പ്രതിപക്ഷം മാണിയെ ബഹിഷ്‌കരിച്ചു

Friday 24 July 2015 1:34 am IST

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ തുടര്‍ച്ചയായ രണ്ടാംദിവസവും നിയമസഭ ബഹളത്തില്‍ കലാശിച്ചു. പ്രതിഷേധത്തിനിടെ ധനവിനിയോഗ ബില്‍ പാസാക്കി സഭ നേരത്തേ പിരിഞ്ഞു. ധനവിനിയോഗ ബില്‍ അവതരിപ്പിക്കാന്‍ മാണിയെ സ്പീക്കര്‍ ക്ഷണിച്ചതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. മാണി കോഴവാങ്ങിയതായി കൊച്ചുകുട്ടികള്‍ പോലും വിശ്വസിക്കുന്നുണ്ടെന്നും വിജിലന്‍സിനെ ഉപയോഗിച്ച് സര്‍ക്കാര്‍ മാണിയെ വിശുദ്ധനാക്കുകയായിരുന്നുവെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. തുടര്‍ന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ കുത്തിയിരുന്നു. ധനവിനിയോഗ ബില്ലിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്ന് പ്രതിപക്ഷം വിട്ടുനിന്നപ്പോള്‍, ഭരണകക്ഷി അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രതിപക്ഷത്തിനെ രൂക്ഷമായി വിമര്‍ശിച്ചു. മാര്‍ച്ച് 31ന് മുമ്പ് വോട്ട് ഓണ്‍ അക്കൗണ്ട് പാസായതുകൊണ്ടാണ് ഇരുപക്ഷത്തുമുള്ള എംഎല്‍എമാര്‍ ശമ്പളം വാങ്ങുന്നതെന്ന് കെ. മുരളീധരന്‍ എംഎല്‍എ പറഞ്ഞു. ബജറ്റ് അംഗീകരിക്കില്ലെന്ന് പറയുകയും എന്നാല്‍ ബജറ്റ് പാസാക്കുന്നതിലൂടെ ലഭിക്കുന്ന ശമ്പളവും റ്റി എയും വാങ്ങുകയും ചെയ്യുന്ന പ്രതിപക്ഷത്തെ അടുത്ത തെരഞ്ഞെടുപ്പിലും ജനം തള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബജറ്റ് അംഗീകരിക്കാത്ത പ്രതിപക്ഷം ഇതിലൂടെ പാസാക്കിയെടുക്കുന്ന തുക ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനം വേണ്ടെന്ന് വയ്ക്കാന്‍ തയ്യാറാകുമോ എന്ന് സി.എഫ്. തോമസ് ചോദിച്ചു. പി.സി. വിഷ്ണുനാഥ്, പി.കെ. ബഷീര്‍, ശിവദാസന്‍നായര്‍, പി. ഉബൈദുല്ല, വി.ഡി. സതീശന്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.