തേയില വ്യാപാരത്തിന്റെ മറവില്‍ തട്ടിപ്പ്‌: സ്ഥാപന ഉടമക്കെതിരെ കേസെടുത്തു

Thursday 30 June 2011 11:11 pm IST

മരട്‌: തേയില വ്യാപാരത്തിന്റെ മറവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും കോടികള്‍ തട്ടിയെടുത്തതായി ആരോപിക്കപ്പെടുന്ന സ്ഥാപന ഉടമക്കും മറ്റുമെതിരെ പോലീസ്‌ കേസെടുത്തു. ആദ്യം കൊല്ലത്തും പിന്നീട്‌ കൊച്ചി കേന്ദ്രമാക്കിയും പ്രവര്‍ത്തിച്ചുവന്ന 'ആസാം ആപ്പിള്‍വാലി' ഫുഡ്‌ ആന്റ്‌ ബിവറേജസ്‌ എന്ന പേരിലുള്ള തേയില മൊത്തവ്യാപാര കമ്പനി ഉടമ കൊച്ചി സ്വദേശി എം.നാസറുദ്ദീന്‍, ജനറല്‍ മാനേജറായിരുന്ന സ്വാമിനാഥന്‍ എന്ന കണ്ണന്‍, മുരളി തുടങ്ങിയവര്‍ക്കെതിരെയാണ്‌ കളമശ്ശേരി പോലീസ്‌ വഞ്ചനാക്കുറ്റത്തിനും മറ്റും കേസെടുത്ത്‌ അന്വേഷണം നടത്തിവരുന്നത്‌.
മരട്‌ നെട്ടൂരിലെ പി.എ.അബ്ദുള്‍ നാസര്‍ ആലുവ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ്‌ കോടതിയില്‍ നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന്‌ കോടതി നിര്‍ദേശപ്രകാരമാണ്‌ കേസ്‌. 2009 ഏപ്രിലില്‍ തേയില വിതരണക്കാരെ ആവശ്യമുണ്ടെന്നുകാണിച്ച്‌ പ്രമുഖ മലയാളപത്രത്തില്‍ പരസ്യം നല്‍കിക്കൊണ്ടാണ്‌ തട്ടിപ്പിന്റെ തുടക്കമെന്ന്‌ ഒരുകോടിയോളം രൂപ നഷ്ടപ്പെട്ട ഇന്‍ഫ്ര ഇന്നോവേറ്റീവ്‌ ട്രേഡേഴ്സ്‌ എന്ന സ്ഥാപന ഉടമ കൂടിയായ നെട്ടൂര്‍ സ്വദേശി പി.എ.അബ്ദുള്‍ നാസറും മകന്‍ ഷിയാസും മരട്‌ പ്രസ്ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. അസംസ്കൃത തേയില വാങ്ങി ആപ്പിള്‍വാലി കമ്പനിക്ക്‌ നല്‍കിയ വകയില്‍ ഒന്നരവര്‍ഷത്തിനിടെയാണ്‌ ഇത്രയും വലിയ തുക സ്ഥാപന ഉടമ നാസറുദ്ദീനും മകന്റെ ബിനാമി സ്ഥാപനവും കൂടി തങ്ങളില്‍നിന്നും തട്ടിയെടുത്തതെന്ന്‌ പണം നഷ്ടപ്പെട്ടവര്‍ പറഞ്ഞു.
സ്ഥാപനത്തെക്കുറിച്ച്‌ കൊല്ലത്തും മറ്റും അന്വേഷണം നടത്തിയപ്പോഴാണ്‌ അവിടേയും ഇതേരീതിയില്‍ ഇടപാടുകാരെ കബളിപ്പിച്ചതായി വിവരം ലഭിച്ചത്‌. ഇതിനിടെ നഷ്ട കണക്കുകള്‍ നിരത്തി സാമ്പത്തിക ബാധ്യതകള്‍ തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ ഉടമ ശ്രമിച്ചതായും പരാതിക്കാര്‍ പറയുന്നു.
ചെക്കുകള്‍ മടങ്ങുകയും തങ്ങള്‍ കബളിപ്പിക്കപ്പെട്ടുവെന്ന്‌ ഉറപ്പാവുകയും ചെയ്തപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന്‌ ഒരു ഡിവൈഎസ്പിയുടെ അടുത്ത ബന്ധു കൂടിയായ പരാതിക്കാരന്‍ അബ്ദുള്‍ നാസര്‍ പറയുന്നു. തുടര്‍ന്നാണ്‌ കഴിഞ്ഞ ഏപ്രിലില്‍ ആലുവ ഫസ്റ്റ്ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ ആസാം ആപ്പിള്‍വാലി സ്ഥാപന ഉടമ എം.നാസറുദ്ദീന്‍, ജനറല്‍ മാനേജറായിരുന്ന സ്വാമിനാഥന്‍ എന്ന കണ്ണന്‍, മുരളി തുടങ്ങിയവര്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമപ്രകാരം കേസെടുക്കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസന്വേഷണം പുരോഗമിക്കുകയാണെന്നാണ്‌ കളമശ്ശേരി സ്റ്റേഷന്‍ എസ്‌ഐ സ്റ്റാന്‍ലി നല്‍കിയ വിവരം. സംഭവം സിവില്‍ കേസ്‌ മാത്രമാക്കി മാറ്റി ഒതുക്കിത്തീര്‍ക്കാനാണ്‌ ചിലര്‍ ശ്രമിക്കുന്നതെന്നാണ്‌ പരാതിക്കാരുടെ ആരോപണം. തട്ടിപ്പിന്റെ സൂത്രധാരകനായ നാസറുദ്ദീന്‍ ഇപ്പോള്‍ ഒളിവിലാണെന്നും അവര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.