നിലവാരമില്ലാത്ത ഉത്പന്നങ്ങള്‍ക്ക് 'ശബരി' എന്ന ഓമനപ്പേര്

Saturday 11 July 2015 10:30 pm IST

തിരുവനന്തപുരം: സപ്ലൈകോ വഴി വിറ്റഴിക്കുന്ന നിലവാരമില്ലാത്ത ഭക്ഷ്യോത്പന്നങ്ങള്‍ക്ക് ശബരി എന്ന ഓമനപ്പേര്. സംസ്ഥാന സര്‍ക്കാരിന്റെ ബ്രാന്റഡ് നെയിമാണ് ശബരി. എന്നാല്‍ പായ്ക്കറ്റിനുള്ളില്‍ ഗുണനിലവാരമില്ലാത്ത സാധനങ്ങള്‍ കുത്തി നിറയ്ക്കുന്നത് കുത്തക  കമ്പനികള്‍. മാവേലി, നീതി, നന്മ സ്റ്റോറുകള്‍ വഴി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വിറ്റഴിക്കുന്ന നിത്യോപയോഗ സാധനങ്ങളാണ് ഗുണനിലവാരമില്ലെന്ന് വ്യാപക പരാതി ഉയര്‍ന്നിരിക്കുന്നത്. പത്തുവര്‍ഷം മുമ്പാണ് ശബരി ഉത്പന്നങ്ങള്‍ പായ്ക്ക് ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യകമ്പനികളുടെ ടെണ്ടര്‍ ക്ഷണിച്ചു തുടങ്ങിയത്. ശബരി ബ്രാന്റ് ആരംഭഘട്ടത്തില്‍ തേയില മാത്രമാണ് വിപണിയിലെത്തിച്ചിരുന്നത്. കേരളത്തിലെ തേയില തോട്ടങ്ങളില്‍ നിന്ന് ഗുണമേന്മയുള്ള തേയില നേരിട്ട് ജനങ്ങളിലെത്തിക്കുന്ന ശബരി തേയിലയ്ക്ക് വലിയ പ്രചാരമാണ് ലഭിച്ചത്. കടുപ്പവും രുചിയുമുള്ള ശബരി തേയിലയ്ക്ക് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും മാവേലി സ്റ്റോറുകളിലും ആവശ്യക്കാരേറെയായിരുന്നു. സി.ദിവാകരന്‍ ഭക്ഷ്യമന്ത്രിയായതോടെ തേയിലയടക്കം ശബരി പുറത്തിറക്കുന്ന മുഴുവന്‍ ഉത്പന്നങ്ങളുടെയും പായ്ക്കിംഗ് സ്വകാര്യ കമ്പനികള്‍ക്ക് തീറെഴുതി നല്‍കി. ഉപ്പ്, പുളി, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി ഇപ്പോള്‍ പാമോലിന്‍ വരെ കുത്തക കമ്പനികളാണ് ശബരിയുടെ പേരില്‍ വിപണിയിലെത്തിക്കുന്നത്. വര്‍ഷാവര്‍ഷം ടെണ്ടര്‍ പുതുക്കി ഉത്പന്നങ്ങളുടെ വിതരണാവകാശം സ്വകാര്യ കമ്പനികള്‍ക്കു നല്‍കി ജനങ്ങളെ ചൂഷണം ചെയ്യുകയാണ്. ചെറുകിട, കുടുംബശ്രീ ഉത്പന്നങ്ങള്‍ ശബരി എന്ന പേരില്‍ വിറ്റഴിക്കുന്നതിന് സംരംഭകര്‍ പല പ്രാവശ്യം വകുപ്പിനെ സമീപിച്ചെങ്കിലും അനുമതി നല്‍കാന്‍ കൂട്ടാക്കിയില്ല. കോഴിക്കോട്, തൃശൂര്‍, എറണാകുളം, കൊല്ലം മേഖലയിലുള്ള സ്വകാര്യ-വന്‍കിട കമ്പനികളാണ് വര്‍ഷങ്ങളായി ശബരിയുടെ പായ്ക്കിംഗ് കരാര്‍ ഏറ്റെടുക്കുന്നത്. കരാര്‍ ഏറ്റെടുത്ത കമ്പനികളുടെ ബ്രാന്റില്‍ പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ പത്തുശതമാനം പോലും നിലവാരമില്ലാത്ത സാധനങ്ങളാണ് ശബരിയുടെ പേരില്‍ വിതരണത്തിനെത്തിക്കുന്നത്. ഉത്പന്ന വില, പായ്ക്കിംഗ് ചാര്‍ജ്ജ് മുതലായവയ്ക്ക് ഏറ്റവും കുറഞ്ഞ തുക ടെണ്ടര്‍ നല്‍കുന്നവര്‍ക്കാണ് ശബരിയുടെ കരാര്‍ നല്‍കുന്നത്. കുറഞ്ഞ ടെണ്ടര്‍ തുക രേഖപ്പെടുത്തി തങ്ങളുടെ ഗുണമേന്മ കുറഞ്ഞ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് കരാറുകാര്‍. പായ്ക്കറ്റിനു മുകളില്‍ സര്‍ക്കാര്‍ സംരംഭമെന്ന സുരക്ഷിത വാചകമുള്ളതിനാല്‍  ശബരി ഉത്പന്നങ്ങളുടെ വില്‍പന വളരെ കൂടുതലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.