ആധാര്‍ കാര്‍ഡ് നിര്‍ബന്ധം: കേന്ദ്രസര്‍ക്കാര്‍

Tuesday 21 July 2015 8:55 pm IST

ന്യൂദല്‍ഹി: രാജ്യത്ത് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുമെന്നും ആധാര്‍ നിയമവിധേയമാക്കുന്നതിനായി പാര്‍ലമെന്റില്‍ ബില്ലവതരിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. ആധാര്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലേക്ക് വിടണമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ഗുണഭോക്താക്കളിലേക്ക് സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ എത്തിച്ചേരുമെന്ന് ഉറപ്പാക്കാന്‍ ആധാര്‍ കാര്‍ഡ് അനിവാര്യമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെ ഭൂരിപക്ഷം ക്ഷേമപദ്ധതികളും പ്രവര്‍ത്തിക്കുന്നത് ആധാറുമായി ബന്ധപ്പെട്ടാണ്. ആധാര്‍ ഇല്ലാതായാല്‍ പദ്ധതി നടത്തിപ്പുതന്നെ താറുമാറാകും, അറ്റോര്‍ണി ജനറല്‍ മുകുള്‍ രോത്തഗി പറഞ്ഞു. രാജ്യത്തെ 80കോടി ജനങ്ങളാണ് ആധാര്‍ കാര്‍ഡ് ഇതിനകം എടുത്തിരിക്കുന്നതെന്നും വലിയ തുകയാണ് ആധാര്‍ പദ്ധതി നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിച്ചതെന്നും രോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍ ആധാര്‍ കാര്‍ഡ് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്‍ വാദിച്ചു. ഹര്‍ജി ഭരണഘടനാ ബെഞ്ചിനു വിടണമോയെന്ന കാര്യം വിശദമായ വാദം കേട്ടശേഷം സുപ്രീംകോടതി ഇന്ന് തീരുമാനിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.