പാഠപുസ്തക അച്ചടി: കണക്കുകള്‍ പുറത്തുവിടണം - കെ. സുരേന്ദ്രന്‍

Wednesday 15 July 2015 9:29 pm IST

കോഴിക്കോട്: പാഠപുസ്തക അച്ചടിക്കായി ചെലവാക്കിയ തുകയുടെ കണക്കുകള്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പാഠപുസ്തകങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക, പാഠപുസ്തക അച്ചടി അഴിമതി അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് ഡിഡിഇ ഓഫീസിലേക്ക് യുവമോര്‍ച്ച ജില്ലാകമ്മിറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലും ഈ വര്‍ഷവും പാഠപുസ്തക അച്ചടിക്കായി ചെലവായ തുക എത്രയെന്ന കണക്കുകള്‍ പുറത്തുവിടണം. പാഠപുസ്തകം കൃത്യസമയത്ത് ലഭ്യമാകാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്കും ഖജനാവിനും വന്‍നഷ്ടമാണ് വന്നിരിക്കുന്നത്. പാഠപുസ്തകം അച്ചടിക്കാനുള്ള നടപടി വൈകിപ്പിച്ചതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവന്ന് കര്‍ശന നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് പഠിക്കാന്‍ ടാബ് മതിയെന്ന് പറയുന്ന വിദ്യാഭ്യാസമന്ത്രിക്ക് ടാബ്‌ലറ്റ് വാങ്ങിക്കൊടുക്കാന്‍ സമയമായെന്ന് സുരേന്ദ്രന്‍ പരിഹസിച്ചു. സ്വകാര്യപ്രസ്സുകളില്‍ നിന്ന് കമ്മീഷന്‍ പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പുസ്തക അച്ചടി വൈകിപ്പിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ്സ് എംഎല്‍എ തന്നെ പറയുന്നുണ്ട്. എസ്എസ്എ പദ്ധതിക്കായി കേന്ദ്രം നല്‍കിയ കോടിക്കണക്കിനു രൂപ സംസ്ഥാനത്ത് കൊള്ളയടിക്കപ്പെടുകയാണ്. മദ്രസ്സകള്‍ക്ക് കേന്ദ്രം നല്‍കിയ ഫണ്ടുപോലും ലീഗുകാര്‍ അടിച്ചു മാറ്റുകയാണ്. വിദ്യാഭ്യാ സവകുപ്പില്‍ നടക്കുന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഓണത്തിനുശേഷം ഓണപ്പരീക്ഷ നടത്താമെന്ന് ആരും കരുതേണ്ട. പരീക്ഷ നടത്തണമെന്നുണ്ടെങ്കില്‍ അത് ഓണത്തിനു മുമ്പ് നടത്തണം. ഓണത്തിനുശേഷം പരീക്ഷ നടത്തിയാല്‍ അതുതടയും. മുഖ്യമന്ത്രി പറഞ്ഞ തീയതിക്കുള്ളില്‍ പാഠപുസ്തകം ലഭ്യമാക്കിയില്ലെങ്കില്‍ വിദ്യാഭ്യാസ മന്ത്രിയെ വഴിയില്‍ തടയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ആര്‍. മഞ്ജുനാഥ് അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ പോലീസ് നടപടി നിയമലംഘനവും മനുഷ്യാവകാശ ലംഘനവുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാത്ത ജനാധിപത്യരീതിയിലുള്ള സമരത്തെ നേരിടാന്‍ പോലീസ് നടത്തിയ ഗൂഢാലോചനയെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.