കേരളത്തില്‍ നിന്നു പുതിയ മത്സ്യത്തെ കണ്ടെത്തി

Monday 20 July 2015 3:46 pm IST

ആലപ്പുഴ: ജില്ലയിലെ കായംകുളത്തുനിന്ന് പുതിയ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി. സിപ്രിനിഡെ എന്ന മത്സ്യ കുടുംബത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരിക്കുന്ന ഇവയ്ക്ക് പുണ്ടിയസ് ഡോളിക്കോടെറസ് (Pun-tius dolichopterus) എന്നാണ് ശാസ്ത്രീയ നാമം. ഈ കണ്ടെത്തല്‍ പ്രതിപാദിക്കുന്ന വിശദമായ ശാസ്ത്രീയ ലേഖനം പ്രമുഖ അന്താരാഷ്ട്ര ശാസ്ത്ര ജേര്‍ണലായ ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് പ്യൂവര്‍ ആന്‍ഡ് അപ്ലൈയിഡ് സുവോളജിയുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചു. പുതിയ മത്സ്യത്തെ കണ്ടെത്തുകയും പേരിടുകയും ശാസ്ത്രലേഖനം എഴുതുകയും ചെയ്തത് മാവേലിക്കര തടത്തിലാല്‍ സ്വദേശിയും കൊല്ലം ചവറ ബേബിജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളേജ് സുവോളജി വിഭാഗം തലവനുമായ പ്രൊഫ. മാത്യൂസ് പ്ലാമൂട്ടിലാണ്. കായംകുളത്തിന്റെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന ഒരു കനാലില്‍ നിന്നാണ് പരല്‍ വര്‍ഗത്തില്‍പ്പെട്ട ഈ പുതിയ മത്സ്യത്തെ ശേഖരിച്ചത്. ഇടത്തരം വലുപ്പമുള്ള ഇവയ്ക്ക് ദൈര്‍ഘമേറിയ തലയും നീളമുള്ള നെഞ്ച് ചിറകുകളും (Pectoral Fins) കുറുകിയ മുതുകു ചിറകും (Dorsal fin) എണ്ണത്തില്‍ കുറവായ പാര്‍ശ്വശല്‍ക്കങ്ങളും (lateral line sc-ales) ഉണ്ട്. പാര്‍ശ്വരേഖയുടെ താഴയായി കാണപ്പെടുന്ന നാല് നെടുനീളത്തിലുള്ള രേഖകളും ഉണ്ട്. ഇവയുടെ സ്പീഷീസ് നാമമായ 'ഡോളിക്കോടെറസ്' ഗ്രീക്ക് ഭാഷയില്‍നിന്നാണ് എടുത്തിട്ടുള്ളത്. ഗ്രീക്കില്‍ ഇതിന് നീളമുള്ള ചിറകുകളോട് കൂടിയത് എന്നര്‍ത്ഥം. അസാധാരണനീളമുള്ള ഇവയുടെ നെഞ്ചു ചിറകിനെ ഇതു സൂചിപ്പിക്കുന്നു. ഇവ സാധാരണയായി കാണപ്പെടുന്നത് ചെറുതും ആഴം കുറഞ്ഞതുമായ ജലാശയങ്ങളിലാണ്. ഇവ ഭക്ഷ്യയോഗ്യവും അലങ്കാര മത്സ്യമായി പ്രയോജനപ്പെടുത്താവുന്നതുമാണ്. ഇവയുടെ വര്‍ഗത്തില്‍പ്പെട്ട മത്സ്യങ്ങള്‍ കേരളത്തിലുള്ള പുണ്ടിയസ് നൈഗ്രോനോട്ടസ്, പുണ്ടിയസ് വിറിഡീസ്, പുണ്ടിയസ് നെല്‍സണി, പുണ്ടിയസ് പാര എന്നിവയും തമിഴ്‌നാട്ടിലുള്ള പുണ്ടിയസ് ഡോര്‍സാലീസും ഗംഗാ നദിയിലുള്ള പുണ്ടിയസ് ചോള, പുണ്ടിയസ് സോഫോര്‍ എന്നിവയുമാണ്. പുതിയ മത്സ്യത്തിന്റെ കണ്ടെത്തല്‍ വിശദീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിലും, തമിഴ്‌നാട്ടിലും, പശ്ചിമബംഗാളിലും ഉള്ള ഇവയുടെ വര്‍ഗത്തിലുള്ള മറ്റ് മത്സ്യങ്ങളെ പഠനവിധേയമാക്കി. അന്തര്‍ദേശീയ ജന്തുശാസ്ത്ര നാമകരണ സ്ഥാപനമായ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓഫ് സുവോളജിക്കല്‍ നോമന്‍ ക്ലേച്ചറില്‍നിന്ന് ഇവയ്ക്ക് സൂ ബാങ്ക് രജിസ്റ്റര്‍ നമ്പറും ലഭ്യമായിട്ടുണ്ട്. പുതിയ മത്സ്യത്തിന്റെ ആറ് സാമ്പിളുകള്‍ പ്രമുഖ ഗവണ്‍മെന്റ് മ്യൂസിയമായ പോര്‍ട്ട്‌ബ്ലെയറിലെ സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലാണ് സൂക്ഷിക്കുന്നത്. ദക്ഷിണ കേരളത്തിലെ ശുദ്ധജലാശയങ്ങളിലെ സമൃദ്ധമായ മത്സ്യ വൈവിധ്യത്തിന് ഊന്നല്‍ നല്‍കുന്നതാണ് പുതിയ മത്സ്യത്തിന്റെ കണ്ടെത്തല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.