കൊച്ചി കാന്‍സര്‍ സെന്റര്‍; സര്‍ക്കാര്‍ ഒളിച്ചുകളി സ്വകാര്യ ആശുപത്രികള്‍ക്കുവേണ്ടി

Monday 20 July 2015 10:28 pm IST

കൊച്ചി: കൊച്ചിയിലെ നിര്‍ദ്ദിഷ്ട കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നത് സ്വകാര്യ ആശുപത്രി ലോബികള്‍ക്ക് വേണ്ടിയെന്ന ആക്ഷേപം ശക്തം. സര്‍ക്കാര്‍ മേഖലയിലെ കാന്‍സര്‍ ചികിത്സാരംഗം തിരുവനന്തപുരം, തലശ്ശേരി എന്നിവിടങ്ങളിലൊതുങ്ങുമ്പോള്‍ കൊച്ചിയില്‍ മാത്രം മൂന്ന് സ്വകാര്യ ആശുപത്രികളാണ് ആധുനിക ചികിത്സയുമായി രംഗത്തുള്ളത്. ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ ഉള്‍പ്പെട ഭരണപക്ഷത്തെ പ്രമുഖര്‍ക്ക് വ്യവസായികളുമായുള്ള ബന്ധമാണ് സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്കിന് കാരണം. പദ്ധതിയുമായി ബന്ധപ്പെട്ട് കൃഷ്ണയ്യര്‍ മൂവ്‌മെന്റ് സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ ജില്ലയിലെ ഒരു മന്ത്രി നടക്കില്ലെന്ന് തീര്‍ത്ത് പറഞ്ഞ അനുഭവവുമുണ്ട്. സാധാരണക്കാരന് കിടപ്പാടം വിറ്റ് ചികിത്സിക്കേണ്ടി വരുമ്പോഴും വന്‍കിട ആശുപത്രികള്‍ക്ക് വേണ്ടി ചരടുവലിക്കുകയാണ് സര്‍ക്കാരിലെ തന്നെ പ്രമുഖര്‍. ഗള്‍ഫ് വ്യവസായിയുടെ നേതൃത്വത്തിലുള്ള കൊച്ചിയിലെ പ്രമുഖ ആശുപത്രിയിലെ കാന്‍സര്‍ രോഗവിദദ്ധനെയാണ് കാന്‍സര്‍ സെന്ററിന്റെ സ്‌പെഷ്യല്‍ ഓഫീസറായി സര്‍ക്കാര്‍ നിയമിച്ചത്. ഇതില്‍ ആശുപത്രി മാനേജ്‌മെന്റിന് പ്രതിഷേധമുണ്ട്. ഹോസ്പിറ്റലില്‍ പുതിയ കാന്‍സര്‍ ബ്ലോക്കിന്റെ നിര്‍മ്മാണവും നടന്നുവരികയാണ്. കാന്‍സര്‍ ചികിത്സയിലെ ഏറ്റവും പുതിയ സംവിധാനങ്ങളുമായാണ് കൊച്ചിയില്‍ അടുത്തിടെ മറ്റൊരു വന്‍കിട ആശുപത്രി പ്രവര്‍ത്തനം തുടങ്ങിയത്. ഇതിന് പുറമെ കോഴിക്കോട്, തൃശൂര്‍, കോട്ടയം എന്നിവിടങ്ങളിലും സ്വകാര്യ ആശുപത്രികള്‍ കാന്‍സര്‍ ചികിത്സ ലഭ്യമാക്കുന്നുണ്ട്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ചികിത്സയുണ്ടെങ്കിലും പരിമിതമാണ്. കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴാണ് മതിയായ ചികിത്സാ സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത്. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന്റെ കണക്കനുസരിച്ച് 2012-13 വര്‍ഷത്തില്‍ 14985 രോഗികളാണ് പുതുതായി ചികിത്സയ്‌ക്കെത്തിയത്. ഇതില്‍ 75 ശതമാനത്തോളം കുറഞ്ഞ വരുമാനമുള്ളവരും ഭൂരിഭാഗവും കാസര്‍കോട് മുതല്‍ ആലപ്പുഴ ജില്ല വരെയുള്ളവരുമാണെന്ന് കാന്‍സര്‍ രോഗ വിദദ്ധനും കൃഷ്ണയ്യര്‍ മൂവ്‌മെന്റ് സംഘടനാ ഭാരവാഹിയുമായ ഡോ. എന്‍.കെ. സനില്‍കുമാര്‍ പറയുന്നു. മധ്യകേരളത്തില്‍ കാന്‍സര്‍ സെന്റര്‍ ആരംഭിക്കേണ്ടതിന്റെ ആവശ്യകത ഇതില്‍ നിന്നും വ്യക്തമാണ്. തലശ്ശേരി കാന്‍സര്‍ സെന്ററില്‍ എല്ലാത്തരം ചികിത്സകളും ലഭ്യമല്ല. ചികിത്സ്‌ക്കായി തിരുവനന്തപുരം വരെ യാത്ര ചെയ്യുന്നത് രോഗികള്‍ക്ക് അപകടമാണ്. അതിനാല്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുക മാത്രമാണ് പോംവഴി. സ്വകാര്യ മേഖലയിലെ ചികിത്സാ ചെലവ് ഇടത്തരക്കാര്‍ക്ക് പോലും താങ്ങാന്‍ സാധിക്കാത്തതാണ്. ഇതിന് പരിഹാരമായാണ് കൊച്ചിയില്‍ കാന്‍സര്‍ സെന്റര്‍ നിര്‍ദ്ദേശിക്കപ്പെട്ടത്. എന്നാല്‍ സാധാരണക്കാരും ലക്ഷങ്ങള്‍ മുടക്കി ചികിത്സിച്ചാല്‍ മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.