വെളിച്ചെണ്ണ വിലക്കുറവ് താല്ക്കാലികം: ബോര്‍ഡ്

Wednesday 15 July 2015 9:40 pm IST

കൊച്ചി: നാളികേര വിപണിയില്‍ ഇപ്പോള്‍ കാണുന്ന വിലയിടിവ് അകാരണവും കര്‍ഷക കൂട്ടായ്മകളുടെ സമയോചിതവും ക്രിയാത്മകവുമായ ഇടപെടലുകളിലൂടെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ കഴിയുന്നതുമാണെന്ന് നാളികേര വികസന ബോര്‍ഡ്. ഉത്പാദനവും വിപണിയിലേക്കുള്ള വരവും കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ നാളികേരത്തിനും, നാളികേര ഉല്‍പന്നങ്ങള്‍ക്കും വിലയിടിയേണ്ട സ്ഥിതി വിശേഷം നിലവിലില്ല. വെളിച്ചെണ്ണ ഇറക്കുമതി സംബന്ധമായ പത്ര വാര്‍ത്തകളിലൂടെയും യാഥാര്‍ത്ഥ്യബോധത്തോടെയല്ലാത്ത വിലയിരുത്തലുകളിലൂടെയും കേര കര്‍ഷകരെ ഭയവിഹ്വലരാക്കി വിലയിടിക്കുവാനുള്ള ശ്രമങ്ങള്‍ വിപണിയില്‍ പ്രകടമാണ്. വെളിച്ചെണ്ണയുടെ ആഭ്യന്തര ഉല്പാദനം നിലവില്‍ 5 ലക്ഷത്തിലേറെ മെട്രിക്ടണ്‍ ഉള്ളപ്പോള്‍ കേവലം 2000 മെട്രിക്ടണ്‍ ഇറക്കുമതി ചെയ്യുന്നു എന്ന വാര്‍ത്ത വിപണിയെ സ്വാധീനിക്കാന്‍ പോന്നതല്ല. വെളിച്ചെണ്ണയ്ക്ക് നിലവില്‍ സ്വതന്ത്രമായി ഇറക്കുമതിക്ക് അനുമതിയില്ല. സ്റ്റേറ്റ് ട്രേഡിങ്ങ് കോര്‍പ്പറേഷന്‍ മുഖേനമാത്രമേ വെളിച്ചെണ്ണയുടേയും കൊപ്രയുടേയും ഇറക്കുമതി അനുവദിച്ചിട്ടുള്ളൂ. നാളികേര വികസന ബോര്‍ഡ് ഇന്‍ഡ്യയിലെ പ്രധാനപ്പെട്ട എട്ട് നാളികേര ഉല്പാദക സംസ്ഥാനങ്ങളില്‍ നടത്തിയ ശാസ്ത്രീയമായ ഉല്പാദന നിര്‍ണ്ണയ പഠനപ്രകാരം കേരളം, കര്‍ണ്ണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പ്രകടമായ ഉല്പാദനക്കുറവാണ് കണ്ടെത്തിയിരിക്കുന്നത്. 2015- 16 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ മൂന്ന് മാസത്തെ നാളികേര ഉല്‍പന്ന കയറ്റുമതി (കയറും കയറുല്‍പന്നങ്ങളും ഒഴികെ) 376 കോടി രൂപയുടേതാണ്. മുന്‍വര്‍ഷം ഈ കാലയളവിലെ കയറ്റുമതിയേക്കാള്‍ 13.6 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കര്‍ഷക കൂട്ടായ്മകള്‍ സജീവമായി ഇടപെട്ട് കര്‍ഷകര്‍ ഉല്പന്നം വിപണിയിലെത്തിക്കുന്നത് നിയന്ത്രിച്ചാല്‍ വിലയില്‍ ഒരു തിരിച്ചു കയറ്റം ഉണ്ടാവുമെന്ന് ബോര്‍ഡ് പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.