കൊച്ചി കാന്‍സര്‍ സെന്റര്‍ ചോദിച്ചാല്‍ തരും, തീര്‍ച്ച

Wednesday 22 July 2015 7:30 pm IST

കൊച്ചി: കൊച്ചി കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കേന്ദ്ര സഹായം തേടാത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടി വിവാദമാകുന്നു. കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം അനുഭാവ നിലപാട് സ്വീകരിക്കുമ്പോഴും പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ ഫണ്ട് ആവശ്യപ്പെടാനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കാന്‍സര്‍ ചികിത്സാരംഗത്ത് കേരളത്തിന് 165 കോടി അനുവദിച്ചതായി കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ ലോക്‌സഭയില്‍ അറിയിച്ചിരുന്നു. തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ടായി വികസിപ്പിക്കുന്നതിന് 120 കോടിയും കോഴിക്കോട് മെഡിക്കല്‍ കോളേജിനെ ടെര്‍ഷ്യറി കെയര്‍ കാന്‍സര്‍ സെന്ററായി വികസിപ്പിക്കുന്നതിന് 45 കോടി രൂപയുമാണ് അനുവദിച്ചത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ കൊച്ചി കാന്‍സര്‍ സെന്ററിന് തുക അനുവദിക്കാമെന്ന് മുന്‍ ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധനും നിലവിലെ മന്ത്രി ജെ.പി. നഡ്ഡയും പാര്‍ലമെന്റംഗങ്ങള്‍ക്കും ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്‌മെന്റിനും നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. നടപടികള്‍ സ്വീകരിച്ചാല്‍ കേന്ദ്രം പണം നല്‍കുമെന്ന് ഉറപ്പാണ്. എന്നാല്‍ പണമില്ലാത്തതിനാലാണ് പദ്ധതി നടപ്പാകാത്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കുമ്പോഴും കേന്ദ്രത്തെ സമീപിക്കാന്‍ തയ്യാറാകാത്തത് സംശയത്തിനിടയാക്കിയിരിക്കുകയാണ്. എന്തെങ്കിലും കാരണമുണ്ടാക്കി പദ്ധതി വൈകിപ്പിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. സ്വകാര്യ ആശുപത്രികളെ സഹായിക്കാനാണ് പിന്മാറ്റമെന്നും ആരോപണമുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ് കാന്‍സര്‍ സെന്ററിന് 45 കോടി പ്രഖ്യാപിച്ചിരുന്നു. കൊച്ചിയിലെ ഒരു പരിപാടിയില്‍ പ്രൊഫ.കെ.വി. തോമസ് എംപിയുടെ സാനിധ്യത്തിലായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഇത് പോലും വാങ്ങിയെടുക്കാന്‍ എംപിക്കോ കേരളത്തില്‍ നിന്നുണ്ടായിരുന്ന മന്ത്രിമാര്‍ക്കോ കഴിഞ്ഞില്ല. ഇതിനിടെ കാന്‍സര്‍ സെന്റര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കൃഷ്ണയ്യര്‍ മൂവ്‌മെന്റ് ദേശീയ നേതാക്കള്‍ക്ക് കത്തയച്ചു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി എന്നിവര്‍ക്കും സംസ്ഥാനത്ത് നിന്നുള്ള എംപിമാര്‍ക്കുമാണ് കത്തയച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.