അനധികൃത മൊബെയില്‍ കണക്ഷനുകള്‍ പെരുകുന്നു

Thursday 30 June 2011 11:10 pm IST

ആലുവ: അനധികൃത മൊബെയില്‍ കണക്ഷനുകള്‍ പെരുകുന്നു. ശരിയായ രേഖകളില്ലാത്ത ആര്‍ക്കും കണക്ഷനുകള്‍ നല്‍കാന്‍ പടില്ല എന്നതാണ്‌ കേന്ദ്രനിയമം. എങ്കിലും തങ്ങളുടെ ടാര്‍ജറ്റ്‌ തികയ്ക്കാന്‍ മൊബെയില്‍ ഷോപ്പുടമകള്‍ അനധികൃതമായി സിമ്മുകള്‍ നല്‍കുന്നു. ഇത്‌ പരിശോധിക്കേണ്ട സര്‍വീസ്‌ പ്രൊവൈസര്‍മാര്‍ രേഖകള്‍ ശരിയാണോ എന്ന്‌ ഉറപ്പ്‌ വരുത്താനും ശ്രമിക്കുന്നില്ല. നോ നമ്പര്‍ കണക്ഷനുകളാണ്‌ ഇപ്പോള്‍ വര്‍ധിപ്പിക്കുന്നത്‌. ഈ കണക്ഷന്‍ ഉപയോഗിക്കുന്നവര്‍ വിളിക്കുന്നവരുടെ ഫോണില്‍ നമ്പര്‍ തെളിയില്ല എന്നതാണ്‌ ഇതിന്റെ പ്രത്യേകത. ഇത്‌ ഉപയോഗിച്ച്‌ ആര്‍ക്കും ആരേയും ഭീഷണിപ്പെടുത്താം. കേസില്‍ ജാമ്യത്തിലിറങ്ങുന്ന പ്രതിക്ക്‌ സാക്ഷികളെ സ്വാധീനിക്കാനും ശ്രമിക്കാം. നമ്പര്‍ അറിയാത്തതിനാല്‍ പരാതിപ്പെടാന്‍ ആരും ശ്രമിക്കാറില്ല.
മൊബെയില്‍ കമ്പനികള്‍ നല്‍കുന്ന ക്ലിയര്‍ എന്ന ഈ കണക്ഷന്‍ ലഭിക്കണമെങ്കില്‍ ഡിവൈഎസ്പി റാങ്ക്‌ മുകളിലുള്ള ഉദ്യോഗസ്ഥന്റെ റഫറല്‍ ലെറ്റര്‍ വേണമെന്നാണ്‌ ചട്ടം. ഇല്ലെങ്കില്‍ ഉപഭോക്താവ്‌ ഹൈടെക്‌ ബിസിനസുകാരനായിരിക്കണം. ഇതൊക്കെയാണ്‌ നിയമമെങ്കിലും ഇതൊന്നും പാലിക്കപ്പെടുന്നില്ലായെന്ന്‌ പറയപ്പെടുന്നു. കൈവെട്ട്‌ കേസുമായി ബന്ധപ്പെട്ടാണ്‌ അനധികൃത മൊബെയില്‍ കണക്ഷനുകള്‍ക്കെതിരെ പോലീസ്‌ നടപടിയെടുത്തിരുന്നത്‌. എന്നാല്‍ സിംകാര്‍ഡുകള്‍ ഫുട്പാത്തിലിട്ടാണ്‌ യാതൊരു രേഖകളുമില്ലാതെ വില്‍പ്പന നടക്കുന്നത്‌. ഇതിന്‌ ഇവര്‍ ചെയ്യുന്നത്‌ രേഖകള്‍ നല്‍കുന്ന വ്യക്തിയുടെ വ്യാജ ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും നിര്‍മിച്ച്‌ സര്‍വീസ്‌ നല്‍കുന്ന കമ്പനികള്‍ക്ക്‌ നല്‍കുകയാണ്‌.