മദ്രസകള്‍ പുസ്തകം വാങ്ങുമ്പോള്‍.

Thursday 17 November 2011 11:25 pm IST

കേരളത്തില്‍ ഇടതു വലതു മുന്നണികള്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രീണന നയങ്ങള്‍ നടപ്പാക്കുന്നത്‌ സാധാരണയാണ്‌. യുഡിഎഫ്‌ എന്നോ എല്‍ഡിഎഫ്‌ എന്നോ അതിന്‌ വ്യത്യാസമില്ലെങ്കിലും അത്തരം നടപടികളുടെ തിക്തഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരുന്നത്‌ യുഡിഎഫ്‌ ഭരണകാലത്താണെന്നതാണ്‌ വാസ്തവം. യുഡിഎഫ്കാലത്ത്‌ സംഘടിത ന്യൂനപക്ഷ മതങ്ങളുടെ പേരില്‍ രാഷ്ട്രീയം കളിച്ച്‌ അധികാരത്തിലെത്തുന്നവര്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നതാണ്‌ അതിനു പ്രധാന കാരണം. കയ്യാലപ്പുറത്തിരിക്കുന്ന യുഡിഎഫ്‌ സര്‍ക്കാരിനെ ആവശ്യമെങ്കില്‍ തള്ളിത്താഴെയിടാനും അതിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തി പലതും സാധിച്ചെടുക്കാനും അത്തരം രാഷ്ട്രീയപ്പാര്‍ട്ടികള്‍ കഴിവുള്ളവരായിത്തീര്‍ന്നിരിക്കുന്നു. ഏതുസര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴും പൊതു സമൂഹത്തില്‍ നിന്ന്‌ നിരവധി ആവശ്യങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്‌. അതില്‍ എപ്പോഴും കേള്‍ക്കുന്ന ആവശ്യമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ ഘടകകക്ഷികള്‍ക്ക്‌ നല്‍കരുതെന്നും മുന്നണിയെ നയിക്കുന്ന കക്ഷി തന്നെ അതു കൈകാര്യം ചെയ്യണമെന്നുള്ളതും. കഴിഞ്ഞ എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ അതിന്‍പ്രകാരമാണ്‌ വിദ്യാഭ്യാസ വകുപ്പ്‌ സിപിഎം തന്നെ ഏറ്റെടുത്തത്‌. എം.എ.ബേബിയുടെ നേതൃത്വത്തിലുള്ള വിദ്യാഭ്യാസ വകുപ്പ്‌ വലിയ മലയൊന്നും മറിച്ചുവച്ചില്ലെങ്കിലും മുന്‍കാലങ്ങളിലെ പക്ഷപാത, രാഷ്ട്രീയ ലക്ഷ്യതീരുമാനങ്ങള്‍ക്ക്‌ കുറവുണ്ടായിരുന്നു എന്നു പറയാം. എന്നാല്‍ വീണ്ടും ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ്‌ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ എല്ലാം പഴയപോലെയായി. മുസ്ലീംലീഗിന്‌ വിദ്യാഭ്യാസ വകുപ്പ്‌ ഏല്‍പിച്ചു കൊടുക്കുകയും ചെയ്തു. മുസ്ലീംലീഗിന്റെ ഭരണം അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന്‌ മുന്‍ അനുഭവങ്ങളുടെ വെളിച്ചത്തില്‍ തന്നെ പറയാന്‍ കഴിയും. കേരളത്തിലെ ഏറ്റവും പ്രശ്ന സങ്കീര്‍ണ്ണമായ വിദ്യാഭ്യാസ മേഖലയെ കൂടുതല്‍ കുഴപ്പത്തിലേക്കു കൊണ്ടുപോകുന്നതിനാണ്‌ ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്‌ നേതൃത്വം നല്‍കുന്നത്‌. പൊതു താല്‍പര്യത്തിനു വേണ്ടി ഭരിക്കുക എന്നതില്‍ നിന്നു മാറി സ്വന്തവും സ്വന്തക്കാര്‍ക്കുവേണ്ടിയുമുള്ള താല്‍പര്യങ്ങളെ സംരക്ഷിക്കുകയാണ്‌ അദ്ദേഹത്തിന്റെ ലക്ഷ്യം. നിര്‍ണ്ണായക സ്ഥാനങ്ങളിലെല്ലാം സ്വന്തക്കാരെ തിരുകിക്കയറ്റി വിദ്യാഭ്യാസ വകുപ്പിലാകെ അദ്ദേഹം ജാതിരാഷ്ട്രീയം നടപ്പാക്കുന്നു. വിദ്യാഭ്യാസവകുപ്പിലെ 10 പ്രധാന തസ്തികകളിലെയും നിയമനങ്ങള്‍ പക്ഷപാതപരമായാണ്‌ നടന്നത്‌. എസ്സിഇആര്‍ടി ഡയറക്ടറായി ഹാഷിം, ഡിപിഐ ഡയറക്ടറായി എ.ഷാജഹാന്‍, എല്‍ബിഎസ്‌ ഡയറക്ടറായി സയ്യദ്‌ റഷീദ്‌, വിഎച്ച്‌എസ്സി ഡയറക്ടറായി അബ്ദുല്‍ റഹ്മാന്‍, സാക്ഷരതാമിഷന്‍ ഡയറക്ടറായി പ്രൊഫ.അലസന്‍കുട്ടി, ഹയര്‍സെക്കണ്ടറി ഡയറക്ടറായി പി.എസ്‌.മുഹമ്മദ്‌, ഐടി അറ്റ്‌ സ്കൂള്‍ ഡയറക്ടറായി അന്‍വര്‍ സാദത്ത്‌, എസ്‌എസ്‌എ മോണിറ്ററിംഗ്‌ അബ്ദുള്ള പാരപ്പൂര്‍, ഓപ്പണ്‍സ്കൂള്‍ ഡയറക്ടറായി ജലീല്‍ മുഹമ്മദ്‌, ഡിപിഐയുടെ വിദ്യാരംഭം മാഗസിന്‍ ചീഫ്‌ എഡിറ്ററായി ഷെറീഫ്‌ ചന്ദനത്തോപ്പ്‌ എന്നിവരുടെ നിയമനങ്ങള്‍ പരിശോധിച്ചാല്‍ സ്വസമുദായത്തില്‍പ്പെട്ട വേണ്ടപ്പെട്ടവരെയാണ്‌ നിയമിച്ചിട്ടുള്ളതെന്ന്‌ വ്യക്തമാകും. വിദ്യാരംഭം മാഗസിന്‍ ചീഫ്‌ എഡിറ്റര്‍ തസ്തികയ്ക്ക്‌ ജേര്‍ണലിസം നിര്‍ബന്ധമാണെങ്കിലും പോസ്റ്റല്‍ കോഴ്സിലൂടെ ടിടിസി നേടിയ വ്യക്തയെയാണ്‌ നിയമിച്ചിരിക്കുന്നത്‌. ഇത്തരത്തില്‍ വിദ്യാഭ്യാസമേഖലയെ വര്‍ഗ്ഗീയവല്‍ക്കരിക്കുന്ന അപകടകരമായ മതപ്രീണനമാണ്‌ അവിടെ നടന്നുകൊണ്ടിരിക്കുന്നത്‌. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയില്‍ യോഗ്യതാമാനദണ്ഡങ്ങള്‍ അട്ടിമറിച്ചുകൊണ്ട്‌ പ്ലസ്‌ ടു അദ്ധ്യാപകനെ വൈസ്ചാന്‍സലറാക്കാന്‍ എടുത്ത തീരുമാനവും രബീന്ദ്രനാഥടാഗോറിന്റെ പേരിലുള്ള ബ്ലോക്കിന്‌ പാണക്കാട്‌ ശിഹാബ്തങ്ങളുടെ പേര്‌ നല്‍കാനുള്ള തീരുമാനവും എടുത്തെങ്കിലും ശക്തമായ പ്രതിഷേധങ്ങളെത്തുടര്‍ന്ന്‌ പിന്‍വലിക്കുകയായിരുന്നു. യോഗ്യതയും കഴിവും പ്രവൃത്തിപരിചയവും വിദ്യാഭ്യാസമേഖലയെക്കുറിച്ച്‌ അവഗാഹവുമുള്ള പ്രഗത്ഭന്മാരായ വ്യക്തികളാണ്‌ വിദ്യാഭ്യാസ മേഖലയിലെ സുപ്രധാന തസ്തികകളില്‍ നിയമിതാരാകേണ്ടതെന്നിരിക്കെ അത്‌ സ്വന്തം സമുദായത്തിന്‌ വീതം വച്ചുകൊടുക്കാനുള്ളതാണെന്ന്‌ ധരിക്കുന്ന മന്ത്രി നാടിന്നാപത്താണെന്ന്‌ നിസ്സംശയം പറയാം. ഇതിനൊക്കെപ്പുറമെയാണ്‌ സ്കൂള്‍ ലൈബ്രറികള്‍ക്കു നല്‍കുന്ന സഹായത്തിന്റെ മാതൃകയില്‍ ഇപ്പോള്‍ മദ്രസകള്‍ക്ക്‌ പുസ്തകം വാങ്ങാന്‍ പണം നല്‍കാനുള്ള തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ എസ്‌എസ്‌എ ഫണ്ട്‌ മുഖേനെയാണ്‌ സ്കൂള്‍ ലൈബ്രറികള്‍ക്ക്‌ പുസ്തകങ്ങള്‍ വാങ്ങാന്‍ പണം നല്‍കിവരുന്നത്‌. അവിടെ പുസ്തകങ്ങള്‍ വാങ്ങുന്നതിന്‌ നടപടിക്രമങ്ങളും മാനദണ്ഡങ്ങളുമുണ്ട്‌. എന്നാല്‍ മദ്രസകള്‍ക്ക്‌ പുസ്തകങ്ങള്‍ വാങ്ങാന്‍ പണം നല്‍കുമ്പോള്‍ അതെല്ലാം കാറ്റില്‍പറത്തുന്നു. ഇവിടെ മദ്രസകളെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളായി അംഗീകരിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യുന്നത്‌. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൊതുഗ്രന്ഥശാലകള്‍ക്കു നല്‍കുന്ന സഹായം മദ്രസകള്‍ക്കും നല്‍കാന്‍ തീരുമാനിച്ചതോടെ ഭീകരപ്രീണനവും പൊതുമുതലിന്റെ വഴിവിട്ട വിനിമയവുമാണ്‌ നടക്കുന്നത്‌. മദ്രസകള്‍ മതസ്ഥാപനങ്ങളാണ്‌. മതവിദ്യാഭ്യാസമാണ്‌ അവിടെ പഠിപ്പിക്കുന്നത്‌. പൊതു സമൂഹത്തിന്റെ നിയമങ്ങളും വ്യവസ്ഥിതികളും നിന്ദിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ പാഠ്യപദ്ധതിയാണ്‌ മദ്രസകള്‍ വഴി നടപ്പാക്കിവരുന്നത്‌. മദ്രസകളില്‍ ഇപ്പോള്‍ വായനശാലകള്‍ സാര്‍വ്വത്രികമല്ല. വായനശാലകളില്ലാത്ത മദ്രസകള്‍ക്കും പണം നല്‍കാനാണ്‌ തീരുമാനം. സംസ്ഥാനത്തെ അറുന്നൂറോളം മദ്രസകളിലാണിപ്പോള്‍ സര്‍ക്കാര്‍ പണം നല്‍കി പുസ്തകം വാങ്ങാന്‍പോകുന്നത്‌. സ്കൂള്‍ ലൈബ്രറികളില്‍ പുസ്തകം വാങ്ങുന്നത്‌ വിദഗ്ധ സമിതിയുടെ വിലയിരുത്തലിനു ശേഷമായിരുന്നു. അധ്യാപകരുടെ നേതൃത്വത്തിലുള്ള സമിതി തെരഞ്ഞെടുക്കുന്ന പുസ്തകങ്ങള്‍ വിദഗ്ധ സമിതി പരിശോധിച്ച്‌ 'കുഴപ്പങ്ങളൊന്നുമില്ലാത്ത പുസ്തകങ്ങളാണെന്ന്‌' വിധിയെഴുതിയ ശേഷമാകും വാങ്ങുന്നത്‌. സ്കൂളധികൃതര്‍ക്ക്‌ നേരിട്ടു പുസ്തകം വാങ്ങാനുള്ള അനുമതിയുണ്ടായിരുന്നില്ല. ബുക്കുമാര്‍ക്കാണ്‌ പുസ്തകങ്ങള്‍ വാങ്ങി നല്‍കിയിരുന്നത്‌. ഡിപിഐയുടെ നേതൃത്വത്തില്‍ പുസ്തകങ്ങളുടെ പട്ടിക തയ്യാറാക്കി സ്കൂളുകള്‍ക്കു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ നടപടിക്രമങ്ങളെല്ലാം റദ്ദുചെയ്യാനാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മദ്രസകള്‍ക്ക്‌ നല്‍കുന്ന പണമുപയോഗിച്ച്‌ അവര്‍ക്ക്‌ ഏതു പുസ്തകവും എവിടെനിന്നും എങ്ങിനെയും വാങ്ങിവയ്ക്കാം. അവിടെ പരിശോധിക്കാന്‍ ആരും വരില്ല. സംസ്ഥാനത്തെ മദ്രസകളെകുറിച്ച്‌ നല്ല അഭിപ്രായങ്ങളല്ല പൊതുവെ ഉയര്‍ന്നുവന്നിട്ടുള്ളത്‌. കരുനാഗപ്പള്ളിയിലെയും കൊല്ലത്തെയും മലപ്പുറത്തെയും കണ്ണൂരിലെയും ചില മദ്രസകളില്‍ നിന്ന്‌ ആയുധങ്ങള്‍ പിടികൂടിയത്‌ അടുത്തകാലത്താണ്‌. രാജ്യത്തിനെതിരായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനകളുടെ ഒളികേന്ദ്രങ്ങളും പ്രവര്‍ത്തന കേന്ദ്രങ്ങളുമായിരുന്നു പല മദ്രസകളും. മദ്രസകള്‍ വാങ്ങിവയ്ക്കുന്നതും അവിടെയെത്തുന്ന കുട്ടികളെ പഠിപ്പിക്കുന്നതുമായ പുസ്തകങ്ങള്‍ ഏതുതരത്തിലുള്ളതായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. സര്‍ക്കാര്‍ പണം ഉപയോഗിച്ച്‌ മദ്രസകള്‍ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍ ഏതുതരം പുസ്തകങ്ങളാണ്‌ അവര്‍ വാങ്ങുന്നതെന്ന്‌ അന്വേഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്‌. മുസ്ലീംലീഗിന്റെയോ അബ്ദുറബ്ബിന്റെയോ സ്വന്തം പണമല്ലല്ലോ നല്‍കുന്നത്‌. അറുന്നൂറോളം മദ്രസകള്‍ക്ക്‌ വര്‍ഷം 20 ലക്ഷത്തോളം രൂപ നല്‍കാനാണ്‌ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മദ്രസകള്‍ക്ക്‌ സഹായം ചെയ്യുന്ന സര്‍ക്കാര്‍ പുസ്തകം വാങ്ങുന്നതിന്‌ സ്കൂളുകളില്‍ നിലവിലുണ്ടായിരുന്ന നടപടിക്രമങ്ങളും അട്ടിമറിക്കുന്നു. സ്കൂളുകള്‍ക്കും ഏതു തരം പുസ്തകങ്ങളും വാങ്ങാനുള്ള അനുമതിയാണ്‌ നല്‍കുന്നത്‌. സിപിഎമ്മിന്റെ അധീനതയിലുള്ള സ്കൂളുകളില്‍ ഇനി പാര്‍ട്ടി സാഹിത്യം പരക്കെ വായിക്കാം. ലീഗിനു മുന്‍തൂക്കമുള്ള സ്കൂളുകളില്‍ അത്തരം പുസ്തകങ്ങള്‍ നിറയും. ഓരോ സ്കൂളും ഓരോ മതപാഠശാലയും പാര്‍ട്ടി സ്കൂളുമാകും. ഇതിലൊന്നും താല്‍പര്യമില്ലാത്ത കോണ്‍ഗ്രസ്സുകാര്‍ മൂക്കത്തു വിരല്‍ വയ്ക്കും, 'പുസ്തകമോ അതെന്താ?' എന്നു ചോദിച്ചുകൊണ്ട്‌. പാവം കുട്ടികള്‍! ആര്‍.പ്രദീപ്‌

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.