മഞ്ചേരി: കുട്ടികളുടെ വിദ്യാഭ്യാസ അവകാശ സംരക്ഷണത്തിനും ആരോഗ്യ ഭക്ഷണ ശൈലിയില്‍ മാറ്റം വരുത്തുന്നതിനും ബാലമന്ത്രാലയം രൂപീകരിക്കണമെന്ന് മഞ്ചേരിയില്‍ നടന്ന ബാലഗോകുലം 40-ാം സംസ്ഥാന സമ്മേളനം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
പാഠപുസ്തകങ്ങളുടെ അച്ചടിയിലും വിതരണത്തിലും സംസ്ഥാന സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരിക്കുകയാണ്. പരമ്പരാഗത പരീക്ഷാ സമ്പ്രദായം അട്ടിമറിക്കപ്പെട്ടിരിക്കുന്നു. ഓണം, ജന്മാഷ്ടമി തുടങ്ങിയ ഉത്സവങ്ങള്‍ കുട്ടികള്‍ക്ക് ആഘോഷിക്കാനും ആസ്വദിക്കാനും കഴിയാത്ത അവസ്ഥയാണ്. പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങളിലെ അപാകതകളും വിഭാഗീയതകളും ആശങ്ക സൃഷ്ടിക്കുന്നു. ഈ വിഷയങ്ങളിലെല്ലാം സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.
വിദ്യാലയ പരിധിയില്‍ മയക്കുമരുന്നിന്റെ വില്‍പ്പന തടയാനും കുട്ടികളെ യഥാസമയം ബോധവത്കരിക്കാനും കാര്യക്ഷമമായി സാധിക്കുന്നില്ല. മദ്യപാനത്തിന്റെ ശരാശരി പ്രായം 14 വയസ്സാണെന്ന കണ്ടെത്തല്‍ ആശങ്കാജനകമാണ്. മറ കൂടാതെയുള്ള ലഹരി വില്‍പ്പനയും ഉപയോഗവും ആപത്താണ്. ബാലപീഡനം നിരന്തരം വര്‍ദ്ധിക്കുന്നു. കുട്ടികള്‍ക്കായി വിപണിയിലെത്തുന്ന ഭക്ഷണത്തില്‍ വിഷാംശം കണ്ടെത്തുന്നു. ദീര്‍ഘകാലമായി, മത സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും മറവില്‍ നടക്കു ന്ന കുട്ടിക്കടത്തുകള്‍ ദുരൂഹത വളര്‍ത്തുകയാണ്, പ്രമേയം ചൂണ്ടിക്കാട്ടി.
സമൂഹമധ്യത്തില്‍ കുട്ടികള്‍ക്ക് സ്വത്വബോധം വീണ്ടെടുക്കാന്‍ കഴിയണം. കുട്ടികളെ അംഗീകരിക്കാന്‍ പൊതുസമൂഹത്തിന്റെ മനസ്സ് പാകപ്പെടണം. കുട്ടികളിലെ വ്യക്തിത്വ പോഷണത്തിന് ബോധവത്കരണം നടത്തണം. ശിശുക്ഷേമ സമിതിയുടെ പരിധിയില്‍ ഉള്‍പ്പെടാത്തതും പൊതുബാലസമൂഹത്തിന്റെ സര്വ്വതോന്മുഖമായ വളര്‍ച്ചയെ ലക്ഷ്യം വയ്ക്കുന്നതുമായ നൂതന മന്ത്രാലയം രൂപപ്പെടുത്തുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
കെ.പി. ബാബുരാജിനെ പ്രസിഡന്റായും ആര്. പ്രസന്നകുമാറിനെ ജനറല്‍ സെക്രട്ടറിയായും കെ.എസ്. നാരായണനെ ട്രഷററായും സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: എം.എ. കൃഷ്ണന് (മാര്‍ഗ്ഗദര്‍ശി), വി.ജെ. രാജ്മോഹന്‍, ദേവകി അന്തര്‍ജ്ജനം (വൈസ് പ്രസി), വി. ഹരികുമാര്‍, സി. അജിത്ത്, കെ. മോഹന്‍ദാസ്, കെ.എന്‍. അശോകന്, കെ. സജികുമാര്‍, എന്‍.വി. പ്രജിത്ത്, പി. സ്മിത വത്സലന്‍ (സെക്രട്ടറിമാര്‍), ഡോ. ആശ ഗോപാലകൃഷ്ണന് (ഭഗിനി പ്രമുഖ്), പി. സുധാകുമാരി (സഹഭഗിനിപ്രമുഖ്), എ. മുരളീകൃഷ്ണന് (സംഘടനാ സെക്രട്ടറി), ടി.ജി. അനന്തകൃഷ്ണന് (കാര്യാലയ കാര്യദര്‍ശി), എം.ആര്. പ്രമോദ് (കാര്യാലയ പ്രമുഖ്), സി.സി. ശെല്വന്, എന്‍. ഹരീന്ദ്രന്‍മാസ്റ്റര്‍, എസ്. സുനില്‍കുമാര്‍, കെ.വി. കൃഷ്ണന്‍കുട്ടി, എം. സത്യന്, ജി. സന്തോഷ്കുമാര്‍, എം.കെ. സതീശന് (സംസ്ഥാനസമിതി അംഗങ്ങള്‍), സി.എന്‍. പുരുഷോത്തമന്, ടി.പി. രാജന്‍മാസ്റ്റര്‍, ഡി. നാരായണശര്‍മ, പ്രൊഫ. പി.എം. ഗോപി, കെ.എല്‍. മോഹനന്, പി.കെ. വിജയരാഘവന്, കെ. കൃഷ്ണകുമാര്‍, സി.കെ. സുനില്‍ (പ്രത്യേകക്ഷണിതാക്കള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: