ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചത് പത്തു ലക്ഷം പേര്‍ ലാഭിച്ചത് 140 കോടി

Saturday 11 July 2015 9:02 pm IST

ചെന്നൈ;കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ച് പാചക വാതക സബ്‌സിഡി ഉപേക്ഷിച്ചത് പത്തുലക്ഷം പേര്‍. ഇന്‍ഡേന്‍, ഭാരത് പെട്രോളിയം,ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പികളുടെ മൊത്തം കണക്കാണിത്. ഇതുവഴി സര്‍ക്കാരിന് ലഭിച്ചത് 140 കോടിരൂപയാണ്. മൂന്നുകമ്പനികള്‍ക്കും കൂടി മൊത്തം 15.3 കോടി ഉപഭോക്താക്കളാണ് ഉള്ളത്. ഓരോ ഉപഭോക്താവിനും പ്രതിവര്‍ഷം 12 സിലിണ്ടര്‍ നല്‍കുകവഴി സബ്‌സിഡിയിനത്തില്‍ സര്‍ക്കാരിന് നഷ്ടമാകുന്നത് നാല്‍പ്പതിനായിരം കോടി രൂപയാണ്. കഴിവുള്ളവര്‍ സബ്‌സിഡി ഉപേക്ഷിച്ച് ആ തുക പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ഥന. ഈ അഭ്യര്‍ഥന മാനിച്ച് ഗാനഗന്ധര്‍വ്വന്‍ കെജെ യേശുദാസ് അടക്കം അനവധി പ്രമുഖര്‍ ഗ്യാസ് സബ്‌സിഡി ഉപേക്ഷിച്ചിരുന്നു. വിപ്രോ മേധാവി അസീം പ്രേംജി, പ്രമുഖ ചലച്ചിത്ര നടന്‍ കമല്‍ ഹാസന്‍, സംവിധായകന്‍ മണിരത്‌നം എന്നിവര്‍ സബ്‌സിഡി ഉപേക്ഷിച്ചവരില്‍ പെടുന്നു. ക്രേമണ ഒരു കോടിയാള്‍ക്കാരെങ്കിലും സബ്‌സിഡി ഉപേക്ഷിക്കുമെന്നാണ് എണ്ണക്കമ്പനികളുടേയും കേന്ദ്ര സര്‍ക്കാരിന്റെയും പ്രതീക്ഷ. യുപിയില്‍ മാത്രം 2.9 ലക്ഷം പേരാണ് സബ്‌സിഡി ഉപേക്ഷിച്ചത്. തെക്കന്‍ സംസ്ഥാനങ്ങളിലെല്ലാം കൂടി 2.16 ലക്ഷം പേരാണ് ഈ പാത പിന്തുടര്‍ന്നത്.( കര്‍ണ്ണാടകത്തില്‍78,307 പേരും തമിഴ്‌നാട്ടില്‍ 68032 പേരും ആന്ധ്രയില്‍ 31711 പേരും.) ജൂണ്‍  അവസാനം വരെ തമിഴ്‌നാട്ടില്‍ 48032 പേരാണ് സബ്‌സിഡി വേണ്ടെന്നു വച്ചിരുന്നത്. ജൂലൈ ആദ്യ വാരത്തോടെ ഇവരുടെ എണ്ണം 68032 ആകുകയായിരുന്നു. പത്തു ലക്ഷം പേര്‍ സബ്‌സിഡി ഉപേക്ഷിച്ചതു വഴി സര്‍ക്കാരിന് ലാഭിക്കാനായത് 140 കോടി രൂപയാണ്.ഇങ്ങനെ ലാഭിച്ചെടുക്കുന്ന പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇന്‍ഡേന് 4.45 ലക്ഷം കണക്ഷനുകളും ഭാരത്  പെട്രോളിയത്തിന്  2.81 ലക്ഷം കണക്ഷനുകളും എച്ച്പിക്ക് 2.79 ലക്ഷം കണക്ഷനുകളുമാണ് ഉള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.