കൊച്ചി കാന്‍സര്‍ സെന്റര്‍; എച്ച്എസ്‌സിസിയെ ഒഴിവാക്കാന്‍ നീക്കം

Wednesday 22 July 2015 12:50 am IST

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ നിര്‍മ്മാണച്ചുമതലയില്‍ നിന്ന് കേന്ദ്ര സ്ഥാപനമായ ഹോസ്പിറ്റല്‍ സര്‍വ്വീസ് കണ്‍സ്ട്രക്ഷന്‍ ആന്‍ഡ് കണ്‍സള്‍ട്ടന്‍സി (എച്ച്എസ്‌സിസി) ലിമിറ്റഡിനെ ഒഴിവാക്കാന്‍ നീക്കം. എച്ച്എസ്‌സിസിയാണ് പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ധനകാര്യ വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നിവയുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് ആരോഗ്യവിഭാഗം തയ്യാറാക്കുന്നുണ്ട്. കാന്‍സര്‍ സെന്റര്‍ വൈകുന്നതിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ മനുഷ്യാവകാശ കമ്മീഷന് സര്‍ക്കാര്‍ നല്‍കിയ മറുപടിയിലും ഇത് വ്യക്തമാക്കിയിരുന്നു. വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന യോഗത്തില്‍ ഈ റിപ്പോര്‍ട്ടും ചര്‍ച്ച ചെയ്യും. വിശദമായ പദ്ധതി റിപ്പോര്‍ട്ട് നിലവിലുണ്ടെന്നിരിക്കെ പുതിയ റിപ്പോര്‍ട്ടുമായി സര്‍ക്കാര്‍ രംഗത്തുവരുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിലടക്കം ആരോഗ്യ മേഖലയില്‍ പേരെടുത്ത കണ്‍സള്‍ട്ടന്‍സി സ്ഥാപനമാണ് എച്ച്എസ്‌സിസി. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനം കൂടിയാണ് കൊച്ചിയില്‍ ഉദ്ദേശിക്കുന്നത്. ഇതിനെ തലശ്ശേരിയിലെയും തിരുവനന്തപുരത്തെയും കാന്‍സര്‍ സെന്ററുമായി താരതമ്യപ്പെടുത്തുന്നതില്‍ കഴമ്പില്ല. നിര്‍മ്മാണച്ചുമതല എച്ച്എസ്‌സിസിയെ ഏല്‍പ്പിക്കുമെന്നാണ് സര്‍ക്കാര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മാത്രമാണ് എച്ച്എസ്‌സിസിയോട് ആവശ്യപ്പെട്ടതെന്നാണ് ഇപ്പോള്‍ പറയുന്നത്. സൗത്ത് ഏഷ്യയില്‍ തന്നെ എച്ച്എസ്‌സിസിയേക്കാള്‍ മികച്ച സ്ഥാപനമില്ലെന്നിരിക്കെയാണ് സര്‍ക്കാരിന്റെ പിന്മാറ്റം. നിര്‍മ്മാണച്ചുമതല സ്വകാര്യ മേഖലയെ ഏല്‍പ്പിച്ച് അഴിമതിക്ക് കളമൊരുക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നാണ് ആരോപണമുയരുന്നത്. പണമില്ലാത്തതിനാല്‍ സ്വകാര്യ ഏജന്‍സികളില്‍ നിന്നും പലിശയ്ക്ക് പണം കണ്ടെത്തി ആന്വിറ്റി മോഡലില്‍ പദ്ധതി നടപ്പിലാക്കണമെന്നാണ് സര്‍ക്കാര്‍ വാദിക്കുന്നതും. ഇത് വ്യാപകമായി എതിര്‍ക്കപ്പെടുന്നുമുണ്ട്. പല കാരണങ്ങള്‍ ഉയര്‍ത്തി പദ്ധതി അനിശ്ചിതമായി നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും വിമര്‍ശനമുയരുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.