നമുക്കു സമുദായപരിഷ്കരണം ആവശ്യമാണ്. ചില കാലങ്ങളില്‍ മഹാപുരുഷന്മാര് പുരോഗതിക്കു വേണ്ടുന്ന പുതിയ ആശയങ്ങള്‍ പ്രകാശിപ്പിക്കും; രാജാക്കന്മാര് അവയ്ക്കു നിയമസാധുത്വവും നല്‍കും. ഇങ്ങനെയാണ്. മുന്‍കാലങ്ങളില്‍ ഭാരതത്തില്‍ സമുദായികോന്നമനം സാധിച്ചുപോന്നത്; ആധുനികകാലത്ത് അത്തരം സമുദായപരിഷ്കാരങ്ങള് നടപ്പില്‍ വരുത്തുവാന്‍, ആദ്യമായി, നമുക്കതുപോലൊരു ആധികാരികശക്തിയെ പടുത്തുയര്‍ത്തണം.
രാജാക്കന്മാര് പൊയ്പോയ സ്ഥിതിക്കു, ശക്തി ജനങ്ങളുടെതാണ്, അതിനാല്‍, ജനങ്ങള്‍ വിദ്യാസമ്പന്നരായിവരുംവരെ, സ്വന്തം ആവശ്യങ്ങള്‍ എന്തൊക്കെയാണെന്നറിയാറാകുംവരെ, സ്വന്തം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സന്നദ്ധരും സമര്‍ത്ഥരും ആകുംവരെ, നമുക്കു കാത്തിരിക്കേണ്ടിയിരിക്കുന്നു. ന്യൂനപക്ഷം ഏല്‍പ്പിക്കുന്ന മര്‍ദ്ദനമാണ് ലോകത്തിലേക്ക് ഏറ്റവും ഹീനമായ മര്‍ദ്ദനം.
അതുകൊണ്ട്, നമ്മുടെ കഴിവുകളെ, ഒരിക്കലും നടക്കാന്‍ പോകുന്നില്ലാത്ത ആദര്ശപരിഷ്കാരങ്ങള്ക്കു വേണ്ടി ഛിന്നഭിന്നമാക്കാതെ, ദോഷത്തിന്റെ കടയ്ക്കലേക്കിറങ്ങിച്ചെന്നു നിയമനിര്‍മ്മാണത്തിന് ഒരു സംഘടന നിര്‍മ്മിക്കുകയാണ് നാം ശരിക്കും ചെയ്യേണ്ടത്;അതായത്, ജനങ്ങള്‍ അവരുടെ സ്വന്തം പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ ത്രാണിയുള്ളവരാകുവാന് അവര്‍ക്കു വിദ്യാഭ്യാസം നല്‍കുക.
അതു ചെയ്യുംവരെ ഈ ആദര്ശപരിഷ്കാരങ്ങളെല്ലാം കേവലം ആദര്‍ശങ്ങളായി വര്ത്തിക്കയേ ഉള്ളൂ. പുതിയ ഏര്‍പ്പാട്, ജനങ്ങള്‍തന്നെ ജനങ്ങളുടെ മോചനം സാധിക്കുകയാണ്; അതു നടപ്പിലാക്കാന്‍ കാലം പിടിക്കും. പ്രതേ്യകിച്ചും, കഴിഞ്ഞ കാലമത്രയും രാജഭരണം നടന്നിരുന്ന ഭാരതത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: