കോട്ടയം: അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടക്കുന്ന അന്താരാഷ്ട്ര സ്പെഷ്യല്‍ ഒളിമ്പിക്സില്‍ കേരളത്തില്‍നിന്ന് 25 പേര് പങ്കെടുക്കും. 177 രാജ്യങ്ങളില്‍നിന്നായി ഭിന്നശേഷിയുള്ള ഏഴായിരത്തിലധികം താരങ്ങളും മൂവായിരത്തിലധികം പരിശീലകരും 30000 സന്നദ്ധ സേവകരും പങ്കെടുക്കും.
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെയും പ്രഥമ വനിത മിഷേല്‍ ഒബാമയുടെയും സാന്നിധ്യത്തില്‍ 25ന് സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ ദീപശിഖ തെളിയും. ഇന്ത്യയില്‍നിന്ന് സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരതിന്റെ നേതൃത്വത്തില്‍ 230ലേറെ കായികതാരങ്ങളും എഴുപതോളം പരിശീലകരുമാണു പങ്കെടുക്കുന്നത്. അത്ലറ്റിക്സ്, അക്വാട്ടിക്സ്, ബോച്ചേ, ബാസ്കറ്റ്ബോള്‍, വോളിബോള്‍, ഫുട്ബോള്‍, സോഫ്റ്റ് ബോള്‍, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, പവര്‍ ലിഫ്റ്റിംഗ്, റോളര്‍സ്കേറ്റിംഗ്, ഹാന്‍ഡ്ബോള്‍, സൈക്ലിംഗ്, ഗോള്‍ഫ് എന്നിങ്ങനെ 14 ഇനങ്ങളിലാണ് ഭാരതത്തില്‍നിന്നുള്ള കായികതാരങ്ങള്‍ പങ്കെടുക്കുന്നത്.
ദല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നീ നാലു കേന്ദ്രങ്ങളില്‍നിന്നാണ് 20, 21 തീയതികളില്‍ ഇന്ത്യന്‍ ടീമംഗങ്ങള്‍ പുറപ്പെടും. സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരത് സിഇഒ എയര്‍മാര്‍ഷല്‍ ഡെന്‍സില്‍ കീലര്‍, എസ്ഒബി ചെയര്മാന് സതീഷ്പിള്ള, എസ്ഒബി നാഷണല്‍ സ്പോര്‍ട്സ് ഡയറക്ടര്‍ വിക്ടര്വാസ് എന്നിവരാണ് ഇന്ത്യന്‍ ടീമിനെ നയിക്കുന്നത്. ഫുട്ബോള്‍, ബാസ്കറ്റ്ബോള്‍, ഹാന്‍ഡ് ബോള്‍, ഹാന്‍ബോള്‍ വെയ്റ്റ് ലിഫ്റ്റിംഗ്, സൈക്ലിംഗ്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് കേരളത്തിന്റെ കായികതാരങ്ങള്‍ മാറ്റുരയ്ക്കുന്നത്.
തിരുവനന്തപുരം ജില്ലയില്‍നിന്ന് സിഐഎംആര്‍, മുറിഞ്ഞപാലം, മരിയന്‍ പ്ലേഹോം മണ്ണന്തല, നവജ്യോതി സ്പെഷ്യല്‍ സ്കൂള്‍ അമ്പൂരി, പത്തനംതിട്ട ജില്ലയില്‍നിന്ന് എന്‍സിആര്‍ഡിസി തിരുവല്ല, വൈഎംസിഎ സ്പെഷ്യല്‍ സ്കൂള്‍ തിരുവല്ല, കോട്ടയം ജില്ലയില്‍നിന്ന് സെന്റ് ജോണ്‍ ഓഫ് ഗോഡ് സെന്റര്‍ പാമ്പാടി, സാന്‍ജോസ് വിദ്യാലയ ഏറ്റുമാനൂര്‍, ശാന്തിനിലയം സ്പെഷ്യല്‍ സ്കൂള്‍ അന്തിനാട്, സേവാഗ്രാം സ്പെഷ്യല്‍ സ്കൂള്‍ വെട്ടിമുകള്‍, ഇടുക്കി ജില്ലയില്‍നിന്ന് ആശാഭവന് സ്പെഷ്യല്‍ സ്കൂള്‍ നെടുങ്കണ്ടം, എറണാകുളം ജില്ലയില്‍നിന്ന് സ്നേഹഭവന് സ്പെഷ്യല്‍ സ്കൂള്‍ പിറവം, തൃശൂര്‍ ജില്ലായില്‍നിന്ന് പോപ്പ് പോള്‍ മേഴ്സിംഹോം, സ്നേഹദീപ്തി മണ്ണൂത്തി, സ്നേഹാരാം മണലൂര്‍, മലപ്പുറം ജില്ലയില്‍നിന്ന് എഡബ്ല്യുഎച്ച്എസ് സ്പെഷ്യല്‍ സ്കൂള്‍, കോട്ടക്കല്‍, കണ്ണൂര്‍ ജില്ലയില്‍നിന്ന് ശാന്തിദീപം സ്പെഷ്യല്‍ സ്കൂള്‍, കാസര്‍കോഡ് ജില്ലയില്‍നിന്ന് റോട്ടറി സ്പെഷ്യല്‍ സ്കൂള്‍ കാസര്‍ഗോഡ് എന്നിങ്ങനെ ഒന്‍പതു ജില്ലകളിലെ പതിനേഴു സ്പെഷ്യല്‍ സ്കൂളുകളില്‍നിന്നാണ് 25 കുട്ടികള്‍ കേരളത്തെ പ്രതിനിധീകരിക്കുന്നത്.
കേരളത്തിനെ പ്രതിനിധീകരിച്ച് സ്പെഷ്യല്‍ ഒളിമ്പിക്സ് ഭാരത് ഏരിയ ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, സെക്രട്ടറി സിസ്റ്റര്‍ റാണി ജോ, ട്രഷറര്‍ ദീപു ജോണ്‍, ഷൈലജ, ഉഷ എന്നിവരാണ് കേരളത്തിന്റെ ടീമിനെ നയിക്കുന്നത്. 19ന് രാവിലെ 11ന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കേരള ടീമിനു യാത്രയയപ്പു നല്‍കും. സമ്മേളനത്തില്‍ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, മോന്‍സ് ജോസഫ് എംഎല്‍എ, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പത്മിനി തോമസ് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: