അന്ത്യോപചാരം

Sunday 19 July 2015 8:12 am IST

1993 ആഗസ്റ്റ് 3, അമേരിക്കയിലെ സാന്‍ഡിയാഗോയില്‍വെച്ച് സ്വാമി ചിന്മയാനന്ദന്‍ തന്റെ ഭൗതികശരീരമുപേക്ഷിച്ച് പരമാത്മാവില്‍ ലയിച്ചു. അദ്ദേഹത്തിന്റെ ഭൗതികശരീരം വിമാനമാര്‍ഗം ആഗസ്റ്റ് 6-ാം തീയതി ദല്‍ഹിയിലെ ചിന്മയാമിഷനിലേക്ക് കൊണ്ടുവന്നു.  പൊതുജനങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തു. സ്വാമിജിയുടെ ഭൗതികശരീരം പത്മാസനത്തിലിരുത്തിയാണ് അമേരിക്കയില്‍നിന്ന് കൊണ്ടുവന്നത്. പ്രശാന്തമായ മുഖഭാവം. ചുണ്ടുകളില്‍ ഒരു മന്ദസ്മിതത്തിന്റെ ഛായ. രാഷ്ട്രീയനേതാക്കന്‍മാര്‍, സമൂഹത്തിലെ പ്രമുഖര്‍, ആയിരക്കണക്കിനു സാധാരണക്കാര്‍- ഓരോരുത്തരായി പ്രാര്‍ത്ഥനാപൂര്‍വ്വം ആ മഹാഗുരുവിന് അന്തേ്യാപചാരങ്ങളര്‍പ്പിച്ചു. ദൂരദര്‍ശന്‍ സ്വാമിജിയെക്കുറിച്ചുള്ള വാര്‍ത്തയ്ക്കു വളരെ പ്രാധാന്യം നല്‍കി. പത്രമാധ്യമങ്ങള്‍ അദ്ദേഹത്തെ വാനോളം പുകഴ്ത്തി. സന്ധ്യയായതോടെ സ്വാമിജിയുടെ ഭൗതികശരീരം സിദ്ധബാരിയിലേക്കെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി. ഹിമാചല്‍പ്രദേശിന്റെ വടക്കുഭാഗത്ത് ഹിമാലയത്തിനു തൊട്ടാണ്  സിദ്ധബാരി സ്ഥിതിചെയ്യുന്നത്. സ്വാമിജി ഓരോ തവണയും സിദ്ധബാരിയില്‍ വന്നെത്തുമ്പോള്‍ ആരാധകര്‍ അദ്ദേഹത്തിനു നല്‍കാറുള്ള സ്‌നേഹാദരസമന്വിതമായ വരവേല്‍പ്പ്, അതേപോലെ എല്ലാ ആചാരവിധികളോടുംകൂടി ഇത്തവണയും നല്‍കപ്പെട്ടു. സ്വാമിജിയുടെ ഭൗതികശരീരത്തിന്. പ്രധാനപട്ടണങ്ങളില്‍നിന്നും എത്രയോ അകലെ ഒറ്റതിരിഞ്ഞുകിടക്കുന്നൊരു ഗ്രാമം. എന്നിട്ടും ആ ഗ്രാമത്തിലെ ഹാളില്‍ അന്ന് രണ്ടായിരത്തില്‍പരം ആളുകള്‍ തിങ്ങിക്കൂടിയിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട ഗുരുദേവന് അന്തേ്യാപചാരമര്‍പ്പിക്കാന്‍. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും സ്വാമിജിയുടെ ശിഷ്യന്‍മാരും ആരാധകരും വന്നെത്തിക്കൊണ്ടിരുന്നു. രാത്രി മുഴുവന്‍ നാമജപവും കീര്‍ത്തനാലാപനവുമായി അവര്‍ ഉറങ്ങാതിരുന്നു. .... തുടരും

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.