പി. ജയരാജനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റി

Monday 13 July 2015 11:47 pm IST

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് പി. ജയരാജനെ മാറ്റി. സെക്രട്ടറിയുടെ താത്കാലിക ചുമതല എം.വി. ജയരാജന് നല്‍കി. മനോജ് വധക്കേസില്‍ സിബിഐ അറസ്റ്റു ചെയ്യുമെന്ന് സൂചന നിയമ വൃത്തങ്ങളില്‍ നിന്ന് ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് പി. ജയരാജനെ നേതൃസ്ഥാനത്തുനിന്ന് മാറ്റിയയെന്ന് അറിയുന്നു. ഇന്നലത്തെ ജില്ലാകമ്മിറ്റി യോഗത്തില്‍ ജയരാജനെ നീക്കണമെന്ന് പാര്‍ട്ടിയംഗങ്ങളില്‍നിന്ന് സമ്മര്‍ദ്ദമുണ്ടായെന്നും പറയപ്പെടുന്നു. ജില്ലാ സെക്രട്ടറി തുടര്‍ച്ചയായി കേസുകളില്‍പ്പെട്ട് അറസ്റ്റിലാകുന്നത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും ഇതില്‍നിന്നു പാര്‍ട്ടിയുടെ മുഖംരക്ഷിക്കാന്‍കൂടിയാണ് ഈ നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം ആരോഗ്യപരമായ കാരണങ്ങളാല്‍  പി. ജയരാജന്‍ അവധിയിലാണെന്നാണ് നേതൃത്വം നല്‍കുന്ന വിശദീകരണം. കതിരൂര്‍ മനോജ് വധക്കേസില്‍ അറസ്റ്റിലാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയരാജനെ മാറ്റി നിര്‍ത്തണമെന്ന സമര്‍ദവുമായി പാര്‍ട്ടിയിലെ ഒരു വിഭാഗം രംഗത്തെത്തിയതായി വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ജില്ലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഒന്നിലധികം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ  ജയരാജന്‍ സിപിഎമ്മിന്റെ ജനകീയ അടിത്തറക്ക് വിള്ളലുണ്ടാക്കുന്നുണ്ടെന്നും മനോജ് വധക്കേസില്‍ സിബിഐ അറസ്റ്റു ചെയ്യുന്നപക്ഷം പാര്‍ട്ടിക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് ചില ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഇന്നലത്തെ യോഗത്തില്‍ അഭിപ്രായപ്പെട്ടതായറിയുന്നു.  ആര്‍എസ്എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹ് പി.മോഹനനെയും എംഎസ്എഫ് പ്രവര്‍ത്തകന്‍ അരിയില്‍  ഷുക്കൂറിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ജയരാജന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.