടീമുമായാണ് നിലവിലെ ചാമ്പ്യന്മാര കേരളം കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനായി ചെന്നൈയിലെത്തിയത്. കഴിഞ്ഞ വര്‍ഷം 8 സ്വര്‍ണവും 7 വെള്ളിയും 4 വെങ്കലവുമായി ഓവറോള്‍ ചാമ്പ്യന്മാരായിരുന്നു കേരളം. നേരത്തെ 72 അംഗ ടീമിനെയാണ് കേരളം പ്രഖ്യാപിച്ചിരുന്നത്.
എന്നാല്‍ നടത്തത്തിലെ താരം കെ.ടി. ഇര്ഫാന് പിന്മാറിയതിനെ തുടര്‍ന്നാണ് അംഗസംഖ്യ 71 ആയി കുറഞ്ഞത്. 43 വനിതകളും 28 പുരുഷന്മാരുമടങ്ങുന്നതാണ് കേരള സംഘം.
ഏഷ്യന്‍ അത്ലറ്റിക് മീറ്റിലെ സ്വര്‍ണ്ണമെഡല്‍ ജേത്രി ടിന്റു ലൂക്കയാണ് കേരള സംഘത്തിലെ സൂപ്പര്‍താരം.400, 800 മീറ്ററുകള്‍ക്ക് പുറമെ 4-400 മീറ്റര്‍ റിലേയിലും ടിന്റു മത്സരിക്കാനിറങ്ങും.
— ജിന്സണ് ജോണ്സണ് (800, 1500), രഞ്ജിത് മഹേശ്വരി (ട്രിപ്പിള്‍ ജമ്പ്), ബിബിന്‍ മാത്യു, കുഞ്ഞുമുഹമ്മദ്, നോഹ് നിര്‍മ്മല്‍ ടോം (400, 4-400 റിലേ), ജിതിന് പോള്‍, അനീസ് റഹ്മാന് (400 ഹര്‍ഡില്‍സ്, 4-400 റിലേ), ഷിജോ രാജന് (3000 മീ.സ്റ്റീപ്പിള്‍ ചേസ്), ശ്രീനിത്ത് മോഹന്‍ (ഹൈജമ്പ്), റെനീഷ്. വി.വി. (ഡെക്കാത്ത്ലണ്‍), സിനി അലക്സ് (100 മീറ്റര്‍, 4-100 റിലേ), ലിക്സി ജോസഫ്, നിക്സി ജോസഫ് (ഹെപ്റ്റാത്ത്ലണ്‍), മയൂഖ ജോണി, നീന. വി, (ലോങ് ജമ്പ്), പ്രജുഷ. എം.എ. (ലോങ്ജമ്പ്, ട്രിപ്പിള്‍ ജമ്പ്), ജിസ്ന മാത്യു (400, 4-400 റിലേ), അനു രാഘവന് (400 മീറ്റര്‍ ഓട്ടം, 400 മീറ്റര്‍ ഹര്‍ഡില്‍സ്), ചിത്ര. പി.യു. (1500, 5000), ഡൈബി സെബാസ്റ്റിയന് (100 മീ.ഹര്‍ഡില്‍സ്, 4-100 റിലേ), സയന പി.ഒ. (400 മീ.ഹര്‍ഡില്‍സ്), ഷീന.എന്‍.വി. (ട്രിപ്പിള്‍ ജമ്പ്), സ്റ്റെനി മൈക്കിള്‍ (ഹൈ ജമ്പ്), കൃഷ്ണരചന് (പോള്‍വോള്‍ട്ട്) തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: