മനോജ് വധം; ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Wednesday 22 July 2015 7:08 pm IST

തലശ്ശേരി: പി.ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നാളെ വിധി പറയും. കതിരൂര്‍ മനോജ് വധത്തില്‍ തന്നെ പ്രതിചേര്‍ക്കാന്‍ സാധ്യയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജയരാജന് വേണ്ടി അഡ്വ:കെ.വിശ്വന്‍ നല്‍കിയ ഹര്‍ജിയാണ് നാളെ വിധി പറയാന്‍ മാറ്റിയത്. യുഎപിഎ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് നിയമ സാധ്യതയില്ലെന്നിരിക്കെ ജാമ്യം അനുവദിച്ചാലുളള നിയമപ്രശ്‌നം ജഡ്ജ് നാരായണപിഷാരടി പ്രതിഭാഗം അഭിഭാഷകനെ അറിയിച്ചിരുന്നു. ഇന്നലെ നടന്ന വാദത്തില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കൈവെട്ട് കേസില്‍ ഹൈക്കോടതി ജാമ്യം നല്‍കിയത് ചൂണ്ടിക്കാട്ടിയ പി.ജയരാജന്റെ അഭിഭാഷകന്‍ ദുര്‍ബല വാദങ്ങള്‍ നിരത്തി. 1999 മുതല്‍ ഇയാള്‍ വികലാംഗനാണെന്നും നിലവില്‍ ആന്‍ജിയോ പ്ലാസ്റ്റി ചെയ്ത് പരിയാരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റാണെന്നും അഡ്വ:കെ.വിശ്വന്‍ കോടതിയെ ധരിപ്പിച്ചു. നിലവില്‍ ഗൂഢാലോചനയില്‍ പ്രതി ചേര്‍ത്തവര്‍ക്ക് യുഎപിഎ ചുമത്തിയില്ലെന്നും വാദിച്ചു. എന്നാല്‍ കേസിലെ നിലവിലെ പ്രതികള്‍ക്ക് മാത്രമല്ല, ഇനി പ്രതി പട്ടികയിലേക്ക് വരുന്നവരും യുഎപിഎ വകുപ്പില്‍ ഉള്‍പ്പെടുമെന്നും സിബിഐ പ്രോസിക്യൂട്ടര്‍ കെ.കൃഷ്ണകുമാര്‍ വാദിച്ചു. അതിനാല്‍ ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് നിയമസാധ്യതയില്ലായെന്നും, ജാമ്യമനുവദിക്കരുതെന്നും  പ്രോസിക്യൂട്ടര്‍ വാദിച്ചു. സിപിഎം നേതാക്കളും, മാധ്യമ പ്രവര്‍ത്തകരുമടക്കം നിരവധിപേര്‍ കോടതിയിലെത്തി. ഗൂഢാലോചനയില്‍ പ്രതിയായ പയ്യന്നൂര്‍ ഏരിയ സെക്രട്ടറി ടി.എ.മധുസൂധനന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.