മോദി പാക്കിസ്ഥാനിലേക്ക്

Friday 10 July 2015 11:29 pm IST

ഉഫ(റഷ്യ): ഭാരത-പാക് സമാധാന ചര്‍ച്ചകളില്‍ അപ്രതീക്ഷിത പുതുവെളിച്ചം നല്‍കി നരേന്ദ്രമോദി-നവാസ് ഷെരീഫ് കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി അടുത്തവര്‍ഷം നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി പാക്കിസ്ഥാനിലേക്ക് പോകും. നവാസ് ഷെരീഫിന്റെ ക്ഷണം മോദി സ്വീകരിച്ചെന്ന് ഇരുരാജ്യങ്ങളിലെയും വിദേശകാര്യസെക്രട്ടറിമാര്‍ നടത്തിയ പ്രസ്താവനയില്‍ അറിയിച്ചു. ഉഫയിലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിക്കിടെ നടന്ന കൂടിക്കാഴ്ചയില്‍ രണ്ടു പ്രധാനമന്ത്രിമാരും മുന്‍നിശ്ചയിച്ചതിന്റെ ഇരട്ടി സമയം ഒരുമിച്ചു ചെലവഴിച്ചതും ശ്രദ്ധേയമായി. സൗത്ത് ഏഷ്യന്‍ മേഖലയിലെ സമാധാനത്തിനായി എല്ലാത്തരം ഭീകരവാദങ്ങള്‍ക്കുമെതിരെ ഭാരതവും പാക്കിസ്ഥാനും ഒരുമിച്ചു പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന വ്യക്തമാക്കി. സൗഹാര്‍ദ്ദപരമായ അന്തരീക്ഷത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഭാരത-പാക് തര്‍ക്ക വിഷയങ്ങളും ദക്ഷിണേഷ്യന്‍ മേഖലയുടെ പൊതു പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്തു. സമാധാനത്തിനും വികസനത്തിനും ഇരു രാജ്യങ്ങള്‍ക്കും കൂട്ടായ ഉത്തരവാദിത്വമാണുള്ളത്. ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ സുപ്രധാനമായ അഞ്ച് തീരുമാനങ്ങള്‍ ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു. ഭാരത വിദേശകാര്യസെക്രട്ടറി എസ്.ജയശങ്കറും പാക് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരിയും ചേര്‍ന്നാണ് ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വിശദീകരിച്ചത്. ഇരുവിദേശകാര്യസെക്രട്ടറിമാരും ചേര്‍ന്ന് സംയുക്ത പ്രസ്താവന വായിച്ചതും ആശ്ചര്യകരമായി. ഭാരത-പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മില്‍ ദല്‍ഹിയില്‍ ഉടന്‍ കൂടിക്കാഴ്ച നടത്തുന്നതിന് മോദി-നവാസ് ഷെരീഫ് ചര്‍ച്ചയില്‍ തീരുമാനിച്ചു. ഇരു രാജ്യങ്ങളിലേയും മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍(ഡിജിഎംഒ)മാര്‍ തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. അതിര്‍ത്തി സംരക്ഷണ സേനയായ ബിഎസ്എഫും പാക്കിസ്ഥാന്റെ പാക് റേഞ്ചേഴ്‌സും ഡയറക്ടര്‍ ജനറല്‍ തലത്തിലും ചര്‍ച്ചകള്‍ നടത്തും. തടവില്‍ കിടക്കുന്ന ഇരു രാജ്യങ്ങളിലേയും മുഴുവനും മീന്‍പിടുത്തക്കാരെയും 15 ദിവസത്തിനകം ബോട്ടുകള്‍ സഹിതം വിട്ടുനല്‍കാനും മുംബൈ ഭീകരാക്രമണ വിചാരണ ത്വരിതപ്പെടുത്തുന്നതിനായി ശബ്ദരേഖയടക്കമുള്ള കൂടുതല്‍ തെളിവുകള്‍ കൈമാറാനും ഇരുനേതാക്കളും തീരുമാനിച്ചു. ഇതിനു പുറമേ ഭാരതത്തിലെയും പാക്കിസ്ഥാനിലെയും പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് വിനോദസഞ്ചാര വികസന പദ്ധതികള്‍ നടപ്പാക്കാനും മോദി-ഷെരീഫ് കൂടിക്കാഴ്ചയില്‍ തീരുമാനിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.