വധശിക്ഷ : യാക്കൂബ് മേമന്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചു

Thursday 23 July 2015 2:58 pm IST

ന്യൂദല്‍ഹി: വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മുംബൈ സ്‌ഫോടന കേസിലെ മുഖ്യ പ്രതി യാക്കൂബ് മേമന്‍ വീണ്ടും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ജൂലൈ 30 നടപ്പാക്കാനിരിക്കുന്ന വധശിക്ഷ നിര്‍ത്തിവയ്ക്കണമെന്നും ശിക്ഷയില്‍ ഇളവു നല്‍കണമെന്നുമാണ് മേമന്‍ ആവശ്യപ്പെടുന്നത്.ശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് മേമന്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ഹര്‍ജിയുമായി മേമന്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. വധശിക്ഷ നടപ്പിലാക്കാനുള്ള ഉത്തരവ് നിയമ വിരുദ്ധമാണെന്നും ശരിയായ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ലഭ്യമായ എല്ലാ നിയമവഴികളും തേടുന്നതിനു മുന്‍പാണ് വധശിക്ഷയ്ക്കുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഇത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്ന് മേമന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. സുപ്രീംകോടതി തിരുത്തല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്ന് മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ദയാഹര്‍ജി നല്‍കിയിരുന്നു. കൂടാതെ രാഷ്ട്രപതിക്കു വീണ്ടും ദയാഹര്‍ജി നല്‍കാനും നീക്കമുണ്ട്. മേമന്‍ നേരിട്ട് നല്‍കുന്ന ആദ്യ ദയാഹര്‍ജിയാണിത്. നേരത്തെ യാക്കൂബ് മേമനു വേണ്ടി സഹോദരനായ സുലെയ്മാനാണ് രാഷ്ട്രപതിക്കു ദയാഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇത് കഴിഞ്ഞവര്‍ഷം രാഷ്ട്രപതി പ്രണബ് മുഖര്‍ജി തള്ളിയിരുന്നു. 1993 മാര്‍ച്ച് 12നു മുംബൈ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 257 പേരാണു മരിച്ചത്. 713 പേര്‍ക്കു പരുക്കേറ്റു. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, യാക്കൂബ് അബ്ദുല്‍ റസാഖ് മേമന്‍ എന്നിവരായിരുന്നു സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍മാരെന്നു കണ്ടെത്തിയിരുന്നു. ബോളിവുഡ് താരം സഞ്ജയ് ദത്തും കേസില്‍ പ്രതിയായിരുന്നു. യാക്കൂബ് മേമനു പുറമെ, ടാഡാ കോടതി വധശിക്ഷയ്ക്കു വിധിച്ച മറ്റു 10 പേരുടെ ശിക്ഷ സുപ്രീം കോടതി 2013ല്‍ ജീവപര്യന്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.