രാമപാദങ്ങളില്‍

Saturday 11 July 2015 7:43 pm IST

ദൂതന്മാര്‍ വരുന്ന സമയത്ത് ഭരതന്‍ ശത്രുഘ്‌നനുമായി ഉദ്യാനത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാത്രി കണ്ട ദുഃസ്വപ്നങ്ങളെക്കുറിച്ചായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. ദൂതന്മാര്‍ വന്ന് വസിഷ്ഠ സന്ദേശം അറിയിച്ചു. ഭരതന്‍ വേഗം മുത്തച്ഛനോടും മാതുലനോടും യാത്ര പറഞ്ഞ് അയോദ്ധ്യക്കു പുറപ്പെട്ടു.
അയോദ്ധ്യക്കു സമീപം എത്തിയ ഭരതന് എന്തോ പന്തികേടുണ്ടെന്നു തോന്നി. അവര്‍ പിതാവിന്റെ ചരമവൃത്താന്തം അറിഞ്ഞിട്ടുണ്ടായിരുന്നില്ല. ഇടയ്ക്കുവെച്ച് ഏതോ ദുശ്ശകുനങ്ങളില്‍ നിന്നും ഉടലെടുത്ത ദുശ്ശങ്ക രാജധാനിയിലെത്തിയപ്പോള്‍ പൂര്‍ണ്ണരൂപം പ്രാപിച്ചു. അയോദ്ധ്യ മൃതപ്രായമായിരിക്കുന്നു.

ആളനക്കമില്ല. ആകമാനം ശൂന്യം. ഉദ്യാനങ്ങള്‍ വിജനം, ആനകളുടെ ചിഹ്നംവിളിയോ കുതിരകളുടെ ചിലമ്പലോ കേള്‍ക്കാനില്ല. സര്‍വത്ര മൗനം. നിരാനന്ദമായ അയോദ്ധ്യ കണ്ട് ഭരതന്‍ ശോകാകുലനായി. ഉദാസീനതയോടെ ഭരതന്‍ മഹാരാജാവ് പള്ളികൊള്ളാറുള്ള കൊട്ടാരത്തിലേക്ക് കടന്നു. പിതാവിനെ അവിടെ കാണാത്തതുമൂലം അമ്മയുടെ അടുത്തേക്കാണ് ഭരതന്‍ പിന്നീടു പോയത്. മകന്റെ വരവ് അമ്മയെ അത്യധികം ആനന്ദിപ്പിച്ചു. കൈകേയി കേകയത്തിലെ വിശേഷങ്ങള്‍ അന്വേഷിച്ചു.

എല്ലാം വിശദമാക്കിയശേഷം ഭരതന്‍ ചോദിച്ചു. അമ്മേ അച്ഛന്‍ എവിടെ? നാടുനീങ്ങിയവിവരം കൈകേയി അറിയിച്ചു. ദുഃഖിതനായ ഭരതന്‍ പിതാവിന്റെ അന്തിമവാക്കുകള്‍ എന്തായിരുന്നെന്ന് അമ്മയോടു ചോദിച്ചു. ഹാ രാമ! ഹാ... സീതേ, ലക്ഷ്മണ എന്നിങ്ങനെ വിളിച്ചുകൊണ്ടാണ് ദശരഥന്‍ ദേഹത്യാഗം ചെയ്തതെന്ന് കൈകേയി പറഞ്ഞപ്പോള്‍ അവരെവിടെപ്പോയെന്ന് ഭരതന്‍ ചോദിച്ചു. കൈകേയി അവിടെ നടന്ന സംഭവങ്ങള്‍ ആവശ്യമുള്ളവ മാത്രം വിശദീകരിച്ചു.

അമ്മയുടെ വാക്കുകള്‍ കേട്ട് ഭരതന്‍ ദുഃഖിതനായി. താഴെവീണ് ഉരുളുകയും ഉച്ചത്തില്‍ വിലപിക്കുകയും ചെയ്തു. കൈകേയിയെ നിന്ദിച്ചു. പോയി തൂങ്ങിച്ചാകാന്‍ പറഞ്ഞു. രാമനെന്തു പറയുമെന്നുള്ള ഭയംകൊണ്ട് താന്‍ കടുംകൈ ചെയ്യാന്‍ മുതിരുന്നില്ലെന്ന് പറഞ്ഞു. ഭരതന്റെ വിലാപശബ്ദം പുത്രദുഃഖത്താലും ഭര്‍തൃമരണത്താലും ബോധരഹിതയായി കിടന്നിരുന്ന കൗസല്യയെ ഉണര്‍ത്തി. അവര്‍ പതുക്കെ ഭരതസമീപത്തേക്ക് നടന്നടുത്തു. ദുഃഖിതയായ കൗസല്യയെ കെട്ടിപ്പിടിച്ച് ഭരത ശത്രുഘ്‌നന്മാര്‍ കരയാന്‍ തുടങ്ങി. തന്നേയും കൊണ്ടുപോയി കാട്ടിലാക്കാന്‍ കൗസല്യ ഭരതനോട് പറഞ്ഞു.

മാത്രമല്ല ''ഇദം തേ രാജ്യകാമസ്യ രാജ്യം പ്രാപ്തമകണ്ടകം'' നിനക്ക് രാജ്യമായിരുന്നല്ലോ വേണ്ടത് അതിതാ കല്ലും മുള്ളും ചവിട്ടാതെത്തന്നെ നീ നേടിയിരിക്കുന്നു. കൗസല്യയുടെ വായില്‍നിന്നും വീണ വാക്കുകള്‍ അവരിരുവരേയും പ്രത്യേകിച്ച് ഭരതനെ വിശേഷിച്ചും വേദനിപ്പിച്ചു. പുണ്ണിലമ്പേറ്റതുപോലെ പിടഞ്ഞുകൊണ്ട് ഭരതന്‍ കൗസല്യയുടെ കാല്‍ക്കല്‍ വീണ് പാദങ്ങള്‍ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു. അമ്മേ ഞാനിതൊന്നും അറിഞ്ഞതേയില്ല. ഞാനിവിടെയില്ലായിരുന്നല്ലോ? പിന്നെ എന്തിനിങ്ങനെ എന്നെ പഴിചാരുന്നു. രാമന്റെ വനയാത്രയില്‍ എനിക്കെന്തെങ്കിലും പങ്കുണ്ടെങ്കില്‍ ലോകത്തിലുള്ള സകല പാതകങ്ങളുടെ ദോഷവും എന്നില്‍ വന്നുകൊള്ളട്ടെ.

താന്‍ മനസാ വാചാ കര്‍മ്മണാ യാതൊന്നുമറിഞ്ഞിട്ടില്ലെന്ന് ഭരതന്‍ പലവട്ടം ആണയിട്ടു പറഞ്ഞു. ഭരതന്റെ ധര്‍മ്മനിഷ്ഠ കണ്ട് കൗസല്യ ശാന്തചിത്തയായി. ഭരതനെ ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചു. പക്ഷെ ഭരതന്‍ കൊച്ചു കുഞ്ഞിനെപ്പോലെ താഴെ വീണ് ഉരുണ്ടും കരഞ്ഞും നേരം വെളുപ്പിച്ചു. അയോദ്ധ്യയില്‍ രാത്രിയുടെ ഭീകരതയും ഏകാന്തതയും നേരം പുലര്‍ന്നിട്ടും പകലിന്റെ പ്രകാശത്തിലും മാഞ്ഞുപോകാതെ തളം കെട്ടിനിന്നു. വസിഷ്ഠന്റെ നിര്‍ദ്ദേശാനുസരണം ഭരതശത്രുഘ്‌നന്മാര്‍ ദശരഥന്റെ അന്ത്യേഷ്ടി സംസ്‌കാരങ്ങള്‍ വേദവിധിപ്രകാരം നിര്‍വഹിച്ചു.
ദശരഥന്റെ അന്ത്യേഷ്ടി കഴിഞ്ഞ് കുറച്ചുദിവസങ്ങളായി ഭരതശത്രുഘ്‌നന്മാര്‍ ശ്രീരാമാദികളുടെ വനയാത്രയെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആ സമയത്ത് വസ്ത്രാഭരണവിഭൂഷിതയായ മന്ഥരയെ ദ്വാരപാലകര്‍ പിടികൂടുകയും സര്‍വപാപങ്ങളുടേയും അപരാധങ്ങളുടേയും ആണിക്കല്ല് ഈ കൂനിയാണെന്നും ഇവള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അപേക്ഷിച്ചുകൊണ്ട് അവര്‍ മന്ഥരയെ ശത്രുഘ്‌നനെ ഏല്പിച്ചു. ശത്രുഘ്‌നന്‍ അവളെ വലിച്ചിഴച്ച് ഭരതന്റെ മുമ്പില്‍ കൊണ്ടുചെന്നു. പക്ഷെ ഭരതന്‍ പറഞ്ഞു. ഏതു ജീവിവര്‍ഗ്ഗത്തില്‍പെട്ടതായാലും പെണ്ണ് പൂജനീയയാണ്. സ്ത്രീവധവും പീഡനവും പാടില്ല.

... തുടരും

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.