വകുപ്പുകളുടെ അനാസ്ഥ; ആര്‍ ബ്ലോക്കിലെ കര്‍ഷകര്‍ ദുരിതത്തില്‍

Saturday 20 May 2017 1:56 pm IST

കോട്ടയം: കുട്ടനാട് ആര്‍ ബ്ലോക്കിലെ കൃഷി വിസ്മൃതിയിലാകുമെന്ന് ആശങ്ക. വൈദ്യുതി ക്ഷാമം മൂലം മോട്ടോര്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതും കൃഷിയുടെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന പദ്ധതികള്‍ യഥാസമയം നടപ്പാക്കാത്തതും കര്‍ഷകരെ കൃഷിയില്‍ നിന്നും അകറ്റുന്നു. ആര്‍ ബ്ലോക്കില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന വെള്ളപ്പൊക്ക ഭീഷണിയും കര്‍ഷകരെ ആശങ്കാകുലരാക്കുന്നു. സ്ഥിരമായി ഉണ്ടാവുന്ന വെള്ളപ്പൊക്കം അതീജിവിക്കാന്‍ കഴിയാതെ വന്നതാണ് ആര്‍ ബ്ലോക്കിലെ കൃഷിയെ തകര്‍ത്തത്. വെള്ളം പമ്പ് ചെയ്തു കളഞ്ഞിരുന്ന മോട്ടോര്‍ പമ്പു സെറ്റുകള്‍ക്ക് 47 വര്‍ഷത്തെ പഴക്കമുണ്ട്. ഇവയില്‍ ഭൂരിഭാഗവും പ്രവര്‍ത്തന ക്ഷമമല്ല. മഴക്കാലമായാല്‍ വൈദ്യുതി മുടക്കവും പതിവാണ്. അതിനാല്‍ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം വറ്റിക്കാന്‍ സാധിക്കാത്തത് കൃഷി നശിക്കാന്‍ ഇടയാക്കുന്നു. നെല്ല്, തെങ്ങ്, വാനില, വാഴ, കൊക്കോ, കമുക്, കുരുമുളക് തുടങ്ങിയവ കൃഷിയാണ് കായലിന് നടുവിലെ ആര്‍ ബ്ലോക്കില്‍ പ്രധാനമായുള്ളത്. ഇതുകൂടാതെ കന്നുകാലി വളര്‍ത്തലും മത്സ്യ കൃഷിയും കര്‍ഷകര്‍ക്ക് ആശ്രയമായിരുന്നു. എന്നാല്‍ ഇന്ന് ഇവയെല്ലാം പൂര്‍ണ്ണമായും തകര്‍ച്ചയുടെ വക്കിലാണ്. വൈദ്യുതി ബോര്‍ഡിന്റെ അനാസ്ഥയ്ക്കു പുറമേ കൃഷി വകുപ്പിന്റെ അനാസ്ഥയും കര്‍ഷകരെ ദുരിതത്തിലാക്കി. വൈദ്യുതി നിരന്തരം മുടങ്ങുന്നത് പമ്പിംങ് തടസപ്പെടുകയും കൃഷിഭൂമിയില്‍ ജലനിരപ്പ് ഉയരാന്‍ കാരണമാവുകയും ചെയ്തു. കൃഷി നശിക്കുന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടാവുന്നത്. വൈദ്യുതി ലൈനില്‍ കൃത്യമായ പരിശോധനയും അറ്റകുറ്റപണികളും നടത്താത്തതിനാല്‍ ഇവിടുത്തെ വൈദ്യുതി തൂണുകളില്‍ ഭൂരിഭാഗവും പഴകി ദ്രവിച്ച് നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വൈദ്യുതി ലഭിച്ചാല്‍ തന്നെ വോള്‍ട്ടേജ് ക്ഷാമം മൂലം മോട്ടോര്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാനും കഴിയുന്നില്ല. 25,000 ഏക്കറിലേറെ വരുന്ന കായല്‍ നിലങ്ങള്‍ക്ക് മതിയായ രീതിയില്‍ വൈദ്യുതി എത്തിക്കാന്‍ സംവിധാനം ഒരുക്കണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്. ഇവിടെ സബ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ മുരിക്കന്‍ കെ.എസ്.ഇ.ബിക്ക് അഞ്ചേക്കര്‍ ഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പേ വിട്ടു നല്‍കിയിരുന്നു. എന്നാല്‍ യാത്രാ സൗകര്യം കുറവായ പ്രദേശത്ത് സബ് സ്‌റ്റേഷന്‍ സ്ഥാപിക്കുക പ്രായോഗികമല്ലെന്ന കാരണം പറഞ്ഞ് സബ്‌സ്റ്റേഷന്‍ സ്ഥാപിക്കല്‍ നീട്ടിക്കൊണ്ടുപോവുകയാണ്. സബ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിന് തടസം ഉണ്ടെങ്കില്‍ കുമരകം കൊഞ്ചു മടയില്‍ സബ് സ്‌റ്റേഷന്‍ സ്ഥാപിച്ചാലും പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.