മാറിയകാലത്തും മാതൃകയാവാന്‍

Friday 10 July 2015 9:41 pm IST

ബാലഗോകുലം ഇന്നലെ, ഇന്ന്, നാളെ-2 ബാലഗോകുലത്തിന്റെ കുട്ടികള്‍ക്കുവേണ്ടിയുള്ള യൂണിറ്റ് രൂപീകരണത്തിന് വിഘാതമാകാതിരിക്കാന്‍, ഉപപ്രസ്ഥാനങ്ങള്‍ നടത്താന്‍ കഴിവുള്ള പ്രവര്‍ത്തകരെ പ്രത്യേകം ഏല്‍പ്പിച്ചു. അവയെല്ലാം നല്ല നിലയില്‍ നടന്നുകൊണ്ടിരിക്കുമ്പോഴും സംഘടനയുടെ ഇരുപത്തിയഞ്ചാം വര്‍ഷത്തില്‍ കൊച്ചിയില്‍ വലിയ ഒരു ബാലമഹാസമ്മേളനം നടന്നു. 10,000 കുട്ടികളൊരുമിച്ചു വന്നപ്പോള്‍, ഒട്ടനവധി ശ്രേഷ്ഠവ്യക്തികള്‍ അവരെ അനുഗ്രഹിക്കാനെത്തിയിരുന്നു. കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടാവശ്യപ്പെടുന്ന പ്രമേയം സമ്മേളനം പാസ്സാക്കി. ബാലഗോകുലത്തിന്റെ തുടക്കത്തിനും അതിന്റെ നിരന്തരപ്രവര്‍ത്തനത്തിനും പ്രേരണ ഭഗവാന്‍ ശ്രീകൃഷ്ണനാണെന്നു ബാലഗോകുലം വിശ്വസിക്കുന്നു. ഉണ്ണിക്കണ്ണന്റെ ബാലലീലകളും ഗീതോപദേശങ്ങളും ഒരുപോലെ ലോകജനതയെ ഉദ്ധരിക്കനുള്ളതാണെന്നു ബാലഗോകുലം വിശ്വസിക്കുന്നു.ലോകമധ്യത്തില്‍ ശ്രീകൃഷ്ണനെന്ന അസാധാരണ വ്യക്തിത്വം കെടാവിളക്കായി ശോഭിക്കുമെന്ന് ബാലഗോകുലം കരുതുന്നു. ഈ വിചിന്തനത്തിന്റെ ഫലമായി ഒരു മാതൃകാഗോകുലഗ്രാമം സൃഷ്ടിക്കണമെന്ന ആശയം വളര്‍ന്നുവന്നു. കൊച്ചിയിലെ ബാലമഹാസമ്മേളനത്തിനുശേഷം മുതിര്‍ന്ന പ്രവര്‍ത്തകര്‍, അന്നത്തെ സംസ്ഥാന അധ്യക്ഷനായ പ്രൊഫ.സി.എന്‍. പുരുഷോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് നടത്തിയ ചിന്തയുടെ അടിസ്ഥാനത്തില്‍ കേരളമധ്യത്തില്‍ ഒരു അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം സ്ഥാപിക്കാന്‍ നിശ്ചയിച്ചു. അങ്ങനെയാണ് ഇന്ന് കൊടകരയില്‍ വളര്‍ന്നുവെരുമെന്നാഗ്രഹിക്കുന്ന അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്ര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ബാലഗോകുലത്തിന്റെ പ്രതിവാരക്ലാസ്സുകള്‍ക്ക് തടസ്സമുണ്ടാകാതെയും ബാലഗോകുലത്തിലെ കുട്ടികള്‍ക്കുപുറമെ ലോകമെങ്ങുമുള്ള കുട്ടികള്‍ക്ക് വന്നുകണ്ടുപഠിക്കാന്‍ പറ്റിയതുമായ ഒരു കേന്ദ്രത്തെപ്പറ്റി വിശദമായി ചിന്തിച്ച് രൂപംനല്‍കിയ സംവിധാനങ്ങളാണ് ഇതിനുപിന്നിലുള്ളത്. ബാലഗോകുലം രൂപംനല്‍കിയ ബാലസംസ്‌കാരകേന്ദ്രം ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ തന്നെ നടക്കണമെന്നും, വലിയ ഒരു പദ്ധതിയായതുകൊണ്ട് അനുഭവസമ്പന്നരായ വലിയ വ്യക്തികളുടെ സഹകരണം തേടണമെന്നും നിശ്ചയിച്ചു. ബാലസംസ്‌കാരകേന്ദ്രം ട്രസ്റ്റ് രൂപംകൊടുത്ത നിയമമനുസരിച്ച് ബാലഗോകുലത്തിന്റെ സഹകരണത്തോടെ ലോകശ്രദ്ധപിടിച്ചുപറ്റാന്‍ ഒരു സാംസ്‌കാരിക കേന്ദ്രം കേരള മദ്ധ്യത്തില്‍ രൂപംകൊള്ളണമെന്നും, അതിനുവേണ്ടി കണ്ടുവച്ച നൂറേക്കര്‍ ഭൂമി വാങ്ങിയശേഷം, പ്രകൃതിഭംഗി നിലനിര്‍ത്തിക്കൊണ്ട്, ലളിതവും സംസ്‌കാരസമ്പന്നവുമായ അന്താരാഷ്ട്രശ്രീകൃഷ്ണകേന്ദ്രം സ്ഥാപിക്കാന്‍ 2004-ല്‍ തന്നെ പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ സംജാതമായ ഹിന്ദുനവോത്ഥാന പ്രക്രിയയുടെ ഫലമായി കേരളത്തിലും പുറത്തും സഹസ്രാവധി സമ്പന്ന വ്യക്തികളുണ്ടെന്നും അവരുടെയെല്ലാം സഹകരണത്തോടെയായിരിക്കണം, അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രത്തിന്റെ പ്രവര്‍ത്തനവും നടക്കേണ്ടതെന്നും തീരുമാനിച്ചിട്ടുണ്ട്. ഒരുലക്ഷം രൂപാ സംഭാവന ചെയ്യാന്‍ കഴിയുന്ന 5000 പേരെ കണ്ടെത്താനുള്ള പരിശ്രമമാണ്, ശ്രീകൃഷ്ണകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് നിയോഗിച്ചിട്ടുള്ള പ്രവര്‍ത്തകസമിതിയുടെ മുന്നിലുള്ള ലക്ഷ്യം. ഇതിനകം 40 ഏക്കര്‍ ഭൂമി വാങ്ങിയെങ്കില്‍ ഇനി 60 ഏക്കര്‍ ഭൂമി വാങ്ങണം.അതുകൂടി വാങ്ങിയശേഷമായിരിക്കണം സങ്കല്‍പത്തിലുള്ള ഇരുപതിലധികം പ്രോജക്ടുകളടങ്ങിയ ഗോകുലഗ്രാമം രൂപംകൊള്ളേണ്ടത്. ശേഷിച്ച 60 ഏക്കര്‍ ഭൂമി വാങ്ങുകയാണ് അടിയന്തരലക്ഷ്യം. നാട്ടുകാരുടെയും സര്‍ക്കാരിന്റെയും സാംസ്‌കാരിക പ്രസ്ഥാനങ്ങളുടെയും സഹകരണം തേടാന്‍ കഴിവുള്ളവര്‍ ബാലഗോകുലത്തിന്റെയും ശ്രീകൃഷ്ണകേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ ഉണ്ടാകണം. 2004-ല്‍ തുടങ്ങിയ പ്രവര്‍ത്തനം ഇപ്പോഴും മന്ദഗതിയിലായതില്‍ ബാലഗോകുലത്തിനും സംഘപ്രസ്ഥാനങ്ങള്‍ക്കും നിരാശയുണ്ട്. അത് മാറ്റിയെടുക്കാന്‍ ഒരു സംഘടിത പരിശ്രമം ഉടനെ നടക്കുമെന്ന പ്രത്യാശയാണ് എല്ലാവരുടെയും മനസ്സില്‍. കേരളത്തിലെ സംഘപ്രസ്ഥാനങ്ങളുടെ വളര്‍ച്ചയും കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ നിലവില്‍ വന്നതും, കേരളമധ്യത്തില്‍ ഒരു വലിയ അന്താരാഷ്ട്ര ശ്രീകൃഷ്ണകേന്ദ്രം രൂപംകൊള്ളാന്‍ കാരണമാകുമെന്ന് എല്ലാവരും വിശ്വസിക്കുന്നു. വലിയ സിമന്റ് പ്ലാറ്റുകളൊന്നുമില്ലാത്തതും കൃഷ്ണശിലയില്‍ നിര്‍മ്മിച്ച ഒരു ഉണ്ണിക്കണ്ണന്റെ വിഗ്രഹം മാത്രം പ്രതിഷ്ഠിച്ച മാര്‍ബിളില്‍ പണിതുയര്‍ത്തുന്ന മൂന്നുനിലയിലുള്ള ശ്രീകൃഷ്ണമന്ദിരം  മാത്രമായിരിക്കും, ഇൗ വലിയ സാംസ്‌കാരികകേന്ദ്രത്തിലെ വലിയ നിര്‍മ്മാണം. ഗോശാലയും കൃഷ്ണലീലാപാര്‍ക്കും  ക്രീഡാകേന്ദ്രങ്ങളും ഔഷധതോട്ടങ്ങളും പഠനകേന്ദ്രങ്ങളും പ്രദര്‍ശനികളും വിജ്ഞാനകേന്ദ്രവുമെല്ലാം പ്രകൃതിയോടിണങ്ങിയതുതന്നെയായി നിര്‍മ്മിക്കും. അങ്ങനെ വലിയ ഒരു പദ്ധതി പ്ലാന്‍ ചെയ്‌തെങ്കിലും ബാലഗോകുലത്തിന് ബാലകേന്ദ്രിത പ്രവര്‍ത്തനത്തില്‍ നിന്ന് വ്യതിചലിക്കാതെയുള്ള പ്രവര്‍ത്തനം വ്യാപകമായി മുന്നോട്ടുകൊണ്ടുപോകേണ്ടിയിരിക്കുന്നു. ബാലഗോകുലത്തിന്റെ ഇന്നത്തെ പ്രവര്‍ത്തനശൈലി മാറ്റി കാലത്തിനൊത്തവിധം സമൂഹത്തിന് സാംസക്ാരികാവബോധം ലഭിക്കുംവിധം ഗോകുലം യൂണിറ്റുകള്‍ സജീവമാക്കാനുള്ള പ്രവര്‍ത്തനം 40-ാം വര്‍ഷത്തിലെത്തിനില്‍ക്കുന്ന സംഘടന ചിന്തിക്കേണ്ടിയിരിക്കുന്നു. ഗോകുലം യൂണിറ്റുകള്‍ പരിസരവാസികളുടെ ശ്രദ്ധാകേന്ദ്രമാകണം. എല്ലാ  കുടുംബങ്ങള്‍ക്കും തങ്ങളുടെ കുട്ടികളെ ഗോകുലത്തിലയക്കാന്‍ ആഗ്രഹമുണ്ടാക്കേണ്ടത് ബാലഗോകുലം പ്രവര്‍ത്തകരാണ്. ബാലഗോകുലം നാട്ടുകാര്‍ക്കുവേണ്ടിയാണു പ്രവര്‍ത്തിക്കേണ്ടത്. നാട്ടുകാര്‍ ആഗ്രഹിക്കുന്നവിധം പ്രവര്‍ത്തനങ്ങളെ ശ്രദ്ധയില്‍കൊണ്ടുവരണം. സംഘാടകര്‍ സമൂഹത്തില്‍ നിന്ന് മാറിനില്‍ക്കുന്നവരാകരുത്. ഓരോ യൂണിറ്റും വളര്‍ന്ന്, കാര്യക്ഷമമായ ഗോകുലമാകണമെങ്കില്‍, നാട്ടുകാരുടെ സഹകരണം നേടാന്‍ കഴിയണം. ഓരോ ഗോകുലത്തിലേയും സമര്‍പ്പണഭാവമുള്ള ഗോകുല പ്രവര്‍ത്തകസമിതി സജീവമായി ഗോകുലഗ്രാമത്തില്‍ യാത്ര ചെയ്യുന്നവരാകണം. കുഞ്ഞുണ്ണിമാസ്റ്റര്‍ കുട്ടികളോടൊപ്പം നടന്ന് നാടന്‍ കുട്ടിക്കവിതകള്‍, കൂട്ടമായി ചൊല്ലിപ്പഠിപ്പിച്ച അനുഭവം ഗോകുലപ്രവര്‍ത്തകരെ പ്രചോദിപ്പിക്കണം. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ബാലലീലകള്‍ കുട്ടികളുടെ കൂട്ടായ്മയില്‍ പ്രചോദനമാകണം. നാട്ടുകാരുടെ കൂട്ടായ്മ സൃഷ്ടിക്കാന്‍ കഴിയണം. പുതിയ സാഹചര്യത്തില്‍ സമൂഹത്തില്‍ വന്നിട്ടുള്ള മാറ്റം പഠിക്കാന്‍ കഴിയണം.നാട്ടുകാരുടെ ഒരായിരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. പക്ഷേ സൗഹൃദം പങ്കിടാന്‍ കഴിയണം. രക്ഷകര്‍ത്താക്കളുടെ കൂട്ടായ്മ സൃഷ്ടിക്കുമ്പോള്‍ അവരുടെ പ്രശ്‌നങ്ങള്‍ കുടുംബസമിതിയെക്കൊണ്ടു പരിഹരിക്കാന്‍ കഴിയും. കുഞ്ഞുണ്ണിമാസ്റ്റര്‍, ഗാന്ധിജി, ദീനദയാല്‍ജി മഹാത്മാഗാന്ധിയുടെ ഗ്രാമസ്വരാജ് എന്ന സങ്കല്‍പം ബാലഗോകുലം പ്രവര്‍ത്തകര്‍ പഠിച്ചിരിക്കണം. ഗോസംരക്ഷണവും മദ്യനിരോധനവും മറ്റും മുമ്പോട്ടുവെച്ചുകൊണ്ട് രാമരാജ്യത്തെക്കുറിച്ച് അദ്ദേഹം ആഹ്വാനം ചെയ്തതെന്തിനെന്നു ബാലഗോകുലം പ്രവര്‍ത്തകര്‍ ചിന്തിക്കണം. വന്‍കിട വ്യവസായങ്ങള്‍ രൂപം കൊള്ളുകയും എല്ലാവരും തൊഴിലാളികളായി മാറുകയും ചെയ്യുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഭാരതീയ ധര്‍മ്മസങ്കല്‍പമനുസരിച്ച് പഠിച്ചു സിദ്ധാന്തവല്‍ക്കരിച്ച വ്യക്തിയാണ് പണ്ഡിറ്റ് ദീനദയാല്‍ജി. ഏകാത്മമാനവദര്‍ശനം അദ്ദേഹം മുന്നോട്ടുവെച്ചത് വികേന്ദ്രീകൃത സമ്പദ്‌വ്യവസ്ഥയ്ക്കുവേണ്ടിയാണ്. വലിയ സാങ്കേതിക, ശാസ്ത്രവിദ്യകള്‍ വളരുമ്പോള്‍, ചെറുകിട വ്യവസായങ്ങള്‍ വഴിയും ഗ്രാമവികസനം സാധ്യമാണെന്ന ഗ്രാമീണ ജീവിതത്തിന്റെ കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. ദീനദയാല്‍ജിയുടെ ദേഹവിയോഗത്തിനുശേഷം ബിജെപി അതൊന്നും പരീക്ഷിച്ചു നോക്കിയിട്ടില്ലെന്ന് തോന്നുന്നു. ബാലഗോകുലത്തിന്റെ വളര്‍ച്ചയില്‍ ഗോകുലഗ്രാമം വളരെ പ്രധാനമാണ്. ഭാരതീയ സങ്കല്‍പത്തിലും ഗ്രാമസങ്കല്‍പം പ്രധാനമാണ്. 500-ല്‍ കുറഞ്ഞ വീടുകളെ കേന്ദ്രീകരിക്കാവുന്ന എവിടെയും ബാലഗോകുലം യൂണിറ്റുകള്‍ തുടങ്ങണമെന്നു നിശ്ചയിക്കണം. ഗ്രാമമോ മുനിസിപ്പാലിറ്റിയോ വന്‍നഗരമോ ആകട്ടെ, നമ്മളുടെ ഗ്രാമസങ്കല്‍പം ഫഌറ്റുകളിലുമാകാമെന്നു നിശ്ചയിക്കണം. കുട്ടികളുടെ കൂട്ടായ്മയും കുടുംബങ്ങളുടെ കൂട്ടായ്മയും സൃഷ്ടിക്കാന്‍ കഴിയുന്നവരായി ബാലഗോകുലം പ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണം. ക്രമാനുഗതമായ പൊതുജനസംസ്‌കരണ പ്രവര്‍ത്തനമാണ് ബാലഗോകുലം ചെയ്യുന്നതെന്നു ചിന്തിക്കാന്‍ തുടങ്ങണം.പണ്ട് ബാലഗോകുലം കുട്ടികളുടെ സാംസ്‌കാരിക പ്രസ്ഥാനമാണെന്നു പറഞ്ഞിരുന്നെങ്കില്‍ മാറിയ പശ്ചാത്തലത്തില്‍ ബാലഗോകുലം സാമൂഹ്യസംസ്‌കരണത്തിനെന്നു പറയാനും മടിക്കരുത്. ഓരോ പ്രദേശത്തെയും ബാലഗോകുല പ്രവര്‍ത്തകന്‍ നാട്ടുകാര്‍ക്ക് സുപരിചിതനായ സുഹൃത്തായി മാറണം. ആദര്‍ശാത്മകജീവിതം നയിക്കാന്‍ കുട്ടികള്‍ക്ക് പ്രചോദനം നല്‍കണം. തൊഴിലിനുവേണ്ടി ഏതുവിഷയം പഠിച്ചാലും, നാടിന്റെ സംസ്‌കൃതിയും പാരമ്പര്യവും പഠിച്ചുവളരുന്ന തലമുറയെ വളര്‍ത്തേണ്ടത് ബാലഗോകുലത്തിന്റെ ചുമതലയാണെന്നു മറക്കാതിരിക്കട്ടെ. കുഞ്ഞുണ്ണിമാസ്റ്ററും ഗാന്ധിജിയും ദീനദയാല്‍ജിയും ആരായിരുന്നുവെന്നും എല്ലാ ഗോകുലംപ്രവര്‍ത്തകരും പഠിച്ചിരിക്കണം. നാടിന്റെ തനിമയും ഗ്രാമത്തിന്റെ സങ്കല്‍പവും, അതിന്റെ വികേന്ദ്രീകൃത വികസനവുമാണ് ഈ മൂന്ന് മഹദ്‌വ്യക്തികളില്‍ നിന്നും നാം പഠിക്കേണ്ടത്. എല്ലാവര്‍ക്കും പ്രചോദനമായി ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗോകുലപ്രവര്‍ത്തകരുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ സൗഹൃദപൂര്‍ണ്ണമായ ഗ്രാമീണജീവിതത്തിന്റെ അനുഭവം വളര്‍ത്തിയെടുക്കാന്‍ കഴിയും. ത്യാഗമനസ്ഥിതിയുള്ള പ്രവര്‍ത്തകരുടെ സംഘടിതശ്രമമാണ് ബാലഗോകുലത്തിന്റെ വിജയം. ഗോകുലം രാജ്യാന്തരങ്ങളില്‍ കേരളത്തില്‍ രൂപംകൊണ്ട ബാലഗോകുലത്തെ അനുകരിച്ച് മലയാളികള്‍ പോയ സ്ഥലത്തെല്ലാം ബാലഗോകുലമോ തത്തുല്യമായ പ്രവര്‍ത്തനമോ തുടങ്ങിയിട്ടുണ്ടെങ്കിലും കേരളത്തിനുപുറത്തുള്ള  മലയാളികളല്ലാത്ത ജനങ്ങള്‍ക്ക് മനസ്സിലാകുന്നതും ഇഷ്ടപ്പെടുന്നതുമായി മാറണമെങ്കില്‍, അവരവര്‍ ജനിച്ചുവളര്‍ന്ന സാഹചര്യത്തിന്റെയും, ഭാഷയുടെതുമായ ബാലഗോകുലം വേണം. അതുകൊണ്ട് മറ്റു സംസ്ഥാനങ്ങളില്‍ ബാലഗോകുലം തുടങ്ങാനാഗ്രഹിക്കുന്നവര്‍ അവിടെ ഒരു കുഞ്ഞുണ്ണിമാസ്റ്ററെ കണ്ടെത്തണം. അവരുടെ തനതുഭാഷയുടെ അടിത്തട്ടിലെ പാട്ടും കഥയും കലയുമെല്ലാം വീണ്ടെടുത്തു കുട്ടികളെ പഠിപ്പിക്കാന്‍ പറ്റിയതായിരിക്കണം പ്രവര്‍ത്തനം. കേരളത്തിനുപുറത്ത്, എല്ലാ സംസ്ഥാനത്തിലും ഗോകുലങ്ങള്‍ വളരണമെങ്കില്‍ കേരളത്തിലെ പ്രവര്‍ത്തകര്‍ വിശാലബുദ്ധിയോടെ ഓരോ ഭാഷയിലെയും പാഠ്യപദ്ധതിയും കഴിവുള്ള പ്രവര്‍ത്തകരെയും കണ്ടെത്തണം. അതിനുവേണ്ടി മാത്രമല്ല കേരളത്തിലെ ബാലഗോകുല സംഘടനാപ്രവര്‍ത്തനത്തിനപ്പുറമുള്ള എല്ലാ കാര്യങ്ങളും ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മുതിര്‍ന്ന അനുഭവസമ്പന്നരായ പ്രവര്‍ത്തകരുടെ ഒരു കേന്ദ്രസമിതി രൂപംകൊള്ളുകയും കേരളത്തിനുപുറത്തുള്ള പ്രവര്‍ത്തനത്തിന്റെ കാര്യം അവര്‍ ചിന്തിക്കുകയും ചെയ്യണം. അതിനുള്ള സംവിധാനവും ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. മുന്‍കാല സംസ്ഥാനാധ്യക്ഷന്മാരായ ചിലര്‍ ഇതിനകം ആ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. കേരളത്തിനുപുറത്ത്, ദല്‍ഹിയിലും തെലുങ്കാനയിലും ബാലഗോകുലപ്രവര്‍ത്തനങ്ങള്‍ വ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികള്‍ തനതുസംസ്‌കാരം വീണ്ടെടുത്തുകൊണ്ട് വളര്‍ന്നുവരണം. അന്യനാട്ടുകാരന്റെ ഭാഷയിലും പരിഷ്‌കാരത്തിലും അഭിമാനം കൊള്ളുന്ന ഒരു സമൂഹത്തിന് സ്വാതന്ത്ര്യബോധവും ആത്മാഭിമാനവും ഉണ്ടാവുകയില്ല. കേരളം ഇന്നനുഭവിക്കുന്ന  അരാജകത്വത്തിനും ഇതുതന്നെയാണ് കാരണമെന്ന് മനസ്സിലാക്കുമ്പോള്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം വളരെ ശക്തമായും വ്യാപകമായും മുന്നേറേണ്ടിയിരിക്കുന്നു. ഗോകുലകേന്ദ്രിത ഗ്രാമവികസനവും കുട്ടികള്‍ക്കു കൂട്ടായ പരിശീലനവും ആത്മവിശ്വാസവും നല്‍കുന്ന വലിയ സംരംഭങ്ങളുമായി ബാലഗോകുലം ഭാവിയുടെ വാഗ്ദാനമായി മാറണം. കേരളം വിട്ട് ദേശീയതലത്തിലും അന്തര്‍ദ്ദേശീയതലത്തിലും വളരാന്‍ കഴിയും. തനതു സംസ്‌കാരത്തില്‍ വളര്‍ന്നുവരുന്ന സമൂഹത്തിനു മാത്രമേ സ്വാതന്ത്ര്യബോധമുള്ളൂ. സ്വാശ്രയത്വവും സ്വാഭിമാനവുമുള്ള സമൂഹസൃഷ്ടിയായിരിക്കണം ബാലഗോകുല പ്രവര്‍ത്തനം. (അവസാനിച്ചു)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.