തൃശൂര്‍: മതിലകം ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജെപിയില്‍. പടിഞ്ഞാറെ വെമ്പല്ലൂര്‍ ഡിവിഷന് അംഗവും സിപിഐ മുന്‍ ലോക്കല്‍ കമ്മറ്റി അംഗവുമായ സുജ മുല്ലശ്ശേരിയാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ജില്ലാ കമ്മറ്റി ഓഫീസില്‍ നടന്ന പത്രസമ്മേളനത്തിലാണ് സിപിഐ വിട്ട് ബിജെപിയില്‍ ചേരുന്നതായി സുജ പ്രഖ്യാപിച്ചത്.
സിപിഐയുടെ ജനവിരുദ്ധ നയങ്ങളും ബിജെപി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങളുമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്ന് സുജ മുല്ലശ്ശേരി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിയെന്ന നിലയില്‍ താന്‍ നടത്തിയ ജനകീയ സമരങ്ങളെ, സിപിഐയുടെ എംഎല്‍എ വി.എസ് സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതൃത്വം തള്ളിപ്പറയുകയായിരുന്നുവെന്നും സുജ പറഞ്ഞു.
1999 മുതല്‍ സിപിഐയില്‍ അംഗമായ സുജ എഐവൈഎഫ് ശ്രീനാരയാണപുരം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 2009 ല്‍ സിപിഐ വെമ്പല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറിയായി. പിന്നീട് ലോക്കല്‍ കമ്മറ്റി അംഗം, മഹിളാസംഘം ഭാരവാഹി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എന്നീ നിലയിലും പ്രവര്‍ത്തിച്ചു.
സിപിഐ വിട്ട സുജയോടും കുടുംബത്തോടും ഒപ്പം മതിലകം മേഖലയിലെ സിപിഐ- സിപിഎം പാര്‍ട്ടികളിലെ നൂറോളം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. സുജയെ ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പൊന്നായണിയിച്ച് സ്വീകരിച്ചു. സംസ്ഥാന സെല്‍ കോ ഓര്‍ഡിനേറ്റര്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്, ജില്ലാ വൈസ് പ്രസിഡന്റ് ഏ.ആര്. ശ്രീകുമാര്‍, ജില്ലാ കമ്മറ്റിയംഗം കെ.പി. ഉണ്ണികൃഷ്ണന്, കൊടുങ്ങല്ലൂര്‍- കൈപ്പമംഗലം മണ്ഡലങ്ങളിലെ ബിജെപി ഭാരവാഹികളായ പോണത്ത് ബാബു, ടി.ബി.സജീവന്, കെ.ആര്.വിദ്യാസാഗര്‍, ഷിജു വാഴപ്പുള്ളി, മനോജ് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: