പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി

Tuesday 14 July 2015 10:17 pm IST

പറവൂര്‍: പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. കലൂര്‍ മഠത്തിപ്പറമ്പില്‍ ജസ്റ്റിന്‍ മകന്‍ ജോയല്‍ (19)നെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരമണിയോടെ കരുമാല്ലൂര്‍ പുറപ്പിള്ളിക്കാവ് കടവിലായിരുന്നു അപകടം. പ്ലസ്ടു പാസായ ജോയല്‍ തുടര്‍ പഠനത്തിന് തയ്യാറെടുക്കുകയായിരുന്നു. എളമക്കരയിലുള്ള രണ്ട് സുഹൃത്തുക്കളുമൊത്ത് എത്തിയ ഇവര്‍ പെരിയാറിന് കുറുകെ പുറപ്പിള്ളിക്കാവില്‍ നിര്‍മ്മിച്ചിട്ടുള്ള മണല്‍ ബണ്ടിന് സമീപമാണ് കുളിക്കാനിറങ്ങിയത്. ഓര് വെള്ളം കയറുന്നത് തടയാന്‍ വേണ്ടി നിര്‍മ്മിച്ച മണല്‍ ബണ്ട് രണ്ടാഴ്ചകള്‍ക്ക് മുമ്പാണ് പൊട്ടിയത്. മഴക്കാലമായതിനാല്‍ ശക്തമായ ഒഴുക്കായിരിക്കും എപ്പോഴും. മണല്‍ ബണ്ട് തകര്‍ന്നതിനാല്‍ ഇവിടെ കുളിക്കുന്നത് അപകടമാണെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും പുറത്തുനിന്നും എത്തുന്നവര്‍ അത് ഗൗനിക്കാറില്ല. ഇത്തരത്തില്‍ മുന്നറിയിപ്പുകളെ അവഗണിച്ച് നിരവധി ജീവനുകളാണ് ഇവിടെ പുഴയുടെ ആഴങ്ങളില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ളത്. ഇവിടെ പെരിയാറിന് കുറുകെ റഗുലേറ്റര്‍കം ബ്രിഡ്ജ് നിര്‍മ്മിക്കണമെന്ന ജനങ്ങളുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് നിര്‍മ്മാണത്തിനുള്ള പ്രാഥമിക കാര്യങ്ങള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞു. അപകടത്തെതുടര്‍ന്ന് നാട്ടുകാരും ഫയര്‍ഫോഴ്‌സും ആലങ്ങാട് പോലീസും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.