രാജ്യസഭയില്‍ ഇന്നലെ

Friday 24 July 2015 10:03 pm IST

ഭാരതവും റഷ്യയും ബഹിരാകാശ സഹകരണത്തിന് ന്യൂദല്‍ഹി: ബഹിരാകാശ ഗവേഷണ രംഗത്ത് ഭാരതവും റഷ്യയും സംയുക്ത പരിപാടികള്‍ ഏറ്റെടുക്കും. ബഹിരാകാശം സമാധാനപരമായ ആവശ്യത്തിന് വിനിയോഗിക്കുന്നതിന് പുറമെ പര്യവേഷണത്തില്‍ സഹകരണം ഉറപ്പാക്കുന്ന പുതിയ ഉടമ്പടിയില്‍ ഐഎസ്ആര്‍ഒയും റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയായ റോസ്‌കോസ്‌മോസും ഒപ്പുവെച്ചു. എന്നാല്‍ ധാരണാപത്രപ്രകാരം ബഹിരാകാശ സാങ്കേതിക വിദ്യയുടെ കൈമാറ്റം ഉണ്ടാവില്ലെന്ന് ബഹിരാകാശ വകുപ്പിന്റെ ചുമതല വഹിക്കുന്ന കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയെ അറിയിച്ചു. സാര്‍ക്ക് ഉപഗ്രഹ വിക്ഷേപണത്തിന്റെ ചെലവ് 235 കോടി സാര്‍ക്ക് മേഖലയ്ക്കായി ഒരു ഉപഗ്രഹം വിക്ഷേപിക്കാന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒയ്ക്ക് പദ്ധതിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. 12 കെയു ബാന്റ് ട്രാന്‍സ്‌പോണ്ടറുകള്‍ അടങ്ങുന്ന ഈ ഉപഗ്രഹം ജിഎസ്എല്‍വി മാര്‍ക്ക്-2 ഉപഗ്രഹ വിക്ഷേപണ വാഹനം ഉപയോഗിച്ചാകും ബഹിരാകാശത്ത് എത്തിക്കുകയെന്ന് ബഹിരാകാശ വകുപ്പിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി ഡോ.ജിതേന്ദ്ര സിങ് രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചു. ഉപഗ്രഹത്തിന്റെ നിര്‍മ്മാണച്ചെലവായ 235 കോടി രൂപ ഭാരതം വഹിക്കും. വിവിധ വാര്‍ത്താവിനിമയ, പ്രക്ഷേപണ ആവശ്യങ്ങള്‍, ടെലിവിഷന്‍, ഡിടിഎച്ച്, ടെലി എഡ്യൂക്കേഷന്‍, ടെലി മെഡിസിന്‍, ദുരന്ത നിവാരണം തുടങ്ങിയ സേവനങ്ങള്‍ ഈ ഉപഗ്രഹം വഴി ലഭ്യമാകും. എല്‍ടിസി: 65 ദിവസം മുമ്പേ മുന്‍കൂര്‍ തുക വാങ്ങാം അവധി യാത്രാ ആനുകൂല്യം (എല്‍ടിസി) സൗകര്യം പ്രയോജനപ്പെടുത്താനാഗ്രഹിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യാത്രയ്ക്ക് 65 ദിവസം മുമ്പുതന്നെ മുന്‍കൂര്‍ തുക കൈപ്പറ്റാമെന്ന് പഴ്‌സണല്‍കാര്യ സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ് രാജ്യസഭയില്‍ രേഖാമൂലം വ്യക്തമാക്കി. നിലവില്‍ ട്രെയിന്‍ യാത്രയ്ക്ക് മുന്‍കൂറായി 120 ദിവസം മുമ്പുവരെ ബുക്ക് ചെയ്യാന്‍ റെയില്‍വേ സൗകര്യമൊരുക്കിയിട്ടുണ്ട്. പ്രതിവര്‍ഷം കാണാതാകുന്നത് ഒരു ലക്ഷത്തോളം കുട്ടികളെ: മന്ത്രി ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ രേഖകള്‍ പ്രകാരം 2011 മുതല്‍ രാജ്യത്ത് ഓരോ വര്‍ഷവും ശരാശരി ഒരു ലക്ഷത്തോളം കുട്ടികളെ കാണാതാകുന്നതായി കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രി മനേകാ ഗാന്ധി രാജ്യസഭയെ അറിയിച്ചു.2011-ല്‍ 90,654 കുട്ടികളെ കാണാതായി. ഇതില്‍ 34,406 കുട്ടികളെ ഇതുവരെ  കണ്ടെത്താനായിട്ടില്ല. 2012-ല്‍ 65,038 കുട്ടികള്‍ കാണാതായപ്പോള്‍ 26,896 കുട്ടികളെയും, 2013-ല്‍ 77,721 കുട്ടികളെ കാണാതായപ്പോള്‍ 41,089 കുട്ടികളെയും, 2014-ല്‍ 73,549 കുട്ടികളെ കാണാതായപ്പോള്‍, 31,711 പേരെയും കണ്ടുപിടിക്കാനായില്ല.  2015-ല്‍ ഏപ്രില്‍ മാസം വരെ 15,988 കുട്ടികളെയാണ് കാണാതായത്.  ഇവരില്‍ 6,921 പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് കേന്ദ്രമന്ത്രി മനേകാ ഗാന്ധി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.