മനോജ് വധം: ജാമ്യത്തിലിറങ്ങിയ പ്രതി മുങ്ങിയതായി സൂചന

Sunday 19 July 2015 11:46 pm IST

പാനൂര്‍: മനോജ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികളിലൊരാളായ ദേശാഭിമാനി ജീവനക്കാരന്‍ മുങ്ങിയതായി സൂചന. ഹാജരാകാന്‍ നോട്ടീസ് നല്‍കാനെത്തിയ സിബിഐ സംഘത്തിന് 12-ാം പ്രതി തരിപ്പ കൃഷ്ണനെ കണ്ടെത്താനായില്ല. കേസില്‍ ഹൈക്കോടതി ഇയാള്‍ക്ക് ജാമ്യമനുവദിച്ചിരുന്നു. അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്നും ഹൈക്കോടതി നിബന്ധന പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം ഇയാള്‍ നല്‍കിയ മേല്‍വിലാസത്തില്‍ ഇന്ന് തിരുവനന്തപുരം ഓഫീസില്‍ ഹാജരാകാനായി നോട്ടീസ് നല്‍കാന്‍ എത്തിയ അന്വേഷണസംഘം ആളില്ലാതെ മടങ്ങുകയായിരുന്നു. കോഴിക്കോട് ദേശാഭിമാനി ഓഫീസ്, ഒരു ലോഡ്ജ് എന്നിവിടങ്ങളിലെ മേല്‍വിലാസമാണ് നല്‍കിയിരുന്നത്. ഇയാള്‍ക്കെതിരെ കോടതിയില്‍ സിബിഐ ഉടന്‍ റിപ്പോര്‍ട്ടു നല്‍കും. ഇന്ന് തിരുവനന്തപുരത്തെ ഓഫീസില്‍ ഹാജരാകാന്‍ സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.എ. മധുസൂദന് സിബിഐ നോട്ടീസ് നല്‍കി. ഇയാളെ കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. തലശേരി സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ഇയാള്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്. ഇതിനിടെ പാര്‍ട്ടി പത്രവും സിബിഐയ്‌ക്കെതിരെ നുണപ്രചരണവുമായി രംഗത്തിറങ്ങി. ദേശാഭിമാനി ജീവനക്കാരനും വ്യാജമേല്‍വിലാസത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ നിന്നു മുങ്ങി നടക്കുന്ന പി. ജയരാജന്റെ വിശ്വസ്തനുമായ തരിപ്പ കൃഷ്ണനെ അന്വേഷണസംഘം തല്ലിച്ചതച്ചുവെന്ന സചിത്ര വാര്‍ത്ത നല്‍കിയാണ് പാര്‍ട്ടി പത്രം സഹജ സ്വഭാവം കാണിച്ചത്. കഴിഞ്ഞ ഫെബ്രവരിയില്‍ അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തിലേറെ റിമാന്‍ഡില്‍ കഴിഞ്ഞ കൃഷ്ണന്‍ ജാമ്യത്തിലിറങ്ങിയിട്ട് 23 ദിവസമായി. അന്നൊന്നും ഇല്ലാത്ത പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെ യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇയാള്‍ക്ക് ഉണ്ടായതായി ജയില്‍ രേഖകളിലൊന്നും ഇല്ല. നിരവധി തവണ കോടതിയില്‍ റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് ഹാജരാക്കുകയും ചെയ്തിരുന്നു. ഒരു പരാതിയും കോടതി മുന്‍പാകെ പറയാതെ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം പി.ജയരാജന്‍ ഗൂഡാലോചനയില്‍ വരുമെന്നുറപ്പായതോടെ മര്‍ദനനാടകം സിപിഎം പാര്‍ട്ടിപത്രത്തെ കൂട്ടുപിടിച്ച് നടത്തുകയായിരുന്നു. ഇയാളെ മര്‍ദിച്ചാണ് പി. ജയരാജന്റെ പേരുപറയിച്ചതെന്ന് പ്രചരിപ്പിച്ച് പാര്‍ട്ടി നേതാവിനെ രക്ഷിക്കാനുളള നീക്കമുണ്ടെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.