പറവൂര്‍ പെണ്‍വാണിഭം: അന്വേഷണം മരവിപ്പിക്കാന്‍ നീക്കം

Thursday 30 June 2011 10:22 pm IST

കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണം മരവിപ്പിക്കാന്‍ സമ്മര്‍ദ്ദം ശക്തമാകുന്നതായിസൂചന. സംസ്ഥാനത്തെ വിവിധ രാഷ്ട്രീയകക്ഷികളില്‍പ്പെട്ട കൂടുതല്‍ നേതാക്കള്‍ കേസില്‍ പ്രതികളായേക്കുമെന്ന സംശയം ബലപ്പെട്ടതോടെയാണിത്‌. ചില കോണ്‍ഗ്രസ്‌ നേതാക്കളുടെയും മുനിസിപ്പല്‍ ചെയര്‍മാന്മാരുടെയും പേരുകള്‍ ഈ കേസുമായി ബന്ധപ്പെട്ട്‌ പ്രചരിക്കുന്നുണ്ട്‌. പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കം കൂടുതല്‍ പേരെ കേസില്‍ ഉള്‍പ്പെടുത്താന്‍ ഇടയാക്കുമെന്ന സംശയത്തെത്തുടര്‍ന്നാണ്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ കടിഞ്ഞാണിടാനുള്ള ശ്രമം ആരംഭിച്ചിട്ടുള്ളത്‌.
പെണ്‍കുട്ടിയെ ആളുകള്‍ക്ക്‌ കാഴ്ചവെക്കാനായി ഇടനിലക്കാരായി പ്രവര്‍ത്തിച്ച സ്ത്രീകളെ കസ്റ്റഡിയില്‍എടുത്ത്‌ ചോദ്യംചെയ്തുവരികയാണ്‌. ഇവരില്‍നിന്ന്‌ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ്‌ പ്രതികളെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടിരിക്കുന്നത്‌. ഇന്നലെ രണ്ടുപേരെക്കൂടി അറസ്റ്റ്‌ ചെയ്തിട്ടുണ്ട്‌. കാലടി കാച്ചപ്പിള്ളി വീട്ടില്‍ ജോസഫ്‌ മകന്‍ കെ.ജെ. സണ്ണി, ഒറ്റപ്പാലം പേരൂര്‍ വീട്ടില്‍ ജലീല്‍ മകന്‍ ജമാലുദ്ദീന്‍ എന്നിവരെയാണ്‌ അറസ്റ്റുചെയ്തത്‌.
പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ പെണ്‍കുട്ടിക്ക്‌ കഴിയുന്നില്ല. നേരില്‍ക്കണ്ടാല്‍ മാത്രമാണ്‌ തിരിച്ചറിയാന്‍ കഴിയുന്നത്‌. അതുകൊണ്ടാണ്‌ ഇടനിലക്കാരികളില്‍നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം അറസ്റ്റ്‌ നടക്കുന്നത്‌. തമിഴ്‌നാട്‌, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ ചില ഉന്നത ഉദ്യോഗസ്ഥരും പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ചിന്‌ വിവരം ലഭിച്ചിട്ടുണ്ട്‌. ഇവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതപ്പെടുത്താന്‍ പ്രത്യേക പോലീസ്സംഘത്തെ നിയോഗിച്ചിട്ടുമുണ്ട്‌. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘത്തിന്റെ ചുമതലയില്‍ രണ്ട്‌ എസ്പിമാരെ നിയമിച്ചാണ്‌ അന്വേഷണം മരവിപ്പിക്കാന്‍ ലക്ഷ്യമിടുന്നതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു.
അറസ്റ്റിലായ സണ്ണി കാലടിയിലെ മണല്‍മാഫിയ അംഗമാണ്‌. ഇയാളുടെ ഒരു സ്കോര്‍പ്പിയോ വാഹനം പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. ഇപ്പോള്‍ ഇടപ്പള്ളിയില്‍ ന്യൂറോ അപ്പാര്‍ട്ടുമെന്റില്‍ താമസിക്കുന്ന ജമാലുദ്ദീന്‍ റെയില്‍വേ കോണ്‍ട്രാക്ടറാണ്‌. സുബൈദ എന്ന ഇടനിലക്കാരി വഴി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും മറ്റ്‌ പലര്‍ക്കായി കാഴ്ചവെച്ചതായും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. നേരത്തെ അറസ്റ്റിലായ സിപിഎം ലോക്കല്‍ സെക്രട്ടറി തോമസ്‌വര്‍ഗീസിനെ ഇന്ന്‌ പോലീസ്‌ കസ്റ്റഡിയില്‍ വാങ്ങും. ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയ സ്ഥലങ്ങളില്‍ തെളിവെടുപ്പ്‌ നടത്തും. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇടനിലക്കാരി വല്ലം ഓമനയെ ചോദ്യംചെയ്തതില്‍നിന്നുംലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന്‌ കൂടുതല്‍ അറസ്റ്റ്‌ ഉണ്ടാകുമെന്നാണ്‌ സൂചന. ഈ കേസില്‍ ഇതുവരെ 47 പേര്‍ അറസ്റ്റിലായിട്ടുണ്ട്‌.

-പൂവത്തിങ്കല്‍ ബാലചന്ദ്രന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.