മണ്ഡലവ്രതത്തിന്റെ പുണ്യം

Wednesday 16 November 2011 11:15 pm IST

വൃശ്ചികം ഒന്നാം തീയതി മുതല്‍ ധനു 11-ാ‍ം തീയതിവരെ മണ്ഡലക്കാലമായി ഏറെക്കാലം മുന്‍പ്‌ മുതല്‍ക്കേ നാം ആചരിച്ചുപോന്നു. മുന്‍പ്‌ പ്രഭാതത്തില്‍ നാല്‌ നാലരയ്ക്ക്‌ അന്തരീക്ഷം മുഴുവന്‍ ശരണം വിളികള്‍കൊണ്ട്‌ മുഖരിതമാകുമായിരുന്നു. വൃശ്ചികം 1-ാ‍ം തീയതി പ്രഭാതത്തില്‍ വ്രതമാചരിക്കാന്‍ വേണ്ടി മാലയിടുന്ന അയ്യപ്പഭക്തന്‍ പിന്നീടുള്ള 41 ദിവസവും ദിനചര്യയിലും ഭക്ഷണത്തിലും ഏര്‍പ്പെടുത്തിയ നിയന്ത്രണം കൃത്യമായി പരിപാലിച്ചുപോന്നിരുന്നു. പക്ഷേ, ഇന്ന്‌ അത്തരം നിഷ്കര്‍ഷയ്ക്ക്‌ ഉടവു തട്ടിയില്ലേ? വ്രതമാചരിക്കണമെന്ന നിര്‍ബന്ധം പലര്‍ക്കുമില്ല. മണ്ഡലവ്രതം കഴിഞ്ഞിട്ടാണ്‌ ദര്‍ശനം വേണ്ടത്‌. ഇന്നതിനുപകരം എപ്പോഴെങ്കിലും പോയി ദര്‍ശനം കഴിച്ചുവരുന്നു. ഉറക്കെ ഉറക്കെ ശരണം വിളിക്കുന്ന രീതി നമുക്കൊരു വര്‍ഗബോധം ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ ഉച്ചത്തിലുള്ള ശരണം വിളികളില്ല. മദ്യം, മത്സ്യമാംസാദികള്‍ ഇവ വര്‍ജ്ജിക്കലില്ല. വൃശ്ചികം ഒന്നാം തീയതിക്കുമുന്‍പ്‌ ഗൃഹം അടിച്ചു തളിവ്‌ ശുദ്ധീകരിക്കുക, പുതിയ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, വൈകുന്നേരം സ്വാമിമാര്‍ക്ക്‌ ഒരിക്കല്‍ ഏര്‍പ്പെടുത്തുക, കുടുംബാംഗങ്ങളെല്ലാം രാവിലെ കുളിക്കുക, ക്ഷേത്രദര്‍ശനം നടത്തുക, വര്‍ജ്ജിക്കേണ്ട ആളുകളെ മാറ്റി താമസിക്കുക, എന്നു തുടങ്ങിയ ധാരാളം അനുഷ്ഠാനങ്ങളെ നാം ഗൗരവമായിട്ടെടുക്കാതെ തള്ളിക്കളഞ്ഞിരിക്കുന്നു. ഇത്‌ കേരളീയരില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന പ്രത്യേകതയാമെന്ന്‌ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടില്ല. കാരണം, തമിഴ്‌നാട്ടില്‍ നിന്നോ ആന്ധ്രയില്‍ നിന്നോ വരുന്നവരെല്ലാം ശക്തിയായ ആചാരനുഷ്ഠാനങ്ങളോടുകൂടിത്തന്നെയാണ്‌ വരുന്നത്‌. ഈശ്വരകാര്യങ്ങളില്‍ അവര്‍ നമ്മേക്കാള്‍ എത്രയോ മേലെയാണ്‌. തറവാട്‌ കുളം തോണ്ടുക എന്ന പഴമൊഴി കേട്ടിട്ടേയുള്ളൂ എങ്കിലും കേരളത്തില്‍ അതിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന്‌ പറഞ്ഞാല്‍ അത്‌ ഒട്ടും അധികമാവില്ല. കുളം തോണ്ടാന്‍ മുന്നിട്ടിറങ്ങിയവരാകട്ടെ ഹൈന്ദവജനതയുമാണ്‌. അടിസ്ഥാനപ്രമാണങ്ങളായ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും ലംഘിക്കുക, മാതൃഭൂമിയേയും മാതൃഭാഷയായ മലയാളത്തെയും പാവനമായി കാണാതിരിക്കുക, മുന്‍തലമുറയോടും മാതാപിതാക്കന്മാരോടും പുച്ഛം നടിക്കുക, ഇംഗ്ലീഷ്‌ ഭാഷയും സംസ്കാരവും ആവശ്യത്തിലധികം അനുകരിക്കുക, കാര്‍ഷികരംഗം കടപുഴക്കുക, അങ്ങാടിഭക്ഷണത്തെ കൂടുതലമായി ആശ്രയിക്കുക, കാര്‍ഷികമോ അല്ലാത്തതോ ആയ ഉല്‍പന്നങ്ങളില്‍ വിഷം ചേര്‍ക്കുക, ആത്മഹത്യങ്ങള്‍ക്കും കൊലപാതകങ്ങള്‍ ക്കും കൂടുതല്‍ സൗകര്യം സൃഷ്ടിക്കുക എന്നിങ്ങനെ ഒരു വലിയ സമൂഹത്തിന്റെ നാശത്തിനുള്ള ആയുധങ്ങളോരോന്നായി പ്രയോഗിച്ചു വരികയാണ്‌. ഈ പ്രതികൂല പരിതഃസ്ഥിതിയില്‍ ഹൈന്ദധര്‍മ്മം നിഷ്പ്രഭമായിപ്പോയാല്‍ നമ്മുടെ അടുത്തതലമുറ എങ്ങനെ ജതീവിക്കേണ്ടിവരും, ആരുടെയൊക്കെ ദാസ്യഭാവം സ്വീകരിക്കേണ്ടിവരും; എന്ന്‌ ഹൈന്ദവനേതാക്കളും വിശ്വാസികളും ഗൗരവമായി ചിന്തിക്കേണ്ടതാണ്‌.   നീലകണ്ഠന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.