കല്ലില്‍ ഭഗവതി ക്ഷേത്രം

Wednesday 15 July 2015 9:05 pm IST

കേരളത്തിലെ എറണാകുളം ജില്ലയിലെ പെരുമ്പാവവൂരിലെ മേതല എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ കല്ലില്‍ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒമ്പതാം നൂറ്റാണ്ടില്‍ സ്ഥാപിച്ച കേരളത്തിലെ പ്രശസ്തമായ ജൈനക്ഷേത്രമായിരുന്നു കല്ലില്‍ ക്ഷേത്രം. ഇന്ന് കല്ലില്‍ ഭഗവതി ക്ഷേത്രം എന്നാണറിയപ്പെടുന്നത്. 28 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഒരു കാട്ടിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഒരു വലിയ പാറയുടെ മുകളില്‍ പണിത ഈ ക്ഷേത്രത്തില്‍ എത്തുവാന്‍ 120 പടികള്‍ കയറണം. പെരുമ്പാവൂരില്‍ നിന്നു 10 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം. 'കല്ല്' എന്ന പദം ആദിദ്രാവിഡ ഭാഷയാണ്. കല്ല് + ഇല്‍ = കല്ലില്‍ എന്ന പദമുണ്ടായി. കുഴിക്കുക, മാളമുണ്ടാക്കുക എന്നൊക്കെ അര്‍ത്ഥമുള്ള ഈ പദത്തില്‍ നിന്ന് കല്ലില്‍ ക്ഷേത്രത്തിനു ഗുഹാക്ഷേത്രം എന്നര്‍ഥം വരും. ക്ഷേത്രത്തിന്റെ കവാടം കടക്കുന്നിടം മുതല്‍ പാറകള്‍ നിറഞ്ഞ വഴിയും ചെറിയ കാടുകളും കാണാം. മുകളിലേക്കു ചെല്ലുംതോറും പാറക്കല്ലുകള്‍ കൂടുതല്‍ കാണപ്പെടുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള പടികളത്രയും കരിങ്കല്ലില്‍ തീര്‍ത്തതാണ്. പടികള്‍ കയറിച്ചെല്ലുമ്പോള്‍ കാണുന്ന ആനപ്പന്തലിന്റെ കരിങ്കല്ലില്‍ തീര്‍ത്ത തൂണുകള്‍ ആരെയും അദ്ഭുതപ്പെടുത്തും! പ്രദക്ഷിണവഴിയിലും ശ്രീകോവിലിനു മുന്നിലും നിലത്താകെയും കല്ലിന്റെ പാളികളാണ് പാകിയിരിക്കുന്നത്. ശ്രീകോവിലിനു മുന്നിലെ നമസ്‌ക്കാരമണ്ഡപമാകട്ടെ മേല്‍ക്കൂരയടക്കം മുഴുവനായും കരിങ്കല്ലില്‍ തീര്‍ത്തതാണ്! ഭഗവതി ഇരുന്നരുളുന്ന ശ്രീകോവില്‍ ഒരു പടുകൂറ്റന്‍ കല്ലില്‍ ഉണ്ടായിരുന്നതോ നിര്‍മ്മിക്കപ്പെട്ടതോ ആയ ഒരു ഗുഹയ്ക്കുള്ളിലാണ്. ഗുഹാക്ഷേത്രമായതിനാല്‍ത്തന്നെ പതിവ് ക്ഷേത്രങ്ങളിലേതുപോലെ പ്രദക്ഷിണം ചെയ്ത് ശ്രീകോവിലിനു പിന്നില്‍ ചെന്ന് ദര്‍ശനം നടത്താന്‍ ഇവിടെ സാധിക്കില്ല. ഭഗവതിയെ പ്രദക്ഷിണംവയ്ക്കുന്ന ഭക്തര്‍ ശ്രീകോവില്‍ സ്ഥിതി ചെയ്യുന്ന കല്ലിനെയും  കൂടിയാണ് പ്രദക്ഷിണം വയ്ക്കുന്നത്! പ്രദക്ഷിണ വഴികളിലും കല്ലില്‍ തീര്‍ത്ത പടവുകളിലും ചെറു ഗുഹകളിലും കല്ലുകളെ പിണഞ്ഞ് കാലങ്ങളായി ദേവിക്ക് പാദസേവ ചെയ്തു പോരുന്ന വേരുകളും നിറയെ കാണാം. ഇങ്ങനെ അക്ഷരാര്‍ത്ഥത്തില്‍ 'കല്ലില്‍' അരുളുന്ന ദേവിയെയാണ് ഇവിടെ വന്നാല്‍ കാണാനാവുക ചരിത്രം കല്ലില്‍ ക്ഷേത്രം ആര്യാധിപത്യകാലത്തിനു മുമ്പ് പ്രസിദ്ധമായ ഒരു ജൈനഗുഹാക്ഷേത്രമായിരുന്നു. പിന്നീട് ബ്രാഹ്മണാധിപത്യകാലത്തോടെ സങ്കല്പങ്ങളും പ്രതിഷ്ഠയും ബ്രാഹ്മണീകരിക്കപ്പെട്ടു. ഗുഹാക്ഷേത്രങ്ങളുടെ ഉത്ഭവം ജൈനമതം നിലന്നിന്നിരുന്ന കാലത്താണ്. പ്രതിഷ്ഠകള്‍ ദുര്‍ഗ്ഗയാണ് ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ഒരു പാറ തുരന്നുണ്ടാക്കിയ ഗുഹയിലാണ് ഭഗവതി പ്രതിഷ്ഠ. പഞ്ചലോഹകവചംകൊണ്ട് വിഗ്രഹം മൂടിയിരിക്കുന്നു. ഇത് യഥാര്‍ത്ഥത്തില്‍ ജൈനമതത്തിലെ യക്ഷിയായ പദ്മാവതിയുടെ വിഗ്രഹമാണ്. ബ്രഹ്മാവിന്റെ വിഗ്രഹം ഈ പാറമലയ്ക്കു മുകളില്‍ കൊത്തി ഉണ്ടാക്കിയിരിക്കുന്നു. ബ്രഹ്മാവിന്റെ കൂടെ ശിവനും വിഷ്ണുവും കൂടിയുണ്ടെന്നാണ് സങ്കല്പം. അതു കൊണ്ട് ശിവനും വിഷ്ണുവിനും ഒപ്പം ബ്രഹ്മാവിനെയും ഇവിടെ പൂജിക്കുന്നു. ഈ വിഗ്രഹങ്ങള്‍ പാര്‍ശ്വനാഥന്റെതും മഹാവീരന്റെതുമായിരുന്നു. ഗണപതി, ശാസ്താവ്, കരിനാഗയക്ഷി എന്നിവര്‍ സാന്നിദ്ധ്യമരുളുന്നു. വലിയമ്പലത്തിനു വെളിയിലായി വടക്ക് കിഴക്ക് മൂലയില്‍ പടിഞ്ഞാറോട്ട്ദര്‍ശനമായി ഒമ്പത് പ്രതിഷ്ഠകള്‍ ഉണ്ട്. പൂജകള്‍ അടുത്തകാലം വരെ ഉച്ചപൂജയോടെ പൂജകള്‍ അവസാനിച്ച് മദ്ധ്യാഹ്നത്തോടെ നടയടയ്ക്കുന്ന പതിവായിരുന്നു. രാത്രികാലങ്ങളില്‍ മേല്‍ശാന്തിക്ക് കാടിനു നടുവിലുള്ള ക്ഷേത്രത്തിലെത്തി പൂജകള്‍ നിര്‍വ്വഹിക്കുന്നതിലുള്ള വിഷമത പരിഗണിച്ചായിരുന്നിരിക്കാം ഇത്. അന്നാളുകളില്‍ സന്ധ്യാപൂജ കല്ലില്‍ ഷാരത്ത് തന്നെ നിര്‍വ്വഹിക്കപ്പെട്ടുപോന്നു. എന്നാല്‍ ഏതാനും വര്‍ഷങ്ങളായി ഉച്ചപൂജയ്ക്ക് ശേഷം നടയടയ്ക്കുന്ന ക്ഷേത്രം സന്ധ്യയോടെ ദീപാരാധനയ്ക്കായി വീണ്ടും തുറക്കുന്നു. അത്താഴപൂജയ്ക്കു ശേഷം 7.30ടെ പൂജകള്‍ അവസാനിച്ച് നടയടയ്ക്കുന്നു. ഈ പൂജാക്രമം നിലവില്‍ വരുന്നതിനു മുമ്പ് വൃശ്ചികമാസത്തിലെ കാര്‍ത്തികയ്ക്ക് കൊടിയേറുന്ന തൃക്കാര്‍ത്തിക മഹോത്സവനാളുകളില്‍ മാത്രമേ ദീപാരാധന തുടങ്ങിയ സായാഹ്നപൂജകള്‍ പതിവുണ്ടായിരുന്നുള്ളൂ. ക്ഷേത്രത്തിലെ തന്ത്രി നെടുമ്പുള്ളി തരണനെല്ലൂര്‍ മനയാണ്. നേരത്തെ കല്ലില്‍ പിഷാരടി കുടുംബം വകയായിരുന്ന ഈ ക്ഷേത്രം, പിന്നീട് തിരുവനന്തപുരത്തുള്ള ചെങ്കോട്ടകോണം ശ്രീരാമദാസാശ്രമം ക്ഷേത്രഭരണം ഏറ്റെടുക്കുകയായിരുന്നു.അതിനുശേഷം പിഷാരത്ത് ദേവസ്വം ഭരണം നിര്‍വഹിച്ചു തുടങ്ങി. ഗുഹയുടെ പുറത്തായാണ് ക്ഷേത്രം പണിതിരിക്കുന്നത് വഴിപാടുകള്‍ ക്ഷേത്രത്തില്‍ 'ഇടിതൊഴല്‍' എന്നൊരു വഴിപാടുമുണ്ട്. വ്രതം അനുഷ്ഠിച്ച മാരാര്‍ വാദ്യമേളങ്ങളോടെ ഉണക്കലരി, വെറ്റില, പാക്ക്, ചുണ്ണാമ്പ്, മഞ്ഞള് എന്നീ സാധനങ്ങള്‍ ഉരലില്‍ ഇട്ട് ഇടിച്ച് ഉണ്ടാക്കുന്ന കൂട്ട് ദേവിക്ക് സമര്‍പ്പിച്ച് ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കുന്നു. ഇത് വര്‍ഷത്തിലൊരിക്കല്‍ വൃശ്ചികമാസത്തിലെ കാര്‍ത്തികനാളില്‍ മാത്രമേ പതിവുള്ളു. ഉത്സവം എല്ലാ വര്‍ഷവും ക്ഷേത്രോത്സവം വൃശ്ചികമാസത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ എട്ടു ദിവസം നടത്തുന്നു. ക്ഷേത്രത്തിലെ പ്രതിഷ്ഠയെ ഒരു പിടിയാനപ്പുറത്തിരുത്തി പ്രദക്ഷിണവും നടക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.