കതിരൂര്‍ മനോജ് വധം: ഗൂഢാലോചന നടന്നത് ജയരാജന്റെ തറവാട്ട് ക്ഷേത്രത്തില്‍

Thursday 9 July 2015 10:49 pm IST

പാനൂര്‍: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊന്ന കേസില്‍ ആദ്യഗൂഢാലോചന നടന്നത്  സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ തറവാട് ക്ഷേത്രമായ കിഴക്കെ കതിരൂരിലെ പാറേക്കാവില്‍ വെച്ചാണെന്ന് അന്വേഷണസംഘത്തിന് സൂചന ലഭിച്ചു. കേസില്‍ ഇന്നലെ അറസ്റ്റിലായവരെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. സിപിഎം പ്രാദേശിക നേതാക്കളടക്കം നാലുപേരെയാണ്  സിബിഐ സംഘം ഇന്നലെ അറസ്റ്റു ചെയ്തത്. ഡയമണ്ട്മുക്ക് ബ്രാഞ്ച് സെക്രട്ടറി സുനില്‍കുമാര്‍ എന്ന സുനൂട്ടി(34), ഉക്കാസ്‌മെട്ട ബ്രാഞ്ചംഗം മഹേഷ്(36), കതിരൂരിലെ സജിലേഷ്(30), റിജേഷ് എന്ന പൂഴി റിജു(31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അതിനിടെ സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ. മധുസൂദനനെ കേസില്‍ സിബിഐ പ്രതിചേര്‍ത്തിട്ടുണ്ട്. പലകുറി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരുന്നയാളാണ് ഇയാള്‍. പ്രതികളെ തലശേരി സെഷന്‍സ് കോടതി റിമാന്‍ഡ് ചെയ്തു. 19 പേരെ പ്രതി ചേര്‍ത്ത് കേസിലെ ആദ്യ കുറ്റപത്രം മാര്‍ച്ച് 7ന് തലശേരി സെഷന്‍സ് കോടതിയില്‍ സിബിഐ നല്‍കിയതിനു ശേഷമുളള ആദ്യത്തെ അറസ്റ്റാണിത്. ഗൂഢാലോചനയിലും പ്രതികളെ സംരക്ഷിക്കാനും ഇവര്‍ ഉള്‍പ്പെട്ടതായി അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായ പൂഴി റിജു ഒഴികെയുളളവര്‍ ജയരാജന്റെ തറവാട് ക്ഷേത്രത്തില്‍ നടന്ന ആദ്യഗൂഢാലോചനയില്‍ പങ്കെടുത്തിരുന്നു. ഒന്നാംപ്രതി വിക്രമന്റെ നിര്‍ദ്ദേശാനുസരണമാണ് കൊലപാതകം നടത്താന്‍ തീരുമാനിച്ചത്. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അനുവാദം നല്‍കിയിട്ടുണ്ടെന്നും രഹസ്യമായി കൃത്യം നടത്താനാണ് മുകളില്‍ നിന്നുമുളള നിര്‍ദ്ദേശമെന്നും വിക്രമന്‍ പറഞ്ഞതായി അറസ്റ്റിലായവര്‍ മൊഴി നല്‍കി. ഇതിനായി സിംകാര്‍ഡ് സംഘടിപ്പിച്ചതും ഇതേ സംഘമാണ്. പൂഴി റിജേഷിന്റെ ഇന്നോവ കാര്‍ കൊലപാതകത്തിനു ശേഷം പ്രതിയെ കണ്ണൂരിലെത്തിക്കാന്‍ ഉപയോഗിച്ചു. മഹേഷിന്റെ നിര്‍ദ്ദേശാനുസരണമാണ് പരിക്കേറ്റ വിക്രമനെ കൊണ്ടുപോയതെന്ന് ഇയാള്‍ മൊഴി നല്‍കി. വിക്രമന്റെ ബന്ധു കൂടിയാണ് അറസ്റ്റിലായ മഹേഷ്. ഇതോടെ 23 പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടു. ഇതില്‍ നാല് പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിക്രമനടക്കമുളള 16 അംഗ സംഘമാണ് കൊല നടത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.