ഹോട്ടലുകളില്‍ റെയ്ഡ്: പഴകിയ ഭക്ഷണങ്ങള്‍ പിടികൂടി

Friday 10 July 2015 10:31 am IST

പറവൂര്‍: നഗരസഭ പ്രദേശത്തെ ഹോട്ടലുകളില്‍ മനുഷ്യ ഉപയോഗമല്ലാത്ത ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് അറിവ് കിട്ടിയതിനെ തുടര്‍ന്ന് നഗരസഭ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ടി.അലക്‌സാണ്ടറാണ് ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തി പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തത്. ഡോണ്‍ബോസ്‌കോ ആശുപത്രിക്ക് മുന്‍വശമുള്ള ഹോട്ടല്‍ സ്വാഗത്, കെ.എം.എം.ജംഗ്ഷന് തെക്ക് വശത്തുള്ള ഹോട്ടല്‍ ഒലിവ്, പെരുവാരത്തുള്ള രുചിഫാമിലി റെസ്റ്റോറന്റ്, ചേന്ദമംഗലം കവലയിലുള്ള മങ്കട ഹോട്ടല്‍, പെരുമ്പടന്നയിലുള്ള ഹോട്ടല്‍ ഒലിവണ്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ചപ്പാത്തി, പൊറോട്ട, കക്കഫ്രൈ, ചെമ്മീന്‍ ഫ്രൈ, ചിക്കന്‍ ഫ്രൈ, നൂഡില്‍സ്, ഫ്രൈഡ് റൈസ്, ചില്ലിഗോബി, ബീഫ്, ചോറ് എന്നിവയാണ് പിടിച്ചെടുത്തത്. ഉപയോഗ ശൂന്യമായ ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന ഐസ്‌ക്രീം, തൈര് എന്നിവയും പിടിച്ചെടുത്തു. നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ക്യാരിബാഗുകളും പിടിച്ചെടുത്തവയില്‍പ്പെടും. ഈ സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി മറുപടി തൃപ്തികരമല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ഒരാഴ്ച മുമ്പ് അലക്‌സാണ്ടറുടെ നേതൃത്വത്തില്‍ ഹോട്ടലുകള്‍ റെയ്ഡ് ചെയ്ത് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തിരുന്നു. ഇവരില്‍ നിന്ന് 5000 രൂപ, പിഴ ഈടാക്കി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും പരിശോധന നടന്നത്. ആരോഗ്യവകുപ്പ് ജീവനക്കാരായ എം.എക്‌സ്.വില്‍സണ്‍, എ.എം.അനൂപ് കുമാന്‍ ജിന്‍സിലാസര്‍, ജെന്നി ജോസ് എന്നിവരും റെയ്ഡില്‍ പങ്കെടുത്തു. ഹോട്ടലുകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും തുടര്‍ച്ചയായ പരിശോധനകള്‍ ഉണ്ടാകുമെന്നും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ടി.അലക്‌സാണ്ടര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.