മുഖ്യമന്ത്രിക്കുനേരെ ആക്രമണം പോലീസില്‍ വിഴുപ്പ് അലക്കല്‍; ഇന്റലിജന്‍സിന്റെ വീഴ്ചയെന്ന് ആരോപണം

Friday 24 July 2015 8:44 pm IST

തിരുവനന്തപുരം: സ്വമ്മിംഗ് പൂള്‍ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരെ ഉണ്ടായ ആക്രമണം ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയെന്ന് ആരോപണം ഉയര്‍ന്നതോടെ പോലീസില്‍ വിഴുപ്പലക്കല്‍ തുടങ്ങി. ഇന്റലിജന്‍സിന്റെ വീഴ്ചയാണെന്ന് ക്രമസമാധാനവിഭാഗം ആരോപിക്കുമ്പോള്‍ ജില്ലാപോലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തുണ്ടായിരുന്നിട്ടും സുരക്ഷാക്രമീകരണത്തില്‍ വീഴ്ച ഉണ്ടായതായി ഇന്റലിജന്‍സ് വിഭാഗവും ആരോപിക്കുന്നു. മന്ത്രി മാണിക്കെതിരെ സിപിഎം പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ പ്രതികരണങ്ങളുണ്ടാകുക സ്വാഭാവികമാണ്.പള്ളിച്ചല്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടന്ന സ്വമ്മിംഗ്പൂള്‍ ഉദ്ഘാടനത്തില്‍ മന്ത്രി മാണി പങ്കെടുക്കുന്നതിനാല്‍ സിപിഎം പ്രതിഷേധിക്കുമെന്ന് തീര്‍ച്ചയായിരുന്നു. പളളിച്ചല്‍ ഏരിയാസെക്രട്ടറി പള്ളിച്ചല്‍ ശശിയുടെ നേതൃത്വത്തില്‍ പ്രതിഷേധവുമായി ഉദ്ഘാടനഘോഷയാത്ര കടന്നുപോകുന്ന റോഡിനുസമീപം വൈകീട്ട് നാലുമുതല്‍ മുദ്രാവാക്യങ്ങല്‍ മുഴക്കി പ്രവര്‍ത്തകര്‍ സംഘടിച്ചിരുന്നു. എന്നാല്‍ മന്ത്രി മാണിയെ പോലീസ് മറ്റൊരു റോഡിലൂടെ സുരക്ഷിതമായി ആറുമണിയോടെ ഉദ്ഘാടനവേദിയില്‍ എത്തിച്ചു. ഈ സമയമായിരുന്നു മുഖ്യമന്ത്രിയും സ്പീക്കര്‍ എന്‍.ശക്തനും മന്ത്രി മുനീറും തുറന്നജീപ്പില്‍ സിപിഎമ്മുകാര്‍ നിന്നിരുന്ന സ്ഥലത്തെത്തിയത്. ഇതോടെ മന്ത്രി മാണിക്കുനേരെ പ്രയോഗിക്കാന്‍ കരുതിവച്ചിരുന്ന മുഴുവന്‍ സാധനങ്ങളും പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്കുനേരെ വലിച്ചെറിയുകയായിരുന്നു. പ്രതിഷേധം ഉണ്ടാകുമെന്ന് അറിഞ്ഞ് മുഖ്യമന്ത്രിയുടെ കമാന്റോകള്‍ ജീപ്പില്‍ കയറി മുഖ്യമന്ത്രിക്കു ചുറ്റും നിന്നതിനാല്‍ വലിച്ചെറിഞ്ഞവ മുഖ്യമന്ത്രിയുടെ ദേഹത്ത് പതിച്ചില്ല. ജില്ലാപോലീസ് മേധാവി ഷെഫീന്‍ അഹമ്മദും സ്ഥലത്ത് എത്തിയിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുരേഷ്‌കുമാറിന്റെ  നേതൃത്വത്തില്‍ നാലു സിഐമാര്‍ക്കായിരുന്നു ക്രമസമാധാന പരിപാലനം. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി മാണി ഇല്ലാത്തതിനാല്‍ അക്രമം ഉണ്ടാകില്ലെന്ന് കരുതിയ പോലീസ് തീരുമാനത്തിലെ വീഴ്ചയാണ് ഇന്റലിജന്‍സ് വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. പ്രതിഷേധം ഉള്ളതിനാല്‍ തുറന്ന ജീപ്പില്‍ മുഖ്യമന്ത്രിയെ ഉദ്ഘാടനവേദിയിലേക്ക് ആനയിക്കരുതെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ക്രമസമാധാനവിഭാഗം കാര്യമാക്കിയില്ലെന്നാണ് ഇന്റലിജന്‍സ് ആരോപിക്കുന്നത്. എന്നാല്‍ പള്ളിച്ചല്‍ പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ബന്ധം മൂലമാണ് തുറന്ന ജീപ്പില്‍ മുഖ്യമന്ത്രിയെ കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു. ആഭ്യന്തരവിഭാഗത്തിനു വീഴ്ചപറ്റിയിട്ടില്ലെന്നാണ് മന്ത്രി രമേശ് ചെന്നിത്തലയുടെ പ്രതികരണവും. പോലീസ് നിര്‍ദ്ദേശങ്ങള്‍ സ്ഥലത്തെ പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചുവെന്നും ചെന്നിത്തല ആരോപിച്ചു. എ വിഭാഗത്തിനു ആധിപത്യമുള്ള പള്ളിച്ചല്‍ പഞ്ചായത്ത് ഭരണസമിതിയുടെ പരിപാടിയില്‍ ഐ വിഭാഗം ഇന്നലെ പങ്കെടുത്തിരുന്നുമില്ല. സുരക്ഷാവിഭാഗം ഐജി ബല്‍റാം കുമാര്‍ ഉപാധ്യായ ആണ് പോലീസ് വീഴ്ചയെക്കുറിച്ച് അന്വേഷണം നടത്തുന്നത്. അക്രമം പകര്‍ത്തിയ ദ്യശ്യമാധ്യങ്ങളുടെ പകര്‍പ്പുകള്‍ അന്വേഷണവിഭാഗം ശേഖരിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.