റബര്‍ വില സ്ഥിരതാ ഫണ്ടും റബര്‍ സംഭരണവും

Saturday 11 July 2015 10:09 pm IST

90 കളില്‍ കേരളത്തില്‍ അറിയപ്പെടുന്ന റബര്‍ കച്ചവടക്കാരന്റെ  മകന്‍. അഞ്ച് ഏക്കര്‍ റബര്‍ കൃഷിയില്‍ നിന്നുള്ള വരുമാനംകൊണ്ട് കുടുംബം പുലര്‍ത്താന്‍ വിധിക്കപ്പെട്ട വ്യക്തി. റബര്‍ കര്‍ഷര്‍ക്കുവേണ്ടി വാദിച്ചിരുന്ന പ്രാദേശിക പാര്‍ട്ടിയുടെ സംസ്ഥാന ജനല്‍ സെക്രട്ടറി സ്ഥാനം അടക്കം ദീര്‍ഘകാലത്തെ രാഷ്ട്രീയ പ്രവര്‍ത്തനപാരമ്പര്യം. കഴിഞ്ഞ 15 വര്‍ഷമായി രാഷ്ട്രീയേതര പൊതുപ്രവര്‍ത്തനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന എനിക്കുപോലും റബര്‍ വിലയിടിവിന്റെ  കാര്യത്തില്‍ ആദ്യഘട്ടത്തിലൊന്നും കാര്യമായി ഇടപെടാന്‍ ആയില്ല. പൊതുഗതാഗത മടക്കമുള്ള ഉപഭോക്തൃ വിഷയങ്ങളില്‍ ശ്രദ്ധപതിപ്പിച്ചതിനാലും റബര്‍ കര്‍ഷകരുടെ കാര്യം കര്‍ഷക സംഘടനകളും രാഷട്രീയ പാര്‍ട്ടികളും ശ്രദ്ധിക്കും  എന്നു കരുതിയുമാണ് ഇടപെടാതിരുന്നത്. എന്നാല്‍ റബര്‍ വിലയിടിവ് സ്വന്തം കുടുംബം പോറ്റുന്നതിനുതന്നെ സാധിക്കാതെ വന്നപ്പോഴായിന്നു റബര്‍ വിലയിടിവിന്റെ കാര്യത്തില്‍ ശക്തമായി ഇടപെടാന്‍ ഞങ്ങളുടെ സംഘടന തീരുമാനിച്ചത്. അതിനുവേണ്ടി സെന്ററിന്റെ മുഖ്യഉപദേഷ്ടാവും സാമ്പത്തിക വിദഗ്ദനുമായ  ജയിംസ് വടക്കന്റെ നേതൃത്തില്‍ റബര്‍ കര്‍ഷകര്‍ മാത്രമടങ്ങുന്ന 9 അംഗ സമിതി 2014 ഒക്‌ടോബറില്‍ “ റബര്‍ വിലയിടിവ് ഒരു സാമ്പത്തിക രാഷ്ട്രീയ വിലയിരുത്തല്‍ ”എന്നൊരു പഠന റിപ്പോര്‍ട്ട് പുറത്തിറക്കി. ആ പഠനത്തില്‍നിന്നും ചില കാര്യങ്ങള്‍ വ്യക്തമായി. നിലവിലെ സാഹചര്യത്തില്‍ ഡബ്ലുടിഒ, ആസിയാന്‍ കരാറുകള്‍ നിലനില്‍ക്കുന്നനിടത്തോളം കാലം റബര്‍ ഇറക്കുമതി തടയാനാവില്ല. ഇറക്കുമതി ചുങ്കം പരമാവധി 25% ആക്കാമെന്നു മാത്രം. ഈ കാരാറുകളില്‍ ഉണ്ടെന്നു പറയപ്പെടുന്ന സംരക്ഷണ ചുങ്കം ഏര്‍പ്പെടുത്തണമെങ്കില്‍ നാം ആസിയാന്‍  - ലോക ബാങ്ക് - ലോക വ്യാപാര സമൂഹം എന്നിവയ്ക്കു മുമ്പില്‍ കാര്യകാരണസഹിതം നിവേദനം സമര്‍പ്പിക്കണം. അതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ വിദഗ്ദ പഠനറിപ്പോര്‍ട്ടുകളുടെ പിന്‍ബലത്തില്‍ സമീപിക്കണം. അതിനുള്ള നടപടികള്‍ റബര്‍ കര്‍ഷക സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകണം. അങ്ങനെ ഒരു നീക്കം ആരംഭിച്ചാല്‍ തന്നെ 10 വര്‍ഷമെങ്കിലും കഴിയും, തീരുമാനം ആകാന്‍. അത്തരമൊരു നടപടി ആരുടെ ഭാഗത്തുനിന്നും ആരംഭിച്ചിട്ടില്ല. കേരളത്തില്‍ നിന്ന് ഒരു എംഎല്‍എയോ എംപി യോ ഇല്ലാത്ത, കേരളത്തിലെ രണ്ട് മുന്നണികളും നികൃഷ്ടരായി കാണുന്ന പാര്‍ട്ടി, കേന്ദ്രം ഭരിക്കുമ്പോള്‍ റബര്‍ ഇറക്കുമതി അവസാനിപ്പക്കണം എന്ന് ആവശ്യപ്പെടുന്നതിന്റെ പ്രായോഗികത അത് ഉന്നയിക്കുന്ന  റബര്‍ കര്‍ഷക വിദഗ്ദര്‍ക്കു മനസ്സിലാകില്ലെങ്കിലും  സാധാരണ റബര്‍ കര്‍ഷക്കു മനസ്സിലാകും. എന്നിട്ടും റബര്‍  കര്‍ഷകരുടെ കാര്യത്തില്‍ കേന്ദ്ര ധനകാര്യമന്ത്രിയും വാണിജ്യ മന്ത്രിയും ചെയ്ത കാര്യങ്ങള്‍ മുന്‍ കാലങ്ങളിലേക്കാള്‍ കര്‍ഷക താല്‍പര്യങ്ങള്‍ക്ക് അനുകൂലമാണ്. റബറിന്റെഇറക്കുമതി ചുങ്കം 20% ത്തില്‍ നിന്നും പരമാധി ചുങ്കമായ 25% ത്തിലേക്കെത്തിയതും റബര്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യാനായി ഇറക്കുമതി ചെയ്യുന്ന റബര്‍ കൈവശം വയ്ക്കാവുന്ന കാലാവധി 18 മാസത്തില്‍ നിന്നും (സത്യത്തില്‍ 2 വര്‍ഷം വരെ നിമയവിരുദ്ധമായി കൈവശം വച്ചിരുന്നു)  6 മാസമായി കുറച്ചതും ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരാണ്. അതിനാല്‍ ഇനി  കൂടുതല്‍ ഒന്നും നാം അവിടെ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. ഇനിയുള്ളത് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലാണ്. 5.5ലക്ഷം ഹെക്ടര്‍ സ്ഥലത്ത് 10 ലക്ഷത്തിലധികം ചെറുകിട കര്‍ഷകര്‍ പ്രതിവര്‍ഷം 8 ലക്ഷം ടണ്‍  റബര്‍ കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്നു. 240 രൂപ ലഭിച്ചിരുന്ന റബര്‍ വില 110 രൂപയായി കുറഞ്ഞു. 19200 കോടി രൂപയുടെ വിലയുള്ള റബര്‍ ആയിരുന്നു വിപണിയിലെത്തിയതെങ്കില്‍ ഇപ്പോള്‍ അത്  8800 കോടിയായി കുറഞ്ഞു. റബര്‍ കര്‍ഷകരുടെ വരുമാന നഷ്ടം  10450 കോടി രൂപ.  ഈ പണം ഓട്ടോറിക്ഷയില്‍ യാത്രചെയ്തും   കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയും പണികാര്‍ക്ക്  കൂലി നല്‍കിയും റബര്‍ കര്‍ഷകര്‍ വിപണിയില്‍ തന്നെയാണ് മുടക്കിയിരുന്നത്. ഈ ക്രയവിക്രയത്തില്‍ നിന്നും കോടിക്കണക്കിന് രൂപയുടെ  നികുതി സംസ്ഥാന സര്‍ക്കാരിനും ലഭിച്ചു. റബര്‍ വില ഉയര്‍ത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് പല പ്രാവശ്യം ഇടപെട്ടു. ആദ്യം രണ്ട് രൂപ കൂട്ടിയും പിന്നീട് 5 രൂപാ കൂട്ടിയും സംഭരിച്ചു.  അതിനുശേഷം വാറ്റ് നികുതി ഒഴിവാക്കി ടയര്‍ കമ്പനികളോട് നേരിട്ടു സംഭരിക്കാന്‍ നിര്‍ദ്ദേശിച്ചു.  ഈ നടപടികള്‍ കൊണ്ട് ഒന്നും റബര്‍ വില ഉയര്‍ന്നില്ല. അന്നൊക്കെ എല്ലാവരും കുറ്റം പറച്ചിലിനും തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതിനുമാണ് മത്സരിച്ചത്. റബറിന് വില ഉയര്‍ത്താനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉണ്ടായില്ല. റബര്‍ വില വിഷയത്തിലെ എല്ലാ വാര്‍ത്തകളും, ലേഖനങ്ങളും, അഭിപ്രായങ്ങളും പഠന വിഷയമായപ്പോഴാണ് കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍ സംഭരിക്കുകയും റബര്‍ കൃഷി ലാഭകരമായി കൊണ്ടുപോകാന്‍ കര്‍ഷകനു ലഭിക്കേണ്ട ന്യായവില  സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കണമെന്ന നിര്‍ദ്ദേശവും  ഉണ്ടായത്. ഈ സാഹചര്യത്തിലാണ് റബര്‍ കര്‍ഷകര്‍ മാത്രം അംഗങ്ങളായ റബര്‍ കര്‍ഷക ഉല്‍പാദക സംഘങ്ങള്‍ (ആര്‍പിഎസ്) ചിത്രത്തില്‍  വരുന്നത്. കേരളത്തില്‍ 2400 ആര്‍പിഎസ്സുകള്‍ പ്രവര്‍ത്തിക്കുന്നു.  റബര്‍ കര്‍ഷകരുടെ മേഖലയിലെ ഒരു  കിലോ മീറ്റര്‍ ചുറ്റളവില്‍ ഒരു ആര്‍പിഎസ്  ഉണ്ട്. റബര്‍ പാല്‍ സംഭരച്ച് നല്ല  റബര്‍ ഷീറ്റ് ഉണ്ടാക്കി വില്‍ക്കുന്നതടക്കം റബര്‍ മേഖലയില്‍ കാലങ്ങളായി പ്രവര്‍ത്തിക്കുന്ന നിരവധി ഞജട കള്‍ ഉണ്ടെന്ന കണ്ടെത്തലിലാണ് റബര്‍ സംഭരണവും  സംസ്ഥാന സര്‍ക്കാരിന്റെ റബര്‍ സബ്‌സിഡിയും ആര്‍പിഎസ്  വഴി കര്‍ഷകര്‍ക്കു നല്‍കാമെന്ന നിര്‍ദ്ദേശം ഉയര്‍ന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്ന 2015 ലെ സംസ്ഥാന ബഡ്ജറ്റില്‍ റബറിന്റെ  ന്യായവില  150 രൂപയായി നിശ്ചിയിക്കുകയും റബര്‍ വില 150 രൂപയില്‍ നിലനിര്‍ത്താനായി  300 കോടി രൂപയുടെ വില സ്ഥിരതാ ഫണ്ട്  സംസ്ഥാന ധനമന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ധനസഹായം നേരിട്ട് എത്തിക്കുന്ന ഡിബിറ്റി സമ്പ്രദായം ഇക്കാര്യത്തില്‍ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശം ഉണ്ടായി. 72 ലക്ഷത്തിലധികം  എല്‍പിജി ഉപഭോക്താക്കള്‍ക്ക്  സബ്‌സിഡി നേരിട്ട് ബാങ്കുകളില്‍ക്കൂടി നല്‍കുന്ന  കേരളത്തില്‍ റബര്‍ കര്‍ഷകര്‍ക്ക് എന്തുകൊണ്ട്  ഇപ്രകാരം നേരിട്ട് പണം  നല്‍കികൂടാ? ഇക്കാര്യത്തില്‍ അധുനിക സാങ്കേതിക വിദ്യകളും,  പണം കൈമാറ്റ സംവിധാനവും,  റബര്‍ ഉല്‍്പാദക സംഘങ്ങളുമായിട്ടുള്ള നെറ്റുവര്‍ക്കിംഗും, നിലവിലെ റബര്‍ കച്ചവടക്കാരുടെ സേവനവും, പരമാവധി ഉപയോഗപ്പെടുത്തിയുളള സംവിധാനത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കിയതെന്ന് മനസ്സിലാക്കുന്നു. എല്ലാ റബര്‍ കര്‍ഷകരും തൊട്ടടുത്ത ഉല്‍പാദക സംഘങ്ങളില്‍ അവരുടെ  കൃഷിയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്ന അപേക്ഷ സമര്‍പ്പിക്കണം. ആര്‍പിഎസ് പ്രസിഡന്റും റബര്‍ബോഡിന്റെ ഫീല്‍ഡ് ഓഫീസറും  ഇക്കാര്യം സാക്ഷ്യപ്പെടുത്തി അടിസ്ഥാന രേഖയാക്കും. ഒരു ഹെക്ടറില്‍നിന്ന് 1800 കിലോ റബറിന് സബ്ഡിഡി നല്‍കും. കച്ചവടക്കാരന്‍ നല്‍കുന്ന ബില്ല് ആര്‍പിഎസ്സില്‍  എത്തിക്കുന്നു. ഓരോ 15 ദിവസം കൂടുമ്പോഴും ഇക്കാര്യം ആര്‍പിഎസ്സുകള്‍ സര്‍ക്കാരിനെ അറിയിക്കുന്നു. 150രൂപയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം സര്‍ക്കാര്‍ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കുന്നു. ഈ നടപടി മൂലം അനര്‍ഹരായ വ്യക്തിയുടെ  കയ്യില്‍  പണം എത്തുന്നില്ല. 2015 ജൂണ്‍ 16 ന് റബര്‍ മേഖലയിലെ പ്രതിസന്ധി പഠിക്കാന്‍ രൂപീകരിച്ച കമ്മറ്റിയില്‍ സ്വന്തമായി റബര്‍ കൃഷിയുള്ള ആരും തന്നെ ഇല്ലായിരുന്നു എന്നതാണ് വേദനാജനകം. റബര്‍കര്‍ഷകരുടെ പ്രതിനിധിയും റബര്‍ മേഖയിലെ വിദഗ്ദര്‍ എന്ന് അവകാശപ്പെടുന്നവരും, റബര്‍ ഉല്‍പാദക സംഘങ്ങളുടെ പ്രതിനിധിയും ഇടനിലക്കാരെ ഒഴിവാക്കി ആര്‍പിഎസ് വഴി റബര്‍ സബ്‌സിഡി കര്‍ഷകര്‍ക്ക് നേരിട്ട് നല്‍കുന്ന പദ്ധതിയെ എതിര്‍ത്തത്  എന്തിനാണെന്ന് മനസ്സിലാകുന്നില്ല. 300 കോടിക്ക് 20000 ടണ്‍ സംഭരിച്ചുവെക്കണം എന്നായിരുന്നു അവരുടെ നിലപാട്. എന്നാല്‍ 150 രൂപയും വിപണി വിലയും തമ്മിലുള്ള വ്യത്യാസം  (നിലവില്‍ 30 രൂപാ ) നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍ നല്‍കുകയാണെങ്കില്‍ ഒരു  ലക്ഷം ടണ്‍ റബറിന്റെ ക്രയവിക്രയം നടക്കും. മുന്‍കാലങ്ങളില്‍ റബര്‍ സംഭരണത്തിന് സര്‍ക്കാര്‍ മുടക്കിയ പണം മുഴുവന്‍ റബര്‍കര്‍ഷകരുടെ അക്കൗണ്ടിലേക്കല്ല സംഭരണത്തിന് നേതൃത്വം  നല്‍കിയ  ഏജന്‍സികളുടെ അക്കൗണ്ടിലേക്കാണ് പോയതെന്ന കാര്യം കര്‍ഷക സംഘടനാ നേതാക്കള്‍ മനസ്സിലാക്കിയിട്ടില്ല. ആര്‍പിഎസ് വഴി റബര്‍ സംഭരണത്തെ എതിര്‍ത്ത കര്‍ഷക പ്രതിനിധികള്‍ റബര്‍ കര്‍ഷക മേഖലയിലെ യഥാര്‍ത്ഥ സ്ഥിതി മനസ്സിലാക്കാത്തവരാണ്. 8.97 ലക്ഷം ക്ഷീരകര്‍ഷകരില്‍ നിന്നും 3155 ആപ് കോസ്സുകളിലൂടെ പ്രതിദിനം 1222 മെട്രിക് ടണ്‍ പാല്‍ സംഭരിച്ചു വില്‍ക്കുന്ന സംവിധാനമുള്ള കേരളത്തില്‍ വരുംകാലത്ത് ഏറെ ശക്തിപ്പെടേണ്ടത് റബര്‍ ഉല്‍പാദക സംഘങ്ങളാണ്. സ്വന്തമായി റബര്‍കൃഷി ചെയ്യാത്തവര്‍ റബര്‍ കര്‍ഷകരുടെ വക്താക്കളാവുന്നത് ശരിയല്ല. അങ്ങനെയുള്ളവര്‍ക്ക് റബര്‍ കൃഷിയേപ്പറ്റിയോ റബര്‍കര്‍കഷന്റെ പ്രശ്‌നങ്ങളെക്കുറിച്ചോ അറിവുണ്ടാവില്ല .ഇനിയുള്ള ദിവസങ്ങള്‍ റബര്‍ ഉല്‍പാദക സംഘങ്ങള്‍ക്കും ഭാരവാഹികള്‍ക്കും ഏറെ ഉത്തരവാദിത്വമുള്ള ദിവസങ്ങളാണ്. ഒരു റബര്‍കര്‍ഷകനെയും ഒഴിവാക്കാതെ എല്ലാവരെയും ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യിക്കണം. സര്‍ക്കാര്‍ ധനസഹായം കര്‍ഷകരിലേക്ക് നേരിട്ടെത്തിക്കുന്നതിനാ യി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക രജിസ്‌ട്രേഷനില്‍ കോട്ടയം ജില്ലയില്‍ 87148 പേരും എറണാകുളം ജില്ലയില്‍ 65305 പേരും ഇടുക്കി ജില്ലയില്‍ 108059 പേരും പത്തനംതിട്ട ജില്ലയില്‍ 62604 പേരും മാത്രമാണ് അംഗങ്ങളായിട്ടുള്ളതെന്ന വസ്തുത  കര്‍ഷക നേതാക്കളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. എല്ലാ റബര്‍ കര്‍ഷകരെയും  ആര്‍പിഎസ്സില്‍ രജിസ്റ്റര്‍ ചെയ്യി ക്കാന്‍ കര്‍ഷക സംഘടനകള്‍ ജാഗ്രത പുലര്‍ത്തണം. സെന്ററര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ മാനേജിംഗ് ട്രസ്റ്റിയാണ് ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.