കൈവെട്ടുക, തലയറുക്കുക; പ്ലസ്ടുവിലെ മലയാളം പാഠം വിവാദമാകുന്നു

Friday 24 July 2015 1:22 am IST

കൊച്ചി: പ്ലസ്ടുക്കാരെ പഠിപ്പിക്കുന്ന കവിതയില്‍ കൈവെട്ടാനും തലവെട്ടാനുമുള്ള ആക്രമണാഹ്വാനം. പ്രസിദ്ധകവി കടമ്മനിട്ട രാമകൃഷ്ണന്റെ അതിപ്രസിദ്ധമായ കവിതയാണ് പാഠഭാഗമെങ്കിലും കവിതയ്ക്ക് വ്യാഖ്യാനവും വിശദീകരണവും നല്‍കാനാവാതെ ക്ലാസ്മുറിയില്‍ അദ്ധ്യാപകരും കുഴങ്ങുന്നു. അഹിംസക്കാരെന്നവകാശവാദം പറയുന്ന ഭരണകക്ഷിയുടെ അദ്ധ്യാപക സംഘടനയ്ക്കു മിണ്ടാട്ടമില്ല, കവി ഇടതുപക്ഷ സഹയാത്രികനായിരുന്നുവെന്നതിനാല്‍ പ്രതിപക്ഷ അദ്ധ്യാപക സംഘടനകളും പ്രതികരിക്കുന്നില്ല. കടമ്മനിട്ടയുടെ 'കിരാതവൃത്തം' എന്ന കവിതയാണ് പാഠ്യവിഷയം. ''ഈറ്റപ്പുലി നോറ്റുകിടക്കും ഈറന്‍ കണ്ണു തുറന്നും....'' എന്നാരംഭിക്കുന്ന കവിത കാട്ടാളനെ പ്രതീകമാക്കിയ, അടിച്ചമര്‍ത്തപ്പെട്ട അധഃസ്ഥിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പു പാട്ടെന്നാണ് സാഹിത്യലോകം വിലയിരുത്തുന്നത്. ''....വേട്ടക്കാരവരുടെ കൈയുകള്‍ വെട്ടും ഞാന്‍, കല്‍മഴുവോങ്ങി, മലതീണ്ടിയശുദ്ധം ചെയ്തവര്‍ തലയില്ലാതൊഴുകണമാറ്റില്‍, മരമൊക്കെയരിഞ്ഞവ,രെന്നുടെ കുലമൊക്കെ മുടിച്ചവ,രവരുടെ കുടല്‍മാലകള്‍ കൊണ്ടു ജഗത്തില്‍ നിറമാലകള്‍ തൂക്കും ഞാന്‍ കുരലൂരിയെടുക്കും ഞാനക്കുഴലൂതി വിളിക്കും വീണ്ടും....'' എന്നിങ്ങനെയാണ് കവിതയുടെ പോക്ക്. ഈ കവിത മുതിര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്നതിനോ പഠിപ്പിക്കുന്നതിനോ വിഷമമില്ല, തടസവുമില്ല. എന്നാല്‍, കൗമാരക്കാരുടെ മനസ്സില്‍ ഈ കവിത ആക്രമണ വാസന വര്‍ദ്ധിപ്പിക്കുകയേ ഉള്ളുവെന്നാണ് സത്യം. പ്രത്യേകിച്ച്, കൈവെട്ടും തലവെട്ടും കുടല്‍മാലഴയെടുക്കലും കുരവള്ളിപറിക്കലും മറ്റുമെന്ന് മനശ്ശാസ്തജ്ഞരും അഭിപ്രായപ്പെടുന്നു. ഈ കവിത എഴുതിയത് 1969-ലാണ്. നക്‌സല്‍ബാരി കലാപത്തിനു ശേഷം അതിനെ അനുസ്മരിച്ചും ഏറെക്കുറേ പിന്തുണച്ചുമെഴുതിയ ഈ കവിത പാഠപുസ്തകക്കമ്മിറ്റി തിരഞ്ഞെടുത്തപ്പോള്‍ അതിനു പിന്നില്‍ മാവോയിസ്റ്റ് പക്ഷപാതവും താല്‍പര്യവും പോലും ഉണ്ടായിരുന്നിരിക്കണമെന്നു പോലും സംശയിക്കേണ്ടതുണ്ട്. പാഠപുസ്തക സമിതി പാഠ്യഭാഗം തിരഞ്ഞെടുക്കുന്നതില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളുടെ ലംഘനവും ഇവിടെ നടന്നിട്ടുണ്ട്. ഹിംസയെയും ദുര്‍ഗുണങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതാകരുത് പാഠങ്ങള്‍ എന്നു കൃത്യമായ വ്യവസ്ഥയുണ്ട്. ഭയപ്പെടുത്തുന്നത്, സ്പര്‍ദ്ധകളുണ്ടാക്കുന്നത്, വെറുപ്പും അറപ്പും ഉണ്ടാക്കുന്നത് തുടങ്ങിയവ പാഠഭാഗത്തുണ്ടാവരുതെന്നാണ് വ്യവസ്ഥ. എന്നാല്‍, ഹിംസക്ക് പ്രേരണ നല്‍കുന്ന പാഠഭാഗം ഗാന്ധിജിയുടെ ശിഷ്യപാരമ്പര്യം അവകാശപ്പെടുന്ന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്തുതന്നെയാണ് കൗമാരക്കാരെ പഠിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 'പ്രസിദ്ധവും പ്രിയപ്പെട്ടതുമായ കവിയും കവിതയും എന്ന നിലയിലാണ് ക്ലാസ്മുറിയില്‍ പഠിപ്പിക്കാന്‍ തുടങ്ങിയത്. കവിത മുഴുവന്‍ പഠിക്കാനുണ്ട്. പക്ഷേ, വായിച്ചു തീര്‍ന്നപ്പോള്‍ വിയര്‍ത്തുപോയി. കവിത സത്യസന്ധമായി വിശദീകരിച്ചാല്‍ അതു കുഴപ്പമാകും. പഠിപ്പിക്കാതെ പോയാല്‍ അത് ആത്മ വഞ്ചനയാകും'-ധര്‍മ്മസങ്കടത്തിലായ പ്രസിദ്ധ കവികൂടിയായ ഒരു അദ്ധ്യാപകന്‍ ജന്മഭൂമിയോടു പറഞ്ഞു. കടമ്മനിട്ടയെ അറിയാനാണെങ്കില്‍ വേറെ കവിതകള്‍ ധാരാളമുണ്ട്. ഈ കവിത ആനുകാലിക സാഹചര്യത്തില്‍ തിരഞ്ഞെടുത്തതില്‍ ദുരൂഹതയുണ്ട്. അഹിംസയ്ക്കുവേണ്ടി നില്‍ക്കുന്നവരെന്നവകാശപ്പെടുന്നവരുടെ ഭരണ കാലത്ത് പ്രത്യേകിച്ചും. ഭരണകക്ഷികളോ അവരുടെ അദ്ധ്യാപക സംഘടനകളോ കവിതയെ എതിര്‍ക്കില്ല. സിപിഎം സ്വതന്ത്രനായി നിയമസഭാംഗമായിരുന്ന, പുരോഗന കലാസാഹിത്യ സംഘം അദ്ധ്യക്ഷനായിരുന്ന കടമ്മനിട്ടയെയും കവിതയേയും ഇടതുപക്ഷം എതിര്‍ക്കുന്നുവെന്ന ആക്ഷേപവും ഉയരുമെന്നതിനാല്‍ അക്കൂട്ടരും തയ്യാറാകില്ല. ഇതിനിടെ, കൈവെട്ടാനും തലയറുക്കാനുമുള്ള പാഠപുസ്തകത്തിലെ ആഹ്വാനം കുട്ടികള്‍ അനുകരിച്ചേക്കുമോ എന്ന് ഭയക്കുകയാണ് അദ്ധ്യാപകര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.