സ്വകാര്യമേഖലയിലെ തൊഴില്‍ ചൂഷണം തടയാന്‍ കേവല വേതന ബില്‍

Friday 24 July 2015 10:54 pm IST

തിരുവനന്തപുരം: സ്വകാര്യ-സ്വാശ്രയ മേഖലകളിലെ തൊഴില്‍ ചൂഷണം തടയുന്നതിനും മിനിമം വേതനം ഉറപ്പാക്കുന്നതിനും സര്‍ക്കാര്‍ കേവല വേതന ബില്‍ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബിജോണ്‍.സ്വകാര്യആശുപത്രികള്‍, കോളേജുകള്‍ എന്നിവിടങ്ങളിലെ ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ട് വഴി കൃത്യമായി ലഭിക്കുമെന്ന് ബില്ലിലൂടെ ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാരംഭഘട്ടത്തില്‍ ഏഴു തൊഴില്‍ മേഖലകളാണ് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നിരീക്ഷണവിധേയമാക്കുന്നത്. ലേബര്‍ ഓഫീസര്‍മാര്‍ക്ക് തൊഴില്‍സ്ഥാപനങ്ങളില്‍ പോകാതെ തന്നെ ശമ്പളസംബന്ധമായ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ പരിശോധിക്കാനാകും. 79 ലക്ഷം തൊഴിലാളികള്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്ക്. എല്ലാവരുടെയും വിവരങ്ങള്‍ ഓണ്‍ലൈനാക്കാനുള്ള സെര്‍വര്‍ കപ്പാസറ്റി ഇല്ല. സ്വകാര്യആശുപത്രികളെ സംബന്ധിച്ചാണ് ഏറ്റവും കൂടുതല്‍ പരാതി വരുന്നത്. നിയമം നടപ്പാക്കുന്നതിന് തൊഴില്‍ ഉടമകളുടെ ഭാഗത്തു നിന്ന് ശക്തമായ എതിര്‍പ്പുണ്ട്. തൊഴില്‍ മേഖലകളിലെ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് തൊഴിലാളി സംഘടനകളുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും മന്ത്രി വ്യക്താമാക്കി. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി വനിതാകമ്മീഷന്റെയും വനിതാ സംഘടനകളുടെയും റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നില്ല. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ തലങ്ങളില്‍ മോണിറ്ററിംഗ് കമ്മറ്റികള്‍ രൂപീകരിക്കും. കര്‍ഷകതൊഴിലാളി പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാനപരിധി വര്‍ധിപ്പിക്കുന്ന കാര്യം പരിഗണനയിലാണ്. 2014 ഡിസംബര്‍വരെയുള്ള പെന്‍ഷന്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.