ട്വന്റി 20യിലും ഇന്ത്യക്ക് വിജയം

Friday 17 July 2015 11:28 pm IST

ഹരാരെ: ഏകദിന പരമ്പര തൂത്തുവാരിയതിന്റെ ആത്മവിശ്വാസത്തില്‍ ട്വന്റി 20 മത്സരത്തിനിറങ്ങിയ രഹാനെയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ 54 റണ്‍സിന്റെ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ റോബിന്‍ ഉത്തപ്പ (39 നോട്ടൗട്ട്), മുരളി വിജയ് (34), നായകന്‍ രഹാനെ (33) എന്നിവരുടെ ഭേദപ്പെട്ട ബാറ്റിംഗിന്റെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരായ സിംബാബ്‌വെക്ക് 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം മത്സരം നാളെ നടക്കും. ഇന്ത്യക്ക് വേണ്ടി സ്റ്റുവര്‍ട്ട് ബിന്നി, കേദാര്‍ ജാദവ്, മനീഷ് പാണ്ഡെ, അക്ഷര്‍ പട്ടേല്‍, സന്ദീപ് ശര്‍മ്മ എന്നിവര്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ മലയാളി താരം സഞ്ജു വി. സാംസണ് ഇന്നും ആദ്യ ഇലവനില്‍ ഇടംലഭിച്ചില്ല. സിംബാബ്‌വെക്ക് വേണ്ടി മാഡ്‌സിവിയ, മുസാറാബാനി എന്നിവരും ആദ്യമായി ട്വന്റി 20 കളിക്കാനിറങ്ങി. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ അജിന്‍ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുത്തു. മികച്ച തുടക്കമാണ് ക്യാപ്റ്റനും മുരളി വിജയും ചേര്‍ന്ന് ടീം ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 7 ഓവറില്‍ 64 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഈ കൂട്ടുകെട്ട് പിരിഞ്ഞത്. 19 പന്തില്‍ നിന്ന് അഞ്ച് ഫോറും ഒരു സിക്‌സറുമടക്കം 34 റണ്‍സെടുത്ത മുരളി വിജയിനെ സിക്കന്തര്‍ റാസ റണ്ണൗട്ടാക്കിയാണ് ഈ കൂട്ടുകെട്ട് പൊൡച്ചത്. പിന്നീട് സ്‌കോര്‍ 82-ല്‍ എത്തിയപ്പോള്‍ രണ്ടാം വിക്കറ്റും ഇന്ത്യക്ക് നഷ്ടപ്പെട്ടു. 32 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത ക്യാപ്റ്റന്‍ രഹാനെയെ ക്രീമറിന്റെ പന്തില്‍ മസാകഡ്‌സ കയ്യിലൊതുക്കി. പിന്നീട് റോബിന്‍ ഉത്തപ്പയും മനീഷ് പാണ്ഡെയും ചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനീക്കി. 12.2 ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 പിന്നിട്ടു. എന്നാല്‍  15.2 ഓവറില്‍ സ്‌കോര്‍ 127-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും സന്ദര്‍ശകര്‍ക്ക് നഷ്ടപ്പെട്ടു. 19 പന്തില്‍ നിന്ന് 19 റണ്‍സെടുത്ത മനീഷ് പാണ്ഡെയെ മോഫുവിന്റെ പന്തില്‍ സിക്കന്തര്‍ റാസ പിടികൂടി. സ്‌കോര്‍ 150-ല്‍ എത്തിയപ്പോള്‍ നാലാം വിക്കറ്റും നഷ്ടമായി. 9 റണ്‍സെടുത്ത കേദാര്‍ ജാദവിനെ  മോഫുവിന്റെ പന്തില്‍ മസാകഡ്‌സ കയ്യിലൊതുക്കി. പിന്നീട് അവസാന ഓവറിലെ ആദ്യ പന്തില്‍ അഞ്ചാം വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 6 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത സ്റ്റുവര്‍ട്ട് ബിന്നിയെ മോഫുവിന്റെ പന്തില്‍ ക്രീമര്‍ പിടികൂടി. ഒടുവില്‍ ഇന്നിംഗ്‌സ് അവസാനിക്കുമ്പോള്‍ 35 പന്തില്‍ നിന്ന് പുറത്താകാെത 39 റണ്‍സെടുത്ത റോബിന്‍ ഉത്തപ്പക്കൊപ്പം മൂന്ന് പന്തില്‍ നിന്ന് 8 റണ്‍സെടുത്ത ഹര്‍ഭജന്‍ സിംഗായിരുന്നു ക്രീസില്‍. സിംബാബ്‌വെക്കുവേണ്ടി മോഫു നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെക്കും മികച്ച തുടക്കം ലഭിച്ചു. ഓപ്പണര്‍മാരായ മസാകഡ്‌സയും ചിബാബയും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 8.1 ഓവറില്‍ 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 24 പന്തില്‍ നിന്ന് ഒരു ഫോറും രണ്ട് സിക്‌സറുമടക്കം 28 റണ്‍സെടുത്ത മസാകഡ്‌സയെ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ കേദാര്‍ ജാദവ് പിടികൂടിയാണ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ചത്. അധികം കഴിയും മുന്നേ രണ്ടാം വിക്കറ്റും ഇന്ത്യ വീഴ്ത്തി. 27 പന്തില്‍ നിന്ന് 23 റണ്‍സെടുത്ത ചിബാബയെ ഹര്‍ഭജന്റെ ബൗളിങില്‍ മനീഷ് പാണ്ഡെ പിടികൂടി. പിന്നീട് നാല് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതോടെ സിംബാബ്‌വെ 68ന് നാല് എന്ന നിലയിലേക്ക് തകര്‍ന്നു. ഒരു റണ്ണെടുത്ത ചിഗുംബുരയെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കിയപ്പോള്‍ 10 റണ്‍സെടുത്ത ചാള്‍സ് കവന്ററിയെ ഹര്‍ഭജന്‍ രഹാനെയുടെ കൈകളിലെത്തിച്ചു. ഈ തകര്‍ച്ചയില്‍ നിന്ന് കരകയറാനും അവര്‍ക്കായില്ല. സ്‌കോര്‍ 82-ല്‍ എത്തിയപ്പോള്‍ രണ്ട് റണ്‍സെടുത്ത എര്‍വിന്‍ റണ്ണൗട്ടായി. എട്ട് റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ആറാം വിക്കറ്റും നഷ്ടപ്പെട്ടു. പത്ത് റണ്‍സെടുത്ത സിക്കന്തര്‍ റാസയെ അക്ഷര്‍ പട്ടേല്‍ ബൗള്‍ഡാക്കി. പിന്നീട് സ്‌കോര്‍ 98-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും അവര്‍ക്ക് നഷ്ടപ്പെട്ടു. ഇന്ത്യക്ക് വേണ്ടി അക്ഷര്‍ പട്ടേല്‍ മൂന്നും ഹര്‍ഭജന്‍സിംഗ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേലാണ് മാന്‍ ഓഫ് ദി മാച്ച്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.