മുംബൈ സ്‌ഫോടന പരമ്പര: യാക്കൂബ് മേമനെ 30ന് തൂക്കിലേറ്റും

Wednesday 22 July 2015 1:48 am IST

ന്യൂദല്‍ഹി: 1993ലെ മുംബൈ സ്‌ഫോടന പരമ്പരക്കേസിലെ ഒന്നാംപ്രതി യാക്കൂബ് മേമന്റെ വധശിക്ഷ ജൂലൈ 30ന് നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നടക്കും. വധശിക്ഷ ശരിവെച്ച സുപ്രീംകോടതി നടപടിക്കെതിരെ യാക്കൂബ് മേമന്‍(53)നല്‍കിയ തെറ്റുതിരുത്തല്‍ ഹര്‍ജി ഇന്നലെ ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷതയില്‍ കൂടിയ ബെഞ്ച് തള്ളി. മേമന്റെ അപേക്ഷയ്ക്ക് ഒരു പരിഗണനയും നല്‍കേണ്ടതില്ലെന്ന് ചീഫ് ജസ്റ്റിസ് എച്ച് എല്‍ ദത്തു അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും ഒഴിവാക്കി അടച്ചിട്ട കോടതിയാണ് തെറ്റുതിരുത്തല്‍ ഹര്‍ജി പരിഗണിച്ചത്. കോടതിയുടെ നടപടിയോടെ വധശിക്ഷയില്‍ നിന്നും രക്ഷപ്പെടുവാനുള്ള യാക്കൂബ് മേമന്റെ അവസാന ശ്രമവും അവസാനിച്ചു. ഇതോടെ 30ന് രാവിലെ ഏഴുമണിക്ക് യാക്കൂബ് മേമനെ തൂക്കിലേറ്റും. യാക്കൂബ് അബ്ദുള്‍ റസാഖ് മേമന്‍ നല്‍കിയ ദയാഹര്‍ജി ഈവര്‍ഷം ഏപ്രിലില്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി തള്ളിയിരുന്നു. പുനഃപരിശോധനാ ഹര്‍ജി ഒരുതവണ സുപ്രീംകോടതി തള്ളിയതിനാല്‍ തെറ്റുതിരുത്തല്‍ ഹര്‍ജിയിന്മേല്‍ യാക്കൂബ് മേമന് അനുകൂല തീരുമാനം ഉണ്ടാകാനുള്ള സാധ്യതകളില്ലെന്ന് നിയമവിദഗ്ധര്‍ നിരീക്ഷിച്ചതാണ്. ശിക്ഷ നടപ്പാക്കേണ്ടതിന്റെ ഒരുക്കങ്ങള്‍ നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ പുരോഗമിക്കുകയാണ്. ആരാച്ചാരുടെ അഭാവത്തില്‍ ജയില്‍ ജീവനക്കാര്‍ തന്നെയാകും മേമന്റെ വധശിക്ഷ നടപ്പാക്കുകയെന്നാണ് ലഭിക്കുന്ന വിവരം. മൂന്നു ജയില്‍ ജീവനക്കാരെ ഇതിനായി പ്രത്യേക പരിശീലനം നല്‍കി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ ആരാണ് ദൗത്യം നിര്‍വഹിക്കുകയെന്ന് 30ന് രാവിലെ മാത്രമേ ഇവരെ അറിയിക്കൂ. 27നോ 28നോ ഡമ്മി ഉപയോഗിച്ചുള്ള തൂക്കിലേറ്റം ജയിലില്‍ നടത്തും. നാഗ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റപ്പെടുന്ന 24-ാമത്തെ വ്യക്തിയാകും യാക്കൂബ് മേമന്‍. 1984ലാണ് അവസാനമായി നാഗ്പൂര്‍ ജയിലില്‍ വധശിക്ഷ നടപ്പാക്കിയത്. 257പേര്‍ കൊല്ലപ്പെട്ടു; മുംബൈ നടുങ്ങി വിറച്ചു 1993 മാര്‍ച്ച് 12ന് മുംബൈയിലെ 13 ഇടങ്ങളിലായി നടന്ന സ്‌ഫോടനപരമ്പരകളില്‍ 257പേര്‍ കൊല്ലപ്പെട്ടിരുന്നു. മുംബൈ മഹാനഗരം നടുങ്ങിവിറച്ച സംഭവത്തില്‍ 700ലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. യാക്കൂബ് മേമന്റെ സഹോദരനും ദാവൂദ് ഇബ്രാഹിമിന്റെ അനുയായിയുമായ ടൈഗര്‍മേമന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു സ്‌ഫോടനം ആസൂത്രണം ചെയ്യപ്പെട്ടത്. ദാവൂദ്, ടൈഗര്‍ മേമന്‍ ഉള്‍പ്പെടെയുള്ള സൂത്രധാരകന്മാര്‍ ഇനിയും പിടിയിലായിട്ടില്ല. കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി 2007 ജൂലൈ 27ന് പ്രത്യേക ടാഡ കോടതി യാക്കൂബ് മേമന് വധശിക്ഷ വിധിച്ചു. മുംബൈ സ്‌ഫോടനങ്ങള്‍ക്കാവശ്യമായ സാമ്പത്തികസഹായം നല്‍കിയതുള്‍പ്പെടെ മേമനെതിരായ തെളിവുകള്‍ എല്ലാം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതി വിധി. ടാഡ കോടതി വിധിക്കെതിരെ മുംബൈ ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളില്‍ അപ്പീലുകള്‍ നല്‍കിയെങ്കിലും ടാഡകോടതിവിധി മേല്‍കോടതികളും ശരിവെച്ചു. 2013 മാര്‍ച്ച് 21ന് സുപ്രീംകോടതി വധശിക്ഷ ശരിവെച്ചതോടെ രാഷ്ട്രപതിക്ക് നല്‍കിയ ദയാഹര്‍ജി ഏപ്രിലില്‍ തള്ളി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.