പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന് വിവേചനമില്ല: മുഖ്യമന്ത്രി

Thursday 16 July 2015 1:37 am IST

തിരുവനന്തപുരം: വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാരിന് വിവേചനമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ എംഎല്‍എമാര്‍ക്കും ഫണ്ട് അനുവദിക്കാറുണ്ട്. പുതിയ പദ്ധതികളും സ്ഥാപനങ്ങളും അനുവദിച്ചപ്പോള്‍ ഇല്ലാത്ത സ്ഥലങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ഗ്രാമീണ റോഡ് വികസനത്തിന് ആവശ്യപ്പെട്ട എംഎല്‍എമാര്‍ക്കെല്ലാം പണം അനുവദിച്ചിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞും പറഞ്ഞു. പൊതുമരാമത്ത് പദ്ധതികള്‍ അനുവദിക്കുന്നതില്‍ പ്രതിപക്ഷ എംഎല്‍എമാരോട് വിവേചനം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു ഇരുവരും. എന്നാല്‍ അധികാരത്തിന്റെ ഹുങ്കില്‍ വികസന പദ്ധതികള്‍ അനുവദിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ അവഗണിക്കുകയാണെന്നും സങ്കുചിത രാഷ്ട്രീയം കളിക്കുകയാണെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനാന്ദന്‍ ആരോപിച്ചു. പുതിയ കോളജുകള്‍ അനുവദിച്ചപ്പോള്‍ കോളജ് ഇല്ലാത്ത മണ്ഡലങ്ങളെയാണ് പരിഗണിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹോമിയോ ഡിസ്‌പെന്‍സറികളും പബ്ലിക് ഹെല്‍ത്ത് സെന്ററുകളും അനുവദിച്ചതും ഈ മാനദണ്ഡമനുസരിച്ചാണ്. കാരുണ്യപദ്ധതിയില്‍ നിന്ന് 742 കോടി രൂപ അനുവദിച്ചപ്പോഴും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 500 കോടി അനുവദിച്ചപ്പോഴും ഒരു വിവേചനവും കാണിച്ചിട്ടില്ല. ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ നോക്കിയാണ് പുതുതായി അനുവദിച്ചത്. എല്ലാ എംഎല്‍എമാര്‍ക്കും അഞ്ച് കോടി രൂപ ആസ്തി വികസന ഫണ്ട് അനുവദിച്ചു. ഇതെല്ലാം നിലനില്‍ക്കെ അഞ്ചാം വര്‍ഷത്തില്‍ ഇങ്ങിനെയൊരു അടിയന്തരപ്രമേയം കൊണ്ടുവരരുതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് വകുപ്പിന്റെ പ്രധാന പദ്ധതികളില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കാണ് പ്രാധാന്യം ലഭിച്ചതെന്ന് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. സ്പീഡ് കേരള പദ്ധതിയില്‍ ധനവകുപ്പിന്റെ അനുമതി ലഭിച്ച അഞ്ച് പദ്ധതികളില്‍ കൂടുതലും പ്രതിപക്ഷ മണ്ഡലങ്ങളിലാണ്. പഞ്ചായത്ത് റോഡുകള്‍ നവീകരിക്കുന്ന കാര്യത്തില്‍ അപേക്ഷിച്ച എല്ലാ പ്രതിപക്ഷ എം എല്‍ എമാര്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ആവശ്യകത പരിഗണിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ചെറിയ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഹൈവെയുടെ നവീകരണത്തില്‍ വരെ വിവേചനം കാണിക്കുകയാണെന്ന് അടിയന്തിരപ്രമേയത്തിന് അവതരാണാനുമതി തേടിയ ചിറ്റയം ഗോപകുമാര്‍ ആരോപിച്ചു. ഗ്രാമീണ റോഡ് നവീകരണത്തിന് യുഡിഎഫ് എംഎല്‍എമാര്‍ക്ക് അഞ്ച് കോടി വീതം അനുവദിച്ചപ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് ലക്ഷങ്ങള്‍ മാത്രമാണെന്നും ഗോപകുമാര്‍ ആരോപിച്ചു. മുഖ്യമന്ത്രിയുടെ പറച്ചിലും പ്രവര്‍ത്തനവും രണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. പ്രതിപക്ഷ എംഎല്‍എമാരെ അപഹാസ്യരാക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. എംഎല്‍എമാരോട് വിവേചനം കാണിക്കുന്നതിനെതിരെ സ്പീക്കര്‍ നടപടി സ്വീകരിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.