പാര്‍ലമെന്റ് സമ്മേളനം മുടക്കാന്‍ കോണ്‍ഗ്രസ്

Tuesday 21 July 2015 9:11 pm IST

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം മുടക്കാന്‍ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് മുന്നോട്ട്. സഭ സമ്മേളിക്കുന്നത് തടയുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് മണ്‍സൂണ്‍ സെഷന്റെ ആദ്യ ദിനം വ്യക്തമാക്കി. ലളിത് മോദി വിഷയത്തില്‍ ചര്‍ച്ചയാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് രാജ്യസഭയെ അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ സജ്ജമാണെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചപ്പോള്‍ ചര്‍ച്ചയല്ല, അന്വേഷണം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷം നിലപാട് മാറ്റി. ലളിത് മോദി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വിശദീകരണം നല്‍കാന്‍ തയ്യാറാണെന്ന് കേന്ദ്രവിദേശകാര്യമന്ത്രി സുഷമാ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുകയും ചെയ്തു. എന്നാല്‍ നിലപാടു മാറ്റിയ പ്രതിപക്ഷ കക്ഷികള്‍ സഭ നടത്താന്‍ അനുവദിക്കില്ലെന്ന് രാജ്യസഭയില്‍ വ്യക്തമാക്കി. രാവിലെ ചോദ്യോത്തരവേള തടസ്സപ്പെട്ടതിനെ തുടര്‍ന്ന് രണ്ടുമണി വരെ നിര്‍ത്തിവെച്ച രാജ്യസഭ ഉച്ചയ്ക്ക് ശേഷം സമ്മേളിച്ചപ്പോഴും ബഹളം തുടര്‍ന്നു. തുടര്‍ന്ന് രണ്ടുതവണ കൂടി നിര്‍ത്തിവെയ്‌ക്കേണ്ടിവന്നശേഷം നടപടികള്‍ തുടരാനാവാതെ സഭ ഇന്നലത്തേക്ക് പിരിയുകയാണെന്ന് അധ്യക്ഷന്‍ അറിയിച്ചു. ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സഭയെ അറിയിച്ചെന്നും സുഷമാ സ്വരാജ് നേരിട്ട് വിശദീകരണം നല്‍കുമെന്ന് വ്യക്തമാക്കിയെന്നും അരുണ്‍ ജെയ്റ്റ്‌ലി പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ലെന്ന വിശദീകരണമാണ് പ്രതിപക്ഷം നല്‍കിയത്. അവര്‍ക്ക് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലല്ല സഭ തടസ്സപ്പെടുത്തുന്നതിലാണ് താല്‍പ്പര്യം. സഭ ഉച്ചവരെ പിരിഞ്ഞ് ഉച്ചയ്ക്ക് ശേഷം ചര്‍ച്ചയാകാമെന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തോട് പറഞ്ഞെങ്കിലും അവര്‍ക്ക് അതും സ്വീകാര്യമായില്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങളില്‍ പരസ്യമായ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും പ്രതിപക്ഷം ഒഴിഞ്ഞുമാറുകയാണ്, ജയ്റ്റ്‌ലി പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ താല്‍പ്പര്യം മുന്‍നിര്‍ത്തി സഭ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി രാവിലെ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചു. പരമാവധി തീരുമാനങ്ങള്‍ സഭ സ്വീകരിക്കുമെന്നും ബജറ്റ് സെഷന്റെ നടത്തിപ്പിന് എംപിമാര്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭ അന്തരിച്ച അംഗത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഇന്നലെ നടപടികളിലേക്ക് കടക്കാതെ രാവിലെതന്നെ പിരിഞ്ഞു. ബിജെപിയുടെ മധ്യപ്രദേശിലെ രത്‌ലം എംപിയായ ദിലീപ്‌സിങ് ബുരിയയുടെ മരണത്തെ തുടര്‍ന്നാണ് ലോക്‌സഭ പിരിഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.