ശമ്പള പരിഷ്‌കരണം വൈകുന്നതിനുപിന്നില്‍ ഗൂഢാലോചന: ഫെറ്റോ

Friday 10 July 2015 10:48 pm IST

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്നതിനുവേണ്ടി സര്‍ക്കാരും ശമ്പളക്കമ്മിഷനും ഗൂഢാലോചന നടത്തുകയാണെന്ന് ഫെറ്റോ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ പറഞ്ഞു.  സേവനവേതന വ്യവസ്ഥകള്‍ പരിഷ്‌കരിക്കുന്നതിനുള്ള പത്താം ശമ്പള പരിഷ്‌കരണം സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഫെറ്റോയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാലാവധിയാണ് പത്താം ശമ്പളക്കമ്മിഷന് നല്‍കിയത്.  6 മാസകാലാവധിയില്‍ നിയമിച്ച കമ്മിഷന്‍ 19 മാസത്തിനുശേഷവും റിപ്പോര്‍ട്ട് നല്‍കിയില്ല. ഇത് ഒരു കാരണവശാലും അനുവദിക്കുകയില്ലെന്നും ഇതിനെതിരെ ശക്തമായസമരപരിപാടികള്‍ക്ക് ഫെറ്റോ നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. 1998 ല്‍ വാജ്‌പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേന്ദ്രജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കുകയുണ്ടായി. ഇത് മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കിയെങ്കിലും കേരളത്തില്‍മാത്രമാണ്  പെന്‍ഷന്‍ പ്രായം ഇന്നും 56  ആയി നിലനില്‍ക്കുന്നത്. ഇത് അനീതിയാണ്. ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 17,000 രൂപയായി നിജപ്പെടുത്തുമെന്നറിയുന്നു. കേവലം 1700  രൂപയുടെ വര്‍ദ്ധന മാത്രമാണ് ഉണ്ടാകുക. അതിനാല്‍ കുറഞ്ഞ ശമ്പളം 22,000 രൂപയായി നിജപ്പെടുത്തണം. കേരളത്തിലെ 30,500 തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവും പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ആര്‍. ശ്രീകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി എസ്. ചന്ദ്രചൂഢന്‍, പിഎസ്‌സി എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി സജീവ് തങ്കപ്പന്‍, ദേശീയ അദ്ധ്യാപക പരിഷത്ത് വൈസ് പ്രസിഡന്റ് കെ.ജയകുമാര്‍, ഫെറ്റോ സംസ്ഥാന സെക്രട്ടറി കെ. കെ. ശ്രീകുമാര്‍, ഗവ. പ്രസ് വര്‍ക്കേഴ്‌സ് സംഘ് ജനറല്‍ സെക്രട്ടറി എന്‍. സതീഷ്‌കുമാര്‍, പെന്‍ഷനേഴ്‌സ് സംഘ് സംസ്ഥാന ട്രഷറര്‍ കെ. സുധാകരന്‍ നായര്‍ , ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് വൈസ് പ്രസിഡന്റ് പി. അയ്യപ്പന്‍, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് വി. രാധാകൃഷ്ണന്‍,ജില്ലാ സെക്രട്ടറി എസ്.സജീവ്കുമാര്‍, ഫെറ്റോ ജില്ലാ സെക്രട്ടറി എസ്. മോഹനചന്ദ്രന്‍, ട്രഷറര്‍ പാക്കോട് ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.