കൊച്ചി കാന്‍സര്‍ സെന്റര്‍: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസഹായം ആവശ്യപ്പെട്ടില്ല

Sunday 19 July 2015 11:36 pm IST

  കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പണമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം പൊളിയുന്നു. 450 കോടിയുടെ പദ്ധതിക്ക് സംസ്ഥാനം ഇതുവരെ കേന്ദ്ര സഹായം ആവശ്യപ്പെട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും പദ്ധതി തറക്കല്ലിടലില്‍ ഒതുങ്ങിയത് സംസ്ഥാനത്തിന്റെ അനാസ്ഥ കാരണം. മലബാറിലെയും മധ്യകേരളത്തിലെയും കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കപ്പെട്ട പദ്ധതിക്ക് 2014 ആഗസ്ത് 18നാണ് കളമശേരി മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ തറക്കല്ലിട്ടത്. പദ്ധതിയും ഫണ്ടുമില്ലാതെ തറക്കല്ലിട്ട പദ്ധതി ഒരു വര്‍ഷം പിന്നിടുമ്പോഴും ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയില്ല. പണമില്ലെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്. എന്നാല്‍, കേന്ദ്ര സഹായം ആവശ്യപ്പെടാന്‍ പോലും തയാറാകാതെയാണ് സംസ്ഥാന സര്‍ക്കാര്‍ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ഒളിച്ചോടുന്നത്. നേരത്തെ കേരളത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. നിരവധി ആവശ്യങ്ങളുടെ കൂട്ടത്തില്‍ കാന്‍സര്‍ സെന്ററും ഉള്‍പ്പെടുത്തി. ഇതില്‍ അനുകൂല നിലപാടാണ് പ്രധാനമന്ത്രി മോദി കൈക്കൊണ്ടത്. പദ്ധതിയുമായി സഹകരിക്കാന്‍ തയാറാണെന്ന് കേന്ദ്ര മന്ത്രിമാര്‍ തങ്ങളെ സമീപിച്ച വിവിധ സംഘടനകള്‍ക്ക് ഉറപ്പും നല്‍കിയിരുന്നു. കേന്ദ്ര ഫണ്ട് ലഭിക്കുന്നതിന് വിവിധ നടപടിക്രമങ്ങളുണ്ട്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ച് മന്ത്രിസഭാ അനുമതി നേടിയെടുക്കണം. എന്നാല്‍ ഇതിന് ഉദ്യോഗസ്ഥ തലത്തില്‍ നടപടികള്‍ സ്വീകരിക്കുകയോ കേന്ദ്രത്തിന് പദ്ധതി റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ ആവശ്യമുന്നയിച്ച് പിന്നീട് കേന്ദ്രത്തെ സമീപിച്ചില്ല. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കാന്‍സര്‍ സെന്റര്‍. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പ് നരേന്ദ്ര മോദി സന്ദര്‍ശിക്കാനെത്തിയപ്പോള്‍ കൃഷ്ണയ്യര്‍ മോദിയോട് ഇത് സൂചിപ്പിച്ചിരുന്നു. സമരരംഗത്തുള്ള കൃഷ്ണയ്യര്‍ മൂവ്‌മെന്റും മറ്റ് സംഘടനകളും കേന്ദ്രമന്ത്രിമാരായ പൊന്‍ രാധാകൃഷ്ണന്‍, ജെ.പി. നഡ്ഡ, ഡോ. ഹര്‍ഷവര്‍ദ്ധന്‍ എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. സംസ്ഥാനം പദ്ധതി സമര്‍പ്പിക്കാതെ ഫണ്ട് അനുവദിക്കാനാകില്ലെന്ന സാങ്കേതിക പ്രശ്‌നം മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റേത് കടുത്ത അലംഭാവമാണെന്നും ആവശ്യപ്പെട്ടാല്‍ കേന്ദ്രത്തില്‍ നിന്നു ഫണ്ട് ലഭിക്കുമെന്ന് ഉറപ്പാണെന്നും കൃഷ്ണയ്യര്‍ മൂവ്‌മെന്റ് ഭാരവാഹികളായ ഡോ. സനല്‍കുമാറും സി.ജി. രാജഗോപാലും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.