ബസ് കാറിലിടിച്ച് അഞ്ച് മരണം

Wednesday 22 July 2015 11:05 pm IST

കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് ആള്‍ട്ടോകാറിലിടിച്ച് കാറിലുണ്ടായിരുന്ന അഞ്ചുപേര്‍ തല്‍ക്ഷണം മരിച്ചു. അമ്മയും മക്കളും പേരക്കുട്ടിയുമടക്കം മരിച്ച നാലു പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. കാര്‍ യാത്രക്കാരായ ആറ്റിങ്ങല്‍ ആലങ്കോട് പെരുങ്കുളം ഷാഹിനാ മന്‍സിലില്‍ ഷാഹിദ(42), മകള്‍ ഷാമിന(19), മകന്‍ മുഹമ്മദ് ആലിഫ്(16), ഷാഹിദയുടെ മൂത്തമകള്‍ ഷാഹിനയുടെ മകന്‍ മുഹമ്മദ് അജ്മല്‍(4), കാര്‍ ഡ്രൈവര്‍ നെബില്‍ മന്‍സിലില്‍ അബ്ദുള്‍ ഷുക്കൂര്‍-ഫാസില ദമ്പതികളുടെ മകന്‍ നെബില്‍(21) എന്നിവരാണ് മരണമടഞ്ഞത്. വയനാട്ടിലുള്ള ബന്ധുവീട്ടില്‍ പോയി മടങ്ങിവരികയായിരുന്നു ഇവര്‍. തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേയ്ക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസാണ് കാറിലിടിച്ചത്. ബസിലുണ്ടായിരുന്ന പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. അവരെ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു. കരുനാഗപ്പള്ളി വവ്വാക്കാവിന് തെക്കുവശം ആനന്ദാ ജങ്ഷനില്‍ ഇന്നലെ രാവിലെ 7.45നാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മുന്നിലുണ്ടായിരുന്ന വാഹനത്തെ മറികടക്കാന്‍ ശ്രമിച്ച സൂപ്പര്‍ഫാസ്റ്റ് എതിരേ വരികയായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു.  അന്‍പത് മീറ്ററോളം ദൂരത്തില്‍ കാറിനെ ബസ് വലിച്ചുകൊണ്ടുപോയി,  ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കാറിലുള്ളവരെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നീട് കരുനാഗപ്പള്ളിയില്‍ നിന്നും അഗ്നിശമന സേന എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഡ്രൈവര്‍ നെബിലിന്റെ വയര്‍ കീറി അവയവങ്ങള്‍ പുറത്തായ നിലയിലായിരുന്നു. മുന്‍സീറ്റിലായിരുന്ന മുഹമ്മദ് അജ്മലിന്റെ തല തകര്‍ന്ന് തലച്ചോറ് പുറത്തേക്ക് തെറിച്ച നിലയിലും മറ്റുള്ളവരുടെ ശരീരം ഒടിഞ്ഞുതകര്‍ന്ന നിലയിലുമായിരുന്നു. മരിച്ച ഷാഹിദയുടെ ഭര്‍ത്താവ് നാസിറുദ്ദീനും പേരക്കുട്ടി മുഹമ്മദ് അജ്മലിന്റെ അച്ഛന്‍ അസീമും വിദേശത്താണ്. ഷാഹിദയുടെ മൂത്ത മകള്‍ ഷാഹിനയാണ് അജ്മലിന്റെ അമ്മ. കരുനാഗപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വൈകിട്ട് മൂന്ന് മണിയോടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇതില്‍  നെബിലിന്റെ മൃതദേഹം ആലങ്കോട് ജുമാ മസ്ജിദില്‍ ഇന്നലെ വൈകിട്ടോടെ ഖബറടക്കി. ഷാഹിദയുടെ ഭര്‍ത്താവ് നാസിറുദ്ദീനും അജ്മലിന്റെ അച്ഛന്‍ അസീമും വിദേശത്തായതിനാല്‍ മറ്റ് നാലുപേരുടെയും ഖബറടക്കം നാളെയേ ഉണ്ടാവുകയുള്ളൂ. ഇവരുടെ മൃതദേഹങ്ങള്‍ കൊട്ടിയം ഹോളിക്രോസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.