പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ് സര്‍ക്കാര്‍ ഒത്തുകളി; സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ന്നവരുടെ അപേക്ഷ നിരസിച്ചു

Wednesday 22 July 2015 9:52 pm IST

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തില്‍ വിദ്യാര്‍ത്ഥികളെ ബലിയാടാക്കി സര്‍ക്കാര്‍ സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളുമായി ഒത്തുകളിച്ചു. സ്വകാര്യ സ്‌കൂളുകളില്‍ ഇതിനകം ചേര്‍ന്നവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റ് വഴി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാനായില്ല. അവസാന അവസരവും നഷ്ടപ്പെട്ടതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് ഒഴിവുണ്ടായിരിക്കെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ഫീസ് നല്‍കി പഠിക്കേണ്ടി വരും. ഏകജാലകം വഴി ആദ്യഘട്ടങ്ങളില്‍ പ്രവേശനം ലഭിക്കാത്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അവസാന അവസരമായിരുന്നു ഇന്നലെ. ഇതിനായി ചൊവ്വാഴ്ച വൈകിട്ട് വരെ സ്‌കൂളുകള്‍ അപേക്ഷ സ്വീകരിച്ചിരുന്നു. ഇന്നലെ രാവിലെ 11 മണിവരെയായിരുന്നു പോര്‍ട്ടലില്‍ അപേക്ഷ അപ്‌ലോഡ് ചെയ്യാനുള്ള സമയം. അപേക്ഷകള്‍ അധ്യാപകര്‍ പോര്‍ട്ടലില്‍ നല്‍കിയപ്പോള്‍ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ന്നവര്‍ നേരത്തെ പ്രവേശനം നേടിയവരാണെന്ന് രേഖപ്പെടുത്തുന്നതിനാല്‍ അപേക്ഷകള്‍ നിരസിക്കപ്പെട്ടു. വൈകിട്ട് വരെ സമയം നീട്ടി നല്‍കിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായില്ല. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ആദ്യഘട്ടത്തില്‍ പ്രവേശനം ലഭിക്കാത്തവര്‍ പൊതുവെ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ചേരാറുണ്ട്. പിന്നീട് സര്‍ക്കാര്‍ സ്‌കൂളുകളില്‍ സീറ്റ് ലഭിക്കുന്നതനുസരിച്ച് മാറുകയാണ് പതിവ്. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെത്തിയിരുന്നു. പതിനായിരം മുതല്‍ അരലക്ഷം വരെ നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ മാനേജ്‌മെന്റ് സ്‌കൂളുകളില്‍ ചേര്‍ന്നത്. മൂന്ന് മാസത്തെ ഫീസ് മുന്‍കൂറായി വാങ്ങിയ സ്‌കൂളുകളുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം ലഭിച്ചാല്‍ തുക തിരിച്ചുവാങ്ങാന്‍ സാധിക്കും. ഇത് ഒഴിവാക്കാനാണ് മാനേജ്‌മെന്റുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഒത്തുകളിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.