അങ്കാറ: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ക്കെതിരേ ആക്രമണത്തിന് ഇന്സിറിലിക് വ്യോമത്താവളം ഉപയോഗിക്കാന്‍ യുഎസിന് തുര്‍ക്കിയുടെ അനുമതി. സിറിയന്‍ അതിര്‍ത്തിയിലുള്ള വ്യോമത്താവളം ഉപയോഗിക്കുന്നതിന് തുര്‍ക്കി പ്രസിഡന്റ് തായിപ് എര്ദൊഗാന് അനുമതി നല്‍കിയതായി യുഎസ് പ്രതിരോധ വകുപ്പ്.
തുര്‍ക്കിക്കു നേരെ ഐഎസ് ആക്രമണം കടുപ്പിച്ചതോടെയാണ് മാസങ്ങളായുള്ള യുഎസിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടത്. അതേസമയം, ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ യുഎസ് തയാറായില്ല. തുര്‍ക്കി റിപ്പോര്‍ട്ടുകളോട് പ്രതികരിച്ചിട്ടില്ല.
സിറിയയുമായി 900 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു തുര്‍ക്കി. ഇന്സിറിലിക് ഉപയോഗിക്കുന്നതോടെ ഐഎസ് കേന്ദ്രങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായി ആക്രമണം സംഘടിപ്പിക്കാനാകുമെന്നാണ് യുഎസിന്റെ പ്രതീക്ഷ.
തിങ്കളാഴ്ച സുറുക്കിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടിരുന്നു. പിന്നില്‍ ഐഎസ് എന്ന് ആരോപണം. സദ്ദാം ഹുസൈനെതിരെയുള്ള യുദ്ധത്തിലും ഇതേ വ്യോമത്താവളം യുഎസ് ഉപയോഗിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: